- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകയിൽ മീൻ മോഷ്ടിച്ചെന്നാരോപിച്ച് സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദിച്ച സംഭവം; നാല് പേർ അറസ്റ്റിൽ; സംസ്ഥാനത്തെ താലിബാനാക്കി മാറ്റി; ക്രമസമാധാനം പൂർണമായും തകർന്നുവെന്നും ബിജെപി
ബെംഗളൂരു: മീൻ മോഷ്ടിച്ചെന്നാരോപിച്ച് ഉഡുപ്പിയിൽ സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദിച്ച നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക ഉഡുപ്പിയിലെ മാൽപേയിൽ ഇന്നലെയാണ് ക്രൂരമായ സംഭവമുണ്ടായത്. ലക്ഷ്മി ബായി (58), സുന്ദര (40), ശിൽപ (36) എന്നിവരെ ബുധനാഴ്ച മാൽപെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സംഭവത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഞെട്ടൽ രേഖപ്പെടുത്തി. 'മനുഷ്യത്വരഹിതം' എന്നാണ് സംഭവത്തെ കർണാടക മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
കൂടുതൽ പേർക്ക് എതിരെ കേസെടുക്കുമെന്നും സ്ത്രീയെ ആക്രമിച്ചവർ ആരൊക്കെയെന്ന് വിഡിയോ നോക്കി തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിതയിലെ 74, 115, 351, 352 വകുപ്പുകൾ പ്രകാരവും അതിക്രമങ്ങൾ തടയൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവും പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാൽപേയിലെ മത്സ്യമാർക്കറ്റിലാണ് ആക്രമണമുണ്ടായത്. മീൻ മോഷ്ടിച്ചുവെന്നാരോപിച്ച് ലക്ഷ്മിയെ മാർക്കറ്റിന് സമീപത്തുള്ള മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. കൂടി നിന്നവർ നോക്കി നിൽക്കുകയല്ലാതെ പ്രതികരിക്കാൻ കൂട്ടാക്കിയില്ല.
അതേസമയം, കർണാടകയിൽ ക്രമസമാധാനം പൂർണമായും തകർന്നുവെന്ന് ആരോപിച്ച് ബിജെപി കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കർണാടകയിൽ സമീപകാലത്തായി നടന്ന കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ബെലഗാവിയിലെ ഒരു ആക്രമണം, ഹംപിയിൽ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത സംഭവം എന്നിവയുൾപ്പെടെ ബിജെപി ഉയർത്തിക്കാട്ടി, പൊതു സുരക്ഷ ഉറപ്പാക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും എക്‌സിലൂടെ ബിജെപി ആരോപിച്ചു. 'ഇപ്പോൾ ഉഡുപ്പിയിൽ, മീൻ മോഷ്ടിച്ചുവെന്നാരോപിച്ച് ഒരു സ്ത്രീയെ തൂണിൽ കെട്ടിയിട്ട് തല്ലിച്ചതച്ചു. അതെ, മീൻ! ഈ കാര്യക്ഷമമല്ലാത്ത സർക്കാർ കർണാടകയെ താലിബാനാക്കി മാറ്റുകയാണ്' എന്നാണ് ബിജെപി എക്‌സിൽ പോസ്റ്റ് ചെയ്തത്.