ന്യൂഡല്‍ഹി: അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ഇംപീച്ച്മെന്റ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മ രാജിവെച്ചു. കഴിഞ്ഞ വര്‍ഷം യശ്വന്ത് വര്‍മ്മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ നിന്ന് വന്‍തോതില്‍ പണം കണ്ടെത്തിയിരുന്നു. പെട്ടന്നുള്ള തീരുമാനത്തിന് കാരണവും പരാമര്‍ശിക്കാതെയാണ് വര്‍മ്മ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് രാജി കത്ത് നല്‍കിയത്. വെള്ളിയാഴ്ചയാണ് വര്‍മ രാജി കത്ത് സമര്‍പ്പിച്ചത്.

ഡല്‍ഹി ഹൈക്കോടതിയില്‍ ജഡ്ജിയായിരിക്കെ ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വീട്ടില്‍ നിന്നായിരുന്നു കെട്ടുകണക്കിന് പണം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. 1925 മാര്‍ച്ച് 14നാണ് ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ സര്‍വന്റ്‌സ് ക്വാട്ടേഴ്‌സിന് സമീപം സറ്റോര്‍ റൂമിലായിരുന്നു നോട്ടുകെട്ടുകള്‍ കത്തിക്കരിഞ്ഞ നലയില്‍ കണ്ടെത്തിയത്.

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് മുന്നോടിയായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള അന്വേഷണ സമിതിയെ നിയമിച്ചിരുന്നു. സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് യശ്വന്ത് വര്‍മയുടെ രാജി. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാജിക്കത്തിന്റെ പകര്‍പ്പ് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ഇംപീച്ച്‌മെന്റ് നടപടിയില്‍ നിന്ന് ഒഴിവാകുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ ഒരു നീക്കം യശ്വന്ത് വര്‍മ്മയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് സൂചന.