അഹമ്മദാബാദ്/മുംബൈ : അഹമ്മദാബാദ്-മുംബൈ വന്ദേ ഭാരത് എക്സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയ സംഭവത്തില്‍ കാറ്ററിങ് കമ്പനിക്ക് പത്തുലക്ഷം രൂപ പിഴ ചുമത്തി റെയില്‍വേ. മുംബൈ സ്വദേശിയായ യാത്രക്കാരന്‍ എക്സില്‍ പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളും വൈറലായതോടെയാണ് നടപടി സ്വീകരിച്ചത്. അഹമ്മദാബാദില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ലഭിച്ച ദാല്‍-ചാവല്‍ ഭക്ഷണപ്പൊതിയിലാണ് പാറ്റയെ കണ്ടെത്തിയത്.

തന്റെ കോച്ചിലെ മറ്റ് രണ്ട് യാത്രക്കാര്‍ക്കും സമാനമായ അനുഭവം ഉണ്ടായതായും ഇതോടെ എല്ലാവരും ഭക്ഷണം കഴിക്കുന്നത് നിര്‍ത്തിയതായും യാത്രക്കാരന്‍ വ്യക്തമാക്കി. ആര്‍കെ ഗ്രൂപ്പിന്റെ കീഴിലുള്ള എം/എസ് ബ്രന്ദാവന്‍ ഫുഡ് പ്രൊഡക്ട്സ് ആണ് ട്രെയിനില്‍ ഭക്ഷണ വിതരണം നടത്തിയത്. എഫ്എസ്എസ്എഐ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഭക്ഷണം തയ്യാറാക്കുന്നതെന്നും വെണ്ടറുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യാത്രക്കാരന്‍ റെയില്‍വേ അധികൃതരെ ടാഗ് ചെയ്തു.

പരാതി ഗൗരവമായി എടുത്ത ഐആര്‍സിടിസി കാറ്ററിങ് കമ്പനിക്ക് പത്തുലക്ഷം രൂപ പിഴ ചുമത്തി. കരാര്‍ റദ്ദാക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്തു. കൂടാതെ, ഭക്ഷണം തയ്യാറാക്കുന്ന കിച്ചണ്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട അധികൃതര്‍ അവിടെ ശാസ്ത്രീയമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും നിര്‍ദ്ദേശിച്ചു.

മുന്‍പും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. മാര്‍ച്ച് 27ന് വാരണാസി മുതല്‍ ദിയോഗര്‍ വരെ സര്‍വീസ് നടത്തിയ ട്രെയിന്‍ നമ്പര്‍ 22500ലെ ഋ1 കോച്ചില്‍ യാത്ര ചെയ്ത അയുഷി എന്ന യുവതിക്കും മകനും ഭക്ഷണത്തില്‍ നിന്ന് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ട്രെയിനിലെ ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് തനിക്ക് ഗുരുതരമായ അലര്‍ജിയും മകന് വയറിളക്കവും ബാധിച്ചു. ട്രെയിനില്‍ നല്‍കിയ വെള്ളത്തിന് അസ്വാഭാവിക രുചിയുണ്ടായിരുന്നതായും പരാതിപ്പെട്ടപ്പോള്‍ ജീവനക്കാര്‍ മോശമായാണ് പെരുമാറിയതെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഡോക്ടറുടെ കുറിപ്പടി ഉള്‍പ്പെടെ പങ്കുവെച്ചായിരുന്നു അയുഷി തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്.