- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിനിൽ കുടിവെള്ളം വയ്ക്കുന്നതിനേ ചൊല്ലി തർക്കം; പിന്നാലെ തല്ലുമാല വൈബ്; പരസ്പ്പരം ഇടിച്ചു തീർത്ത് വന്ദേഭാരത് ജീവനക്കാർ; പിഴ ചുമത്തി അധികൃതർ
ഡൽഹി: ട്രെയിനിൽ കുടിവെള്ളം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം വന്ദേഭാരത് ട്രെയിനിലെ ജീവനക്കാർ തമ്മിൽ കയ്യാങ്കളിയിലേക്ക് നീങ്ങിയ സംഭവത്തിൽ റെയിൽവേ ജീവനക്കാർക്ക് 5 ലക്ഷം രൂപ പിഴ. ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലാണ് വെള്ളിയാഴ്ച പുലർച്ചെ നാടകീയ സംഭവം അരങ്ങേറിയത്. ഖജുരാഹോ-ഡൽഹി റൂട്ടിലോടുന്ന വന്ദേഭാരത് ട്രെയിനിലെ പാൻട്രി ജീവനക്കാർക്കിടയിലാണ് വാക്കേറ്റം അടിപിടിയിലേക്ക് മാറിയത്.
പുലർച്ചെ ട്രെയിനിലേക്ക് കുടിവെള്ളം കയറ്റുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായത്. ഇരുവരും പരസ്പരം ചവറ്റുകൂനകളും, വടികളും, ചെരുപ്പും, ബെൽറ്റും ഉപയോഗിച്ച് ആക്രമിച്ചതായി ദൃശ്യങ്ങളിൽ കാണാം. പ്ലാറ്റ്ഫോമിൽ നടന്ന ഈ സംഘർഷം യാത്രക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ റെയിൽവേ അധികൃതർ വിഷയത്തിൽ ഇടപെട്ടു.
ആദ്യം ആരും പരാതി നൽകിയിട്ടില്ലെന്ന് റെയിൽവേ പോലീസ് അറിയിച്ചെങ്കിലും, വീഡിയോ വൈറലായതിനെത്തുടർന്ന് പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തർക്കത്തിലേർപ്പെട്ട നാല് ജീവനക്കാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഇവരുടെ ഐഡി കാർഡുകൾ മരവിപ്പിക്കുകയും, ജോലിയിൽ നിന്ന് പിരിച്ചുവിടാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.