ന്യൂഡല്‍ഹി: കരൂര്‍ ദുരന്തത്തില്‍ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്യെ വീണ്ടും ചോദ്യം ചെയ്ത് സിബിഐ. സംഭവത്തില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ഏഴുമണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം വിജയ്യെ വിട്ടയച്ചു. കേസില്‍ മൂന്നാം തവണയാണ് നടനെ സിബിഐ ചോദ്യം ചെയ്യുന്നത്.

സിബിഐ ആസ്ഥാനത്തുനിന്ന് മടങ്ങുമ്പോള്‍ താരത്തെ കാണാന്‍ നിരവധിപ്പേരാണ് റോഡില്‍ തടിച്ചു കൂടിയത്. കാറിന്റെ സണ്‍റൂഫ് വഴി ആരാധകരെ കൈവീശി അഭിവാദ്യം ചെയ്താണ് വിജയ് മടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് കരൂര്‍ എംഎല്‍എ സെന്തില്‍ ബാലാജിയോട് മാര്‍ച്ച് 17-ന് ചോദ്യംചെയ്യലിന് ഹാജരാവാന്‍ സിബിഐ നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27 നാണ് കരൂരില്‍ ടിവികെ സംഘടിപ്പിച്ച പൊതുയോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ കൊല്ലപ്പെട്ടത്. പിന്നാലെ സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നും കേസ് സിബിഐ ഏറ്റെടുത്തിരുന്നു.