മീററ്റ്: മിണ്ടാപ്രാണികളോട് കൊടുംക്രൂരത കാട്ടിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നായ് കുഞ്ഞുങ്ങളുടെ കുരച്ചിൽ ശല്യമായി കിടന്നുറങ്ങാൻ പോലും സാധിച്ചില്ല. പിന്നാലെ കുരച്ച് ബഹളമുണ്ടാക്കിയ നായ്ക്കുട്ടികളെ ജീവനോടെ ചുട്ടുകൊന്ന് രണ്ട് യുവതികൾ. ഇവരൊക്കെ മനുഷ്യരാണോ എന്ന് നാട്ടുകാർ വിമർശിച്ചു.

ഉത്തർ പ്രദേശിലെ മീററ്റിലെ കൻകെർഖേദയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഒടുവിൽ നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശോഭ, ആരതി എന്നീ യുവതികൾക്കെതിരെ പോലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

വീടിന് അടുത്തുള്ള റോഡിലുണ്ടായ തെരുവ് നായ് കുഞ്ഞുങ്ങളുടെ ബഹളത്തിൽ ദേഷ്യപ്പെട്ട് യുവതികൾ ഇവയുടെ മേലേയ്ക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അനിമൽ കെയർ സൊസൈറ്റി ജനറൽ സെക്രട്ടറി അൻഷുമാലി വസിഷ്ട് സംഭവത്തിൽ പോലീസിന് പരാതി നൽകിയിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ യുവതികളെ ചോദ്യം ചെയ്തെങ്കിലും ഇവർ മറുപടി ഒന്നും നൽകാതെ മുങ്ങാൻ ശ്രമിക്കുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധിച്ചതിന് പിന്നാലെ കത്തിക്കരിഞ്ഞ നായ്ക്കുട്ടികളെ നാട്ടുകാരാണ് ഒടുവിൽ മറവ് ചെയ്തത്. സംഭവം വളരെ ദുഃഖിപ്പിക്കുന്നതെന്ന് നാട്ടുകാരും മൃഗസ്നേഹികളും പറയുന്നു.