- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനമിറങ്ങി വന്ന യാത്രക്കാരിയുടെ മുഖത്ത് പരുങ്ങൽ ഭാവം; ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോൾ ഞെട്ടൽ; വയറ്റിനുള്ളിൽ നൂറ് കൊക്കെയ്ൻ കാപ്സ്യൂളുകൾ; കൈയ്യോടെ പൊക്കി
മുംബൈ: വിമാനത്താവളത്തിൽ നിന്നും പതിനൊന്ന് കോടിയോളം രൂപ വിലമതിക്കുന്ന കൊക്കെയ്നുമായി യുവതി അറസ്റ്റിൽ. 100 കാപ്സ്യൂളുകളായി വിഴുങ്ങിയ കൊക്കെയ്നാണ് പിടിച്ചെടുത്തത്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ബ്രസീലിൽ നിന്നെത്തിയ യാത്രക്കാരിയുടെ പക്കൽ നിന്നുമാണ് മയക്കുമരുന്ന് പിടികൂടിയത്.
ഒരു ബ്രസീലിയൻ പൗരൻ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുമെന്ന പ്രത്യേക രഹസ്യാന്വേഷണ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) പരിശോധന കർശനമാക്കിയത്. സാവോ പോളോയിൽ നിന്ന് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയെ ഉദ്യോഗസ്ഥർ തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു.
ചോദ്യംചെയ്യലിൽ ഇന്ത്യയിലേക്ക് കടത്തുന്നതിനായി മയക്കുമരുന്ന് അടങ്ങിയ ക്യാപ്‌സ്യൂളുകൾ വിഴുങ്ങിയെന്ന് യാത്രക്കാരി സമ്മതിച്ചതായി ഡിആർഐ വ്യക്തമാക്കി. തുടർന്ന് അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, 1,096 ഗ്രാം കൊക്കെയ്ൻ അടങ്ങിയ 100 ഗുളികകൾ യുവതിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തു. ഇവയ്ക്ക് വിപണിയിൽ 10.96 കോടി രൂപ വിലയുണ്ട്.
എൻഡിപിഎസ് നിയമ പ്രകാരം യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഡിആർഐ അറിയിച്ചു. 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി അധികൃതർ അറിയിച്ചു.