ലക്നൗ: ദിവസേന കഴിക്കുന്ന പാനി പൂരി വായിലാക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ താടിയെല്ല് സ്ഥാനം തെറ്റി. ഉത്തർ പ്രദേശിലെ ഔറയ്യയിലാണ് സംഭവം.

ഇങ്കിലാ ദേവി എന്ന സ്ത്രീക്കാണ് ഈ ദുരനുഭവം. സാധാരണയിലും അൽപ്പം വലുപ്പമേറിയ ഒരു പാനി പൂരി വായിലാക്കാൻ ശ്രമിച്ചതാണ് താടിയെല്ല് വിട്ടുപോകാൻ കാരണമായത്. ഇതോടെ വായ പൂർണ്ണമായും തുറന്ന നിലയിലായി. കടുത്ത വേദനയെ തുടർന്ന് യുവതിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.

എന്നാൽ, താടിയെല്ല് യഥാസ്ഥാനത്തേക്ക് തിരികെ പിടിച്ചിടാൻ വൈദഗ്ധ്യമുള്ള ഡോക്ടർമാർ അവിടെ ഇല്ലാതിരുന്നതിനാൽ ഇങ്കിലാ ദേവിയെ പിന്നീട് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

താടിയെല്ലിന്റെ ഈ സ്ഥാനചലനത്തെ 'മാൻഡിബുലാർ ഡിസ്‌ലൊക്കേഷൻ' (Mandibular Dislocation) എന്നാണ് വിദഗ്ധർ വിശേഷിപ്പിക്കുന്നത്. സംസാരം, ഭക്ഷണം ചവയ്ക്കുക തുടങ്ങിയ കാര്യങ്ങൾക്കിടയിലും ഈ അവസ്ഥ ഉണ്ടാവാം. പെട്ടെന്ന് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഇത് ഗുരുതരമായേക്കാമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.