ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളില്‍ കേസുകളുടെ വിവരങ്ങളുമായി ബന്ധപ്പെട്ട് പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടനും ടി.വി.കെ നേതാവുമായ വിജയ് വിവാദത്തില്‍. പേരമ്പൂരില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിജയുടെ പേരിലുള്ള രണ്ട് ക്രിമിനല്‍ കേസുകള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് വിമര്‍ശനം.

പേരമ്പൂര്‍ മണ്ഡലത്തില്‍ വിജയ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ കേസുകളുള്ളതി?നെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍, തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തനിക്കെതിരെ തീര്‍പ്പാക്കാത്ത രണ്ടു കേസുകളുണ്ടെന്ന് വിജയ് പറയുന്നു. 2025ല്‍ പെരവല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പൊരുത്തക്കേട്.

സത്യവാങ്മൂലത്തില്‍ പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുകയാണ് മാര്‍ഗമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍നിന്നാണ് വിജയ് ജനവിധി തേടുന്നത്. അതിന്റെ ഭാഗമായി പേരമ്പൂര്‍, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളില്‍ വിജയ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. മാര്‍ച്ച് 30 നാണ് വിജയ് പേരമ്പൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.