മധുര: ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ച 19 വയസ്സുകാരിക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. മീനമ്പൽപുരത്തെ കോളേജ് വിദ്യാർഥിനിയായ കലയരസി (19) ആണ് 'വെങ്ങാരം' എന്നറിയപ്പെടുന്ന ബോറാക്സ് കഴിച്ചതിനെ തുടർന്ന് മരിച്ചത്. സംഭവത്തിൽ പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സാധിക്കുമെന്ന് അവകാശപ്പെടുന്ന യൂട്യൂബ് വീഡിയോ കണ്ടതിന് ശേഷം ജനുവരി 16-നാണ് കലയരസി ഒരു മരുന്നുകടയിൽ നിന്ന് വെങ്ങാരം വാങ്ങിയത്. പിറ്റേദിവസം രാവിലെ ഇത് കഴിച്ചതിനെ തുടർന്ന് കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. ആരോഗ്യനില ഗുരുതരമായതോടെ വീട്ടുകാർ ഉടൻ തന്നെ പെൺകുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ജനുവരി 16-ന് വൈകുന്നേരത്തോടെ കലയരസിയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയായിരുന്നു. തുടർന്ന് സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.