- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു യുവതി ആക്രമിച്ചു റോട്ട്വീലര് നായ്ക്കള്‍; ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം; ആസൂത്രിത ആക്രമണം ആരോപിച്ചു ബന്ധുക്കള്‍
റോട്ട്വീലർ നായകളുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം
ഗൊല്ലരഹട്ടി: മാതാപിതാക്കളുടെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന യുവതിയെ റോഡരികില്‍ വെച്ച് റോട്ട്വീലര് നായ്ക്കള്‍ കടിച്ചുകൊന്നു. കര്‍ണാടക ദാവണഗരെയിലെ ഗൊല്ലരഹട്ടിയിലാണ് സംഭവം. അനിത ഹാലേഷാണ് (38 വയസ്) നായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
രാത്രി പതിനൊന്നുമണിയോടെയായിരുന്നു നായ്ക്കളുടെ ആക്രമണം. യുവതിക്ക് നേരെ പാഞ്ഞടുത്ത നായ്ക്കള്‍ അനിതയെ കടിച്ചു. കഴുത്തിലും ഇരു തുടകളിലും ആഴത്തില്‍ മുറിവേറ്റു. ശരീരത്തില്‍ അമ്പതിലേറെ ഭാഗത്ത് മാരകമായി മുറിവേല്‍ക്കുകയും ചെയ്തു. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ നായ്ക്കളെ തുരത്തി. അനിതയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഓട്ടോറിക്ഷയില്‍ വന്ന രണ്ടു പേര് നായ്ക്കളെ റോഡരികില്‍ ഇറക്കിവിടുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. യുവതി മരിച്ചതോടെ, നാട്ടുകാരില്‍ ചിലര്‍ നായ്ക്കളെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. റോഡിലേക്ക് റോട്ട്വീലര് നായ്ക്കളെ ഇറക്കിവിട്ടവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും നായ്ക്കളെ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലുമാണ്. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് അനിതയുടെ സഹോദരന് രംഗത്തെത്തിയിട്ടുണ്ട്.




