കോയമ്പത്തൂര്‍: ഐലന്‍ഡ് എക്‌സ്പ്രസില്‍ രാസലഹരിയുമായി മലയാളി യുവാവ് പിടിയില്‍. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. കായംകുളം പുള്ളിക്കണക്ക് കവി കൃഷ്ണപുരം സ്വദേശി എസ്. മുഹമ്മദ് സിനാന്‍ (19) ആണ് പിടിയിലായത്. യുവാവിന്റെ പക്കല്‍ നിന്നും 150 ഗ്രാം മെത്തംഫെറ്റാമിനും പിടിച്ചെടുത്തു. ആലപ്പുഴയില്‍ ഒന്നാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് 19കാരന്‍. ബെംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ്സിലെ പരിശോധനയില്‍ ആണ് ഇയാള്‍ പിടിയിലായത്.

ശനിയാഴ്ച കോയമ്പത്തൂര്‍ ജംക് ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ട്രെയിനിന്റെ അവസാന ജനറല്‍ കോച്ചിലാണ് ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ സി. ഗിരീഷിന്റെ നേതൃത്വത്തില്‍ എഎസ്‌ഐമാരായ ദേവരാജ്, സുധാകരന്‍, പിഇഡബ്ല്യൂ ഇന്‍സ്പെക്ടര്‍ എം.കെ. ശരവണന്‍ എന്നിവരെ അടങ്ങിയ സംഘമാണ് രാസ ലഹരിയടങ്ങിയ പൊതി കണ്ടെത്തിയത്. സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ പ്രതിയെ ചോദ്യം ചെയ്തതിനിടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.

പിന്നീട് കേരളത്തിലേക്കുള്ള മറ്റൊരു ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് വീണ്ടും സിനാന്‍ കുടുങ്ങിയത്. ആര്‍പിഎഫ്, തമിഴ്‌നാട് പിഇഡബ്ല്യൂമായി ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. കൂടെ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നതായി സംശയമുണ്ട്. രക്ഷപ്പെട്ട ഇയാളെ തിരയുന്നുണ്ട്. ബെംഗളൂരുവില്‍ നിന്നും പുതിയ തുണിത്തരങ്ങള്‍ വാങ്ങി വരികയായിരുന്നു ഇയാള്‍. ഇതിനിടയിലാണ് രാസ ലഹരി സൂക്ഷിച്ചിരുന്നതെന്ന് ഇന്‍സ്പെക്ടര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.