എം റിജു

കോഴിക്കോട്: 'കിരീടത്തില്‍' സേതുമാധവന്് സംഭവിച്ചപോലെ, ഒറ്റനിമിഷം കൊണ്ടാണ് ബിഗ് ബെന്‍ സിനിമയിലെ നായകന്‍ ജീന്‍ ആന്റണിയുടെ ജീവിതം മാറിമറിയുന്നത്. നമ്മുടെ നാട്ടിലെപോലയല്ല യു കെയിലെ നിയമങ്ങള്‍. ഇവിടുത്തെ കലിപ്പ് അവിടെ എടുത്താല്‍ വിവരം അറിയം. യൂറോപ്പിലൊക്കെ പോകാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ നിര്‍ബന്ധമായും കാണേണ്ട സിനിമയാണ്, ഇപ്പോള്‍ തീയേറ്റുകളില്‍ പ്രദര്‍ശനം തുടരുന്ന, അനുമോഹനും, അതിഥി രവിയും മുഖ്യവേഷങ്ങളിലെത്തുന്ന ബിഗ് ബെന്‍.

70 ശതമാനവും യു കെയില്‍ ചിത്രീകരിച്ച ആദ്യ മലയാള ചിത്രം എന്ന കീര്‍ത്തിയും ഈ ചിത്രത്തിനുണ്ട്. ബിഗ് ബെന്‍ പുറത്തിറങ്ങുമ്പോള്‍, പാലാ മരങ്ങാട്ട്പള്ളിയില്‍നിന്ന് യു കെയിലെത്തിയ ബിനോ അഗസ്റ്റിയന്‍ എന്ന സംവിധായകന്റെ വര്‍ഷങ്ങള്‍ നീണ്ട പരിശ്രമം കൂടിയാണ് ഫലപ്രാപ്തിയില്‍ എത്തുന്നത്. നാളിതുവരെ ഒരു മലയാളസിനിമക്കുമില്ലാത്ത പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഇടയിലാണ് ചിത്രീകരണം പുര്‍ത്തിയാക്കിയത്. യുക്രൈന്‍- റഷ്യ യുദ്ധം പോലും ചിത്രത്തെ ബാധിച്ചു. ഷൂട്ടിങ്ങിനിടെ ഒരു കോടി മൂല്യമുള്ള ലൈറ്റടക്കമുള്ള സാധനങ്ങള്‍ പാക്കിസ്ഥാനിയായ ട്രക്ക് ഡ്രൈവര്‍ മോഷ്ടിച്ചു കൊണ്ടുപോയി. പക്ഷേ ബ്രിട്ടീഷ് രാജാവിന്റെ മുഖം ആദ്യമായി ഒരു മലയാള സിനിമയില്‍ പതിഞ്ഞതടക്കമുള്ള ചില കാര്യങ്ങള്‍ വേറയുമുണ്ടായി. സംവിധായകന്‍ ബിനോ അഗസ്റ്റിന്‍ മറുനാടന്‍ മലയാളിയുമായി അനുഭവങ്ങള്‍ പങ്കുവെക്കുന്നു.

സിനിമ വിലക്കെപ്പെട്ട ബാല്യം

വിശ്വസഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ നാടായ പാലാ മരങ്ങാട്ട്പള്ളിയില്‍നിന്നാണ് ബിനോ അഗസ്റ്റിനും വരുന്നത്. "സിനിമ കാണുന്നതേ പാപമെന്നു കരുതുന്ന ഒരു യാഥാസ്ഥിക കുടുംബത്തില്‍ ജനിച്ച ഞാന്‍, പക്ഷേ 15 വയസു തൊട്ടു സിനിമ സ്വപ്നം കാണുന്നയാളാണ്. കോളജ് ജീവിതം കഴിഞ്ഞപ്പോള്‍ സിനിമ പഠിക്കാന്‍ ആഗ്രഹിച്ചു. പക്ഷേ വീട്ടില്‍ സമ്മതമായിരുന്നില്ല. ഒരു സുരക്ഷിത ജോലി കണ്ടുപിടിച്ച് സെറ്റിലാവാനായിരുന്നു, വീട്ടുകാരുടെ ആഗ്രഹം. അങ്ങനെ ഇന്ത്യന്‍ എയര്‍ ഫോര്‍സില്‍ ജോയിന്‍ ചെയ്തു. നീണ്ട 13 വര്‍ഷത്തെ എയര്‍ ഫോഴ്സ് ജീവിതത്തിനുശേഷം, യു കെയിലേക്ക് കുടിയേറിയ ഞാന്‍ എന്റെ സിനിമാ ആഗ്രഹം പൊടിതട്ടി എടുത്തു.

