പാരീസ്: ഒളിമ്പിക്സിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ വിനേഷ് ഫോഗാട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.ഈ തീരുമാനം പുനപരിശോദിക്കണമെന്നും ശക്തമായി തിരിച്ചുവരണമെന്നുമൊക്കെ അഭിപ്രായപ്പെട്ടുകൊണ്ട് നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രംഗത്ത് വരുന്നത്.ഇപ്പോഴിത വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍.വിനേഷിന്റെ ഭാഗത്ത് തെറ്റുണ്ടെന്നാണ് സൈനയുടെ വാദം.

താരത്തിന്റെ അയോഗ്യത വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു സൈന നെഹ്വാളിന്റെ വിമര്‍ശനം.വിനേഷ് ഫോഗട്ട് അനുഭവസമ്പത്തുള്ള താരമാണ്. പക്ഷേ അവരുടെ ഭാഗത്തും തെറ്റുണ്ട്. ഇത് വിനേഷിന്റെ ആദ്യ ഒളിംപിക്സല്ലെന്നും അവര്‍ കുറ്റം ഏറ്റെടുക്കണമെന്നും സൈന പറഞ്ഞു. ഈ ഫൈനല്‍ ദിനത്തില്‍ വിനേഷിന് സംഭവിച്ച പിഴവ് എന്താണെന്ന് എനിക്കറിയില്ല. നൂറ് ശതമാനം കഠിനാധ്വാനം നല്‍കുന്ന താരമാണ് വിനേഷ്.

അവരുടെ മൂന്നാം ഒളിമ്പിക്‌സാണിത്.ഒരു അത്‌ലറ്റെന്ന നിലയില്‍ എല്ലാ നിയമങ്ങളും അറിഞ്ഞിരിക്കണം.ഒളിമ്പിക്‌സ് പോലൊരു വലിയ വേദിയില്‍ അമിതഭാരം കാരണം മറ്റു ഗുസ്തി താരങ്ങള്‍ അയോഗ്യരാക്കപ്പെട്ടിട്ടുണ്ടെന്ന് ഞാന്‍ മുന്‍പ് കേട്ടിട്ടില്ലെന്നും സൈന കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെ തന്റെ എക്‌സ് പേജിലൂടെയായിരുന്നു വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 'എനിക്കെതിരായ മത്സരത്തില്‍ ഗുസ്തി ജയിച്ചു.ഞാന്‍ തോറ്റു. നിന്റെ സ്വപ്നങ്ങളും എന്റെ ധൈര്യവും തകര്‍ന്നു. എനിക്ക് ഇനി കരുത്തില്ല. ഗുഡ്ബൈ റസ്ലിംഗ് 2001 - 2024. നിങ്ങളോടെല്ലാം ഞാന്‍ എന്നും കടപ്പെട്ടിരിക്കും. ക്ഷമിക്കണം' എന്നാണ് വിനേഷ് കുറിച്ചത്.ശരീര ഭാരം നൂറ് ഗ്രാം കൂടിയതിനാല്‍ വനിതകളുടെ 50കിലോ ഫ്രീസ്റ്റൈല്‍ ഫൈനലിന് വിനേഷിനെ ഇന്നലെ അയോഗ്യയാക്കിരുന്നു. പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ചരിത്ര ഫൈനലില്‍ ഉറപ്പായിരുന്ന മെഡല്‍ വിനേഷിന് നഷ്ടമായത് കായികപ്രേമികളുടെ നെഞ്ചില്‍ താങ്ങാനാകാത്ത ഭാരമായി. ഫൈനലില്‍ അമേരിക്കന്‍ താരം സാറ ആനിനോട് തോറ്റാല്‍പ്പോലും വെള്ളിമെഡല്‍ കിട്ടുമായിരുന്ന വിനേഷിന് വെറുംകൈയോടെ മടങ്ങേണ്ടിവന്നു. ഒളിമ്പിക് ഗുസ്തി ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന ചരിത്രം കുറിച്ച വിനേഷ് ചരിത്ര മെഡല്‍ നേട്ടത്തിന്റെ വക്കിലാണ് പുറത്തായത്.