കൊച്ചി: രാജ്യത്തിന്റെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് കേരളത്തിലേക്ക് എത്തും. ഉച്ച കഴിഞ്ഞ് നാവികസേനാ വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം കൊച്ചിയിലാണ് ആദ്യ ദിവസം തങ്ങുക. ഭാര്യ ഡോ. സുദേഷ് ധന്‍കറും അദ്ദേഹത്തിനൊപ്പം എത്തുന്നുണ്ട്. നാളെ രാവിലെ തൃശൂരിലെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം കളമശേരിയിലെ നാഷനല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ ചടങ്ങുകളില്‍ പങ്കെടുക്കും. രാവിലെ 10.40ന് ആരംഭിക്കുന്ന പരിപാടിയില്‍ വിദ്യാര്‍ഥികളുമായി സംവാദവും അധ്യാപകരുമായി കൂടിയാലോചനയും ഉണ്ടായിരിക്കും.

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി കൊച്ചി നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഉച്ചക്ക് 2 മുതല്‍ നേവല്‍ ബേസ്, എം.ജി റോഡ്, ഹൈക്കോടതി, ബോള്‍ഗാട്ടി ഭാഗങ്ങളിലായി വാഹനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കുന്നതായിരിക്കും. രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ദേശീയപാത 544, കളമശേരി എസ്സിഎംഎസ്എച്ച്.എം.ടി, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, തോഷിബ ജംഗ്ഷന്‍, മെഡിക്കല്‍ കോളജ് റോഡ്, നുവാല്‍സ് കോളജ് പരിസരം തുടങ്ങിയ സ്ഥലങ്ങളിലായും ഗതാഗത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. ജനങ്ങള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുകയും ഗതാഗത സൌകര്യങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുകയും ചെയ്യണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.