യു കെയിലേ അസോസിയേഷന്‍ പരിപാടികളില്‍ വീഡിയോഗ്രാഫിയും, ഫോട്ടാഗ്രാഫിയും ചെയ്ത് പോകവെ, അടുത്ത സുഹൃത്തുക്കള്‍ എന്തുകൊണ്ട് ഇത് സീരിയസായി എടുത്തുകൂടാ എന്ന് ചോദിച്ചു. അങ്ങനെയാണ് 2013 -ല്‍ ഒരു പരീക്ഷണ ചിത്രം ചെയ്ത്, യു കെയിലെ തീയേറ്റുകളില്‍ റിലീസ് ചെയ്തത്. അതില്‍ നിന്നാണ് ഒരു മുഴുനീളന്‍ സിനിമയിലേക്ക് എന്റെ ആദ്യപടി.

ഇത്രയും കാലത്തോളം സിനിമയെന്ന സ്വപ്നത്തെ ഉള്ളിലിട്ടു, മറ്റുജോലികള്‍ ചെയ്തു ജീവിക്കുക. അതായിരുന്നു എന്റെ വിധി. അവസാനം വീട്ടുകാരെ മൈന്‍ഡ് ചെയ്യാതെ രണ്ടും കല്‍പ്പിച്ചു സ്വപ്നങ്ങള്‍ക്കു പിന്നാലെ ഇറങ്ങാന്‍ തീരുമാനിക്കുന്നു. കട്ട സപ്പോര്‍ട്ടായി ഭാര്യ മാത്രം. അങ്ങിനെ ഏതാണ്ട് ഒരു ദശാബ്ദക്കാലം, സിനിമയെന്ന ചക്രവ്യൂഹത്തില്‍ കയറാനായി കൊച്ചിയിലൂടെ തേര പാരാ നടന്നു. യൂ കെയിലൊക്കെ ഭാര്യയും ഭര്‍ത്താവും കൂടി ജോലിചെയ്താലും രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടാണ്. ആ സമയത്താണ് എന്റെ ഈ പരിപാടി. അങ്ങിനെ രണ്ടും മൂന്നും ആഴ്ച അവധിയെടുത്തു ഞാന്‍ വരും. കുറെ പണം ചിലവാകും, ലീവ് തീരും. തിരിച്ചു കേറി പോകും. ഇത് തന്നെയായീ കൊറേ വര്‍ഷത്തെ 'ലൂപ്പ്' പരിപാടി.

അങ്ങിനെ സ്വന്തം ജീവിതത്തിന്റെ ഏഴെട്ടു വര്‍ഷങ്ങള്‍ കടന്നു പോയതു ഞാന്‍ പോലും അറിഞ്ഞില്ല. യുകെയിലെ ചിലര്‍ എന്നെ വട്ടനെന്നു വിളിച്ചു. ചിലര്‍ സിനിമയെന്തായെന്ന് നിരന്തരം ചോദിച്ച് ചൊറിഞ്ഞു കൊണ്ടിരുന്നു. മാനസികമായി വിഷമിച്ച സമയമായിരുന്നു അത്. എന്റെ എല്ലാ പരിശ്രമങ്ങളും നിര്‍ത്തുന്നതിനെക്കുറിച്ചു ആലോചിച്ചു. പത്തു തവണ വായിച്ച ആല്‍ക്കെമിസ്റ് നോവല്‍ കത്തിച്ചു കളയാന്‍ തോന്നിയ നേരം. ജീവിതത്തില്‍ എന്തെങ്കിലുമൊന്ന് നേടണമെന്ന് ഒരു സ്വപ്നമോ ആഗ്രഹമോ ഇല്ലാത്തവരെ ഞാന്‍ സൂക്ഷമം വീക്ഷിച്ചു. അവരൊക്കെ എന്ത് ഹാപ്പിയാണ്. ഞാന്‍ മാത്രം ഏതോ ലോകത്ത്, കിളി പോയപോലെ..

എന്റെ മനസ്സിലൂടെ, യുദ്ധത്തില്‍ തോറ്റ രാജാവ് ഗുഹയിലിരുന്നു വലയുണ്ടാക്കാന്‍ ചിലന്തി ചാടുന്ന ചാട്ടമൊക്കെ കാണുന്നത് ഓര്‍മവന്നു. ആയിടക്കാണ് സ്വന്തം നാട്ടുകാരനായ സന്തോഷ് കുളങ്ങരയുടെ ഒരു വീഡിയോ കാണുന്നത് . 'സ്വന്തം ആഗ്രഹങ്ങളും അഭിലാഷങ്ങളും ഒക്കെ കെട്ടിപ്പൂട്ടിവച്ചു മേലേക്ക് ചെന്നിട്ടെന്നാ ചെയ്യാനാ' എന്ന് ഞാനും ചിന്തിച്ചു. നേരാണല്ലോ. അവിടെ ഭയങ്കര സെറ്റപ്പാന്ന കരകമ്പിയല്ലാതെ അനുഭവിച്ചറിഞ്ഞ ഒരാളേം കണ്ടിട്ടില്ല. ഞാന്‍ വീണ്ടും അടുത്ത ലീവിന് വിട്ടു. നേരെ കൊച്ചിക്കു. ലണ്ടനിലെ കൊടും തണുപ്പത്തുനിന്നും കൊച്ചിയിലെ ചൂടിലെത്തിയ എനിക്കതൊന്നും ഒരു പ്രശ്‌നമേ അല്ലായിരുന്നു . അങ്ങിനെ ഇത് ഞാന്‍ ചെയ്തിരിക്കും, ഇല്ലാതെ ഞാന്‍ പിന്മാറില്ല എന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ ഫലമായി ഞാന്‍ 2023 -ല്‍ മലയാള സിനിമയുടെ ചക്രവ്യൂഹം ഭേദിച്ചു"- ബിനോ പറയുന്നു.

