കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പാളം തെറ്റി ട്രെയിൻ അപകടം. സെക്കന്തരാബാദ്-ഷാലിമർ സൂപ്പർഫാസ്റ്റ് വീക്ക്‌ലി എക്‌സ്‌പ്രസിൻ്റെ (22850) മൂന്ന് കോച്ചുകൾക്കാണ് പാളം തെറ്റിയത്. പുലർച്ചെ 5:31ഓടെയാണ് പാസഞ്ചർ പാഴ്‌സൽ വാൻ കോച്ചുകൾക്ക് പാളം തെറ്റിയത്. ഖരഗ്പൂർ ഡിവിഷനിലെ നാൽപൂർ സ്റ്റേഷൻ കടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി യാത്രക്കാരെ പാളം തെറ്റിയ കോച്ചുകളിൽ നിന്നും മാറ്റി. അപകടത്തിൽ ആളപായമില്ല.

പാളം തെറ്റിയ മൂന്ന് കോച്ചുകളിൽ ഒന്ന് പാഴ്‌സൽ വാനും രണ്ടെണ്ണം പാസഞ്ചർ കോച്ചുകളുമാണ്. അപകടം നടന്നതിനെ തുടർന്ന് സാന്ത്രാഗച്ചി, ഖരഗ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള റിലീഫ് ട്രെയിനുകളും മെഡിക്കൽ റിലീഫ് ട്രെയിനുകളും സംഭവ സ്ഥലത്തെത്തി. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. ഇതിനായി ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.

റയിൽ ഗതാഗതം പൂർവ സ്ഥിതിയിലാക്കാൻ അപകട മേഖലയിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. അപകടത്തിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും, ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും റെയിൽവേ അറിയിച്ചു. രണ്ട് യാത്രക്കാർക്ക് നിസാര പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടിലും അസമിലും സമാനമായ സംഭവങ്ങൾ ഉണ്ടായിരുന്നു.