ഡൽഹി: ലോകത്തെ ഏറ്റവും മലിനമായ നഗരം ഇന്ത്യയിലാണെന്ന് സ്വിസ് വായു ഗുണനിലവാര നിരീക്ഷണ ഏജന്‍സിയായ ഐക്യു എയറിന്റെ 2025ലെ ആഗോള വായു ഗുണനിലവാര റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള നഗരങ്ങളില്‍ വെറും 14 ശതമാനത്തിന് മാത്രമേ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന സുരക്ഷിതമായ വായു ശ്വസിക്കാന്‍ സാധിക്കുന്നുള്ളൂ. കഴിഞ്ഞ വര്‍ഷം ഇത് 17 ശതമാനമായിരുന്നു. 143 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും 9,446 നഗരങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മനുഷ്യനിര്‍മ്മിതമായ കാലാവസ്ഥാ വ്യതിയാനവും ഫോസില്‍ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗവുമാണ് വായുനില വഷളാകാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ലോകത്തെ ഏറ്റവും മലിനമായ 25 നഗരങ്ങളും ഇന്ത്യ, പാകിസ്താന്‍, ചൈന എന്നീ രാജ്യങ്ങളിലാണുള്ളത്. ഇതില്‍ മലിനീകരണത്തിന്റെ കാര്യത്തില്‍ ആദ്യ നാലില്‍ മൂന്നും ഇന്ത്യയിലാണ്. ഉത്തര്‍പ്രദേശിലെ ലോണി ആണ് ലോകത്തെ ഏറ്റവും മലിനമായ നഗരമാണ്. ഇവിടെ അന്തരീക്ഷത്തിലെ മാരകമായ പി.എം 2.5 കണികകളുടെ അളവ് ലോകാരോഗ്യ സംഘടന നിശ്ചയിച്ചിട്ടുള്ള പരിധിയേക്കാള്‍ 22 ഇരട്ടിയിലധികമാണ്. ഗതാഗതം, വ്യവസായ ശാലകള്‍, റോഡിലെ പൊടിപടലങ്ങള്‍ എന്നിവയാണ് ലോണിയെ ശ്വാസംമുട്ടിക്കുന്നത്. അന്തരീക്ഷത്തിലെ 2.5 മൈക്രോമീറ്ററില്‍ താഴെ വ്യാസമുള്ള സൂക്ഷ്മകണികകളെയാണ് പി.എം 2.5 എന്ന് വിളിക്കുന്നത്.

ഇവ ശ്വാസകോശത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും രക്തത്തില്‍ കലരാനും പ്രാപ്തിയുള്ളവയാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ഹൃദ്രോഗങ്ങള്‍, കാന്‍സര്‍ എന്നിവയ്ക്ക് ഇവ കാരണമാകുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഒരു ക്യുബിക് മീറ്റര്‍ വായുവില്‍ അഞ്ച് മൈക്രോഗ്രാമില്‍ കൂടുതല്‍ പി.എം 2.5 ഉണ്ടാകാന്‍ പാടില്ല. യൂറോപ്പില്‍ അന്‍ഡോറ, എസ്റ്റോണിയ, ഐസ്ലന്‍ഡ് എന്നീ രാജ്യങ്ങളാണ് സുരക്ഷിതമായ വായുനില നിലനിര്‍ത്തുന്നത്. കാട്ടുതീയും സഹാറ മരുഭൂമിയില്‍ നിന്നുള്ള പൊടിക്കാറ്റും സ്വിറ്റ്സര്‍ലന്‍ഡ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ വായു നിലവാരത്തെ ദോഷകരമായി ബാധിച്ചു.

അതേസമയം, പുനരുപയോഗ ഊര്‍ജ്ജത്തിലേക്ക് മാറിയ മാള്‍ട്ട വായു മലിനീകരണം കുറയ്ക്കുന്നതില്‍ വലിയ മുന്നേറ്റം നടത്തി. ദക്ഷിണാഫ്രിക്കയിലെ ന്യൂവുഡ്വില്‍ ആണ് ലോകത്ത് ഏറ്റവും കുറഞ്ഞ വായു മലിനീകരണമുള്ള പ്രദേശം. പല രാജ്യങ്ങളിലും വായു ഗുണനിലവാരം അളക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തത് വലിയ വെല്ലുവിളിയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയിലെ ട്രംപ് ഭരണകൂടം ആഗോള വായു ഗുണനിലവാര നിരീക്ഷണ പരിപാടി നിര്‍ത്തലാക്കിയതും 44 രാജ്യങ്ങളില്‍ നിരീക്ഷണ സംവിധാനങ്ങള്‍ ദുര്‍ബലമായതും വായു മലിനീകരണത്തിനെതിരെയുള്ള പോരാട്ടത്തെ ബാധിക്കുമെന്ന് ഐക്യു എയര്‍ സിഇഒ ഫ്രാങ്ക് ഹാമസ് പറഞ്ഞു.