ചെന്നൈ: തമിഴക വെട്രി കഴകം തലവനും തമിഴ് സിനിമാ ലോകത്തെ സൂപ്പര്‍താരവുമായ വിജയ് കരൂര്‍ ദുരന്തത്തിലെ ഇരകളുടെ ബന്ധുക്കളെ നാളെ നേരില്‍ കാണും. രാവിലെ ഏഴരയോടെ യോഗം ആരംഭിക്കുമെന്നാണ് വിവരം. ഇത് സ്വകാര്യ പരിപാടിയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മാമല്ലപുരത്ത് സ്വകാര്യ ഹോട്ടലിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കരൂരില്‍ അപകടത്തില്‍പെട്ട് മരിച്ചവരുടെ ബന്ധുക്കളെ ടിവികെ നേതാക്കളുടെ നേതൃത്വത്തില്‍ സ്വകാര്യ ബസുകളില്‍ ഇവിടേക്ക് എത്തിക്കും.ഓരോ കുടുംബത്തെയും വിജയ് നേരില്‍ കണ്ട് സംസാരിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം അറിയിക്കുന്നത്.

നേരത്തെ തന്നെ വിജയ് കരൂരിലെ കുടുംബങ്ങളെ കാണാന്‍ നിശ്ചയിച്ചിരുന്നെങ്കിലും പിന്നീടിതില്‍ നിന്ന് പിന്മാറിയിരുന്നു.സ്ത്രീകളും കുട്ടികളുമടക്കം 41 പേരാണ് കരൂര്‍ ദുരന്തത്തില്‍ മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

ദീപാവലിക്ക് മുന്‍പ് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസ ധനസഹായമായി 20 ലക്ഷം വീതം ടിവികെ നേതാക്കള്‍ അയച്ചുകൊടുത്തിരുന്നു.