ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകനൊപ്പം വിനോദസഞ്ചാരകേന്ദ്രത്തിലെത്തിയ 23കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സംഭവത്തില്‍ പ്രദേശത്ത് ഭക്ഷണ വില്‍പന നടത്തിവന്നിരുന്ന ഗൗരവ് ഭാട്ടി (25)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി പുലര്‍ച്ചയോടെയാണ് യുവതി സുഹൃത്തിനൊപ്പം വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയത്.

ഇരുവരും കാറിലിരിക്കുമ്പോള്‍ ഗൗരവ് ശല്യപ്പെടുത്തുകയായിരുന്നു. യുവതിയും സഹപ്രവര്‍ത്തകനും ഇതിനെ എതിര്‍ത്തതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. അതിനിടെ ഗൗരവ്, യുവതിയുടെ ഫോണ്‍ തട്ടിയെടുത്ത് തന്റെ വാഹനമായ സ്‌കോര്‍പിയോയുടെ അടുത്തേക്ക് ഓടി. ഫോണ്‍ തിരികെ വാങ്ങാന്‍ യുവതിയും ഇയാളുടെ പിന്നാലെ പോയി. യുവതി വാഹനത്തിന് അടുത്തെത്തിയതോടെ അവരെ വാഹനത്തിനുള്ളിലേക്ക് ഗൗരവ് തള്ളിയിടുകയും വാഹനം ഓടിച്ചുപോകുകയുമായിരുന്നു.

ഉടന്‍ തന്നെ യുവതിയുടെ സഹപ്രവര്‍ത്തകന്‍ പൊലീസില്‍ വിവരം അറിയിച്ചു. യുവതിയുടെ മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ അടിസ്ഥാനമാക്കി വാഹനം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. സംഭവസ്ഥലത്തു നിന്ന് ഏറെദൂരം പോയെങ്കിലും പന്ദല ഗ്രാമത്തിലെ മണ്‍പാതയിലൂടെ സഞ്ചരിക്കവേ സ്‌കോര്‍പിയോയുടെ ചക്രം മണ്ണില്‍ പുതഞ്ഞു. യുവതി സഹായം അഭ്യര്‍ഥിച്ച് നിലവിളിച്ചതോടെ വാഹനത്തില്‍ പുറത്തിറങ്ങി ഗൗരവ് കടന്നു കളഞ്ഞു. പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് യുവതിയെ രക്ഷിച്ചു.

യുവതിയെയും വാഹനത്തെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞെങ്കിലും മണിക്കൂറുകള്‍ക്കകം ഗൗരവിനെ പൊലീസ് പിടികൂടി. തെളിവെടുപ്പിന് കൊണ്ടുവന്ന സമയത്ത് ഗൗരവ് പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാനും ശ്രമിച്ചു. ശ്രമത്തിനിടെ വീണ ഗൗരവിന്റെ കാലിന് ഒടിവ് സംഭവിക്കുകയും മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തിന്റെ വാഹനമാണ് ഇയാള്‍ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചത്. മദ്യം വാങ്ങിവരാനാണ് സുഹൃത്ത് വാഹനം നല്‍കിയതെന്നും പൊലീസ് വ്യക്തമാക്കി.