ന്യൂഡല്‍ഹി: രാജ്യത്ത് യുവാക്കളില്‍ വര്‍ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗം ശൂന്യവേളയില്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച് ശിവദാസന്‍ എംപി. രാജ്യത്ത് മയക്കുമരുന്നുകളുടെ സ്വാധീനം വര്‍ധിച്ചുവരുന്ന വേദനാജനകമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മയക്കുമരുന്നുകളുടെ വാഹകരില്‍ ഭൂരിഭാഗവും മുപ്പതില്‍ താഴെ പ്രായമുള്ള യുവാക്കളാണെന്നു വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. നിരവധി വിദ്യാര്‍ഥികളും തൊഴില്‍രഹിതരായ യുവാക്കളുമാണ് മയക്കുമരുന്ന് മാഫിയയുടെ ഇരകളെന്നും ശിവദാസന്‍ പറഞ്ഞു.

എംഡിഎംഎ പോലുള്ള സിന്തറ്റിക് മയക്ക് മരുന്നുകളുടെ ഉപയോഗം വര്‍ധിച്ചുവരികയാണ്. സാധാരണയായി, ആ വ്യക്തി അത് ഉപയോഗിക്കുന്നുണ്ടെന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിയില്ല. എന്നാല്‍ ഇത് വേഗത്തിലുള്ള ആസക്തിയിലേക്ക് നയിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളില്‍ വ്യക്തിയെ ഉള്ളില്‍ നിന്ന് നശിപ്പിക്കുകയും ചെയ്യുന്നു.

വളരെ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്കും പെരുമാറ്റ വ്യതിയാനങ്ങള്‍ക്കും കാരണമാകുന്നുണ്ട്. വിഷാദം, ഉത്കണ്ഠ, ആക്രമണോത്സുകത എന്നിവയ്ക്ക് കാരണമാകുന്നു. ശാരീരിക ആരോഗ്യത്തെയും നശിപ്പിക്കുന്നു. കാര്‍ഡിയോജനിക് ഷോക്ക്, തലച്ചോറിലെ രക്തസ്രാവം, വൃക്ക തകരാറ്, വേഗത്തിലുള്ള പേശി നഷ്ടം, സ്‌ട്രോക്ക്, പല്ലുകള്‍ നഷ്ടപ്പെടല്‍ എന്നിവയ്ക്ക് കാരണമാകുന്നു.ഇത് വ്യക്തിയെയും രാജ്യത്തെയും നശിപ്പിക്കുകയാണ് വി ശിവദാസന്‍ പറഞ്ഞു.

ഉന്നതരാഷ്ട്രീയ നേതൃത്വവുമായും ഉദ്യോഗസ്ഥ വൃന്ദവുമായും ഏറ്റവും അടുത്ത ബന്ധമുള്ളവരാണ് മയക്കുമരുന്ന് മാഫിയ. അവര്‍ക്ക് നീതിന്യായ വ്യവസ്ഥയെയും സ്വാധീനിക്കാന്‍ കഴിയും. ഇന്ത്യയില്‍, മയക്കുമരുന്ന് ഇടപാടുകാരില്‍ വളരെ ചെറിയൊരു ശതമാനം മാത്രമേ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പോലുള്ള ഔദ്യോഗിക ഏജന്‍സികള്‍ അറസ്റ്റ് ചെയ്യുന്നുള്ളൂ. കോടിക്കണക്കിനു രൂപയാണ് മയക്കുമരുന്നു മാഫിയകള്‍ ഒഴുക്കുന്നത്. ഈ മാഫിയയും രാഷ്ട്രീയ രക്ഷാധികാരികളും തമ്മിലുള്ള അവരുടെ ബന്ധം ഒരിക്കലും പുറത്തുവരുന്നില്ല. അവര്‍ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നു.

നമ്മുടെ തുറമുഖങ്ങളാണ് മയക്കുമരുന്നിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്ന പ്രധാന കേന്ദ്രങ്ങള്‍. ഇതില്‍ ഒരു ശതമാനം പോലും പിടിക്കപ്പെടുന്നില്ല. ഗുജറാത്തിലെ മുന്ദ്ര പോലുള്ള ചില തുറമുഖങ്ങളില്‍, ചരക്ക് സമഗ്രമായി പരിശോധിക്കണമോ എന്ന് തീരുമാനിക്കാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വെറും നാല് മിനിറ്റ് മാത്രമാണ് ലഭിക്കുന്നത്. പരിശോധന കുറവാണെങ്കില്‍ കൂടുതല്‍ ബിസിനസ് ലഭിക്കുമെന്നാണ് ചില സ്വകാര്യ തുറമുഖ ഉടമകള്‍ കരുതുന്നത്. കസ്റ്റംസ് അടക്കമുള്ള കേന്ദ്ര ഏജന്‍സികളിലൊക്കെ തന്നെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.

ഈ പ്രശ്‌നത്തിന് സമഗ്രമായ പരിഹാരമാണ് ആവശ്യം എന്ന് ശിവദാസന്‍ അഭിപ്രായപ്പെട്ടു. അഭ്യസ്ത വിദ്യരായ യുവാക്കള്‍ക്ക് തൊഴിലും ജീവിതസുരക്ഷയും ഉറപ്പ് വരുത്തണം. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസുരക്ഷാ എന്നിവ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും വി ശിവദാസന്‍ ആവശ്യപ്പെട്ടു.