ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ കാറോടിച്ചപ്പോൾ ഹെൽമെറ്റ് ധരിക്കാത്തതിന് പോലീസ് പിഴ ചുമത്തിയതിനെ തുടർന്ന് ഹെൽമെറ്റ് ധരിച്ച് കാർ യാത്ര പതിവാക്കി യുവാവ്. ഗുൽഷൻ എന്നയാളുടെ ഈ നടപടി സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. നവംബർ 26-ന് തന്റെ ഫോർ വീലർ വാഹനമോടിക്കുമ്പോൾ ഹെൽമെറ്റ് ധരിച്ചില്ലെന്ന് കാണിച്ച് പോലീസ് തനിക്ക് 1,100 രൂപ പിഴ ചുമത്തിയെന്നാണ് ഗുൽഷൻ ആരോപിക്കുന്നത്.

താൻ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നുവെന്നും എന്നാൽ ഹെൽമെറ്റ് ധരിക്കാത്തതിനാണ് പിഴ ചുമത്തിയതെന്നും അദ്ദേഹം പറയുന്നു. നിയമം അനുസരിക്കുന്ന പൗരനാണെന്നും ഭാവിയിൽ സമാനമായ പിഴകൾ ഒഴിവാക്കുന്നതിനാണ് താൻ ഹെൽമെറ്റ് ധരിക്കുന്നത് തുടരുന്നതെന്നും അധ്യാപകനായ ഗുൽഷൻ വ്യക്തമാക്കുന്നു.

പ്രചരിക്കുന്ന വീഡിയോയിൽ, കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഹെൽമെറ്റ് ധരിച്ച് ഇരിക്കുന്ന ഗുൽഷനെ കാണാം. ഈ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. സ്വന്തം കീശയിൽ നിന്ന് പണം നഷ്ടപ്പെടുമ്പോൾ ജനങ്ങൾ ഇങ്ങനെയല്ലാതെ എങ്ങനെ പ്രതികരിക്കും എന്ന ചോദ്യങ്ങൾ ഉയർത്തി നിരവധി പേർ ഗുൽഷന് പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്.