യഥാര്‍ത്ഥ സംഭവത്തില്‍നുള്ള പ്രചോദനം

ലണ്ടനിന്റെ ഐക്കണായ ക്ലോക്ക് ടവറാണ് ബിഗ് ബെന്‍. ലണ്ടന്‍ കാണാന്‍ വരുന്ന എല്ലാവരും അതിന് മുന്നിലെത്തും. ഈ സിനിമ, യുകെയില്‍ നടക്കുന്ന കഥയായതുകൊണ്ടും സമയവുമായി അഭേദ്യമായ ബന്ധമുള്ളതുകൊണ്ടുമാണ് ഈ പേര് സ്വീകരിച്ചത്. ബിഗ് ബെന്‍ എന്ന സിനിമ, ഒരു യഥാര്‍ത്ഥ സംഭവത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണെന്ന് ബിനോ പറയുന്നു-" 2010-ല്‍ ഒരു മലയാളി കുടുംബത്തില്‍നടന്ന ഒരു യഥാര്‍ത്ഥ സംഭവം ഒരു സുഹൃത്ത് മുഖാന്തരം അറിഞ്ഞു. ആ സംഭവത്തില്‍ ഒരു സിനിമയ്ക്കുള്ള ത്രെഡ് ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. ആ കഥയെ നല്ലൊരു സിനിമയാക്കണം എന്ന ചിന്തയില്‍ നിന്നാണ് ബിഗ് ബെന്നിന്റെ തുടക്കം. നിയമവ്യവസ്ഥകള്‍ ശക്തമായ രാജ്യങ്ങളില്‍ അവിടേക്ക് എത്തുന്നവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഒരു ചെറിയ എടുത്തചാട്ടം വലിയ പ്രശ്മാവാം. ഓരോ മലയാളിക്കും അവര്‍ ചേക്കേറാന്‍ ആഗ്രഹിക്കുന്ന രാജ്യത്തെ നിയമവ്യവസ്ഥകള്‍ ഒരു പരിധി വരെ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്."- ബിനോ ചൂണ്ടിക്കാട്ടി.

"കൈ കൊണ്ട് കൂട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതുപോലും ചില രാജ്യങ്ങളില്‍ കുറ്റകരമാണ്. മുമ്പ് ഒരു ഇന്ത്യന്‍ ദമ്പതികള്‍ ഇങ്ങനെ, ഹാന്‍ഡ് ഫീഡിങ്ങിന്റെപേരില്‍ കേസില്‍ പെട്ടതായി വാര്‍ത്ത വന്നിരുന്നു. ബഹുഭൂരിപക്ഷം ആളുകളും പുതിയ രാജ്യത്ത് ചെല്ലുമ്പോള്‍ അവിടുത്തെ നിയമത്തെ ഭയപ്പെടുകയും ഒരു പരിധി വരെ പാലിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പിന്നെ ഇന്ത്യയിലെ നിയമസംവിധങ്ങളെ ഒരു പരിധി വരെ സ്വാധീനിക്കാന്‍ സാധിച്ചേക്കാം , ഏന്നാല്‍ യുകെയിലെ നിയമസംവിധാനത്തെയോ, പൊലീസിനേയാ ഇവിടുത്തെ പ്രധാനമന്ത്രിക്ക് പോലൂം സ്വാധീനിക്കാന്‍ കഴിയില്ല.- ബിനോ പറയുന്നു.

ബ്രിട്ടീഷ് രാജാവ് 'അഭിനയിച്ച' ചിത്രം!

എതാണ്ട് 70 ശതമാനവും യു കെയില്‍ ചിത്രീകരിച്ച ചിത്രമാണിത്. ഏറെ കഷ്ടപ്പെട്ടാണ് ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയത്. " യുക്രൈന്‍- റഷ്യ യുദ്ധം ഒരു മലയാള സിനിമയെ ബാധിച്ചുവെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ, എന്നാല്‍ ബിഗ് ബെന്നില്‍ അതുണ്ടായി. ഞങ്ങള്‍ 2022 ഏപ്രിലില്‍ വിസയ്ക്ക് അപേക്ഷിച്ചപ്പോള്‍ ആര്‍ട്ടിസ്റ്റുകളുടെ വിസ ആദ്യം വന്നു. പക്ഷേ ടെക്ക്നീഷ്യമാരുടെ വിസ, യുദ്ധം കാരണം നീണ്ടുപോയി. അത് വന്നപ്പോഴേക്കും വിന്റര്‍ സീസനായി. വിന്ററില്‍ യുകെയില്‍ 10 മണിതൊട്ട്, 3 മണിവരെ മാത്രമേ സൂര്യവെളിച്ചം ഉണ