ലഖ്‌നൗ: വിമര്‍ശനങ്ങളെ മറികടക്കാന്‍ പുതുവഴി തേടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പുതിയ സമൂഹമാധ്യമ നയമാണ് സര്‍ക്കാര്‍ ഇതിനായി ഉപയോഗപ്പെടുത്തുന്നത്. യു.പി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സമൂഹ മാധ്യമങ്ങളില്‍ പുകഴ്ത്തിയാല്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് മാസം എട്ടു ലക്ഷം രൂപവരെ നേടാം. ഇതുമായി ബന്ധപ്പെട്ട നയം മന്ത്രിസഭ അംഗീകരിച്ചു.

യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, എക്‌സ് പ്ലാറ്റ്‌ഫോം, ഫേസ്ബുക്ക് തുടങ്ങിയിടങ്ങളില്‍ ഫോളോവേഴ്‌സിന് അനുസരിച്ചായിരിക്കും പണം നല്‍കുക. സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് വിശദീകരണം. കണ്ടന്റ് ക്രിയേറ്റര്‍മാരുടെ സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിനനുസരിച്ച് വിവിധ വിഭാഗങ്ങളാക്കി തിരിച്ചായിരിക്കും പരസ്യം നല്‍കുക.

എക്‌സ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ക്ക് പ്രതിമാസത്തില്‍ അഞ്ച് ലക്ഷം, നാല് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെ ആയിരിക്കും പണം അനുവദിക്കുക. യൂട്യൂബ് അക്കൗണ്ടുകള്‍ക്ക് 8 ലക്ഷം, 7 ലക്ഷം, 6 ലക്ഷം, 4 ലക്ഷം എന്നിങ്ങനെയാണ് മാസത്തില്‍ നല്‍കുക.

അതേസമയം, രാജ്യവിരുദ്ധ കണ്ടന്റുകള്‍, അസഭ്യവും അധിക്ഷേപകരവുമായ കണ്ടന്റുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ വിശദീകരിച്ചു. കണ്ടന്റ് ക്രിയേറ്റര്‍മാര്‍, ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിങ്ങനെ വിഭാഗങ്ങളായി തിരിച്ചായിരിക്കും പരസ്യങ്ങള്‍ കൈമാറുക. പദ്ധതി നടപ്പിലാക്കുന്നതിലൂടെ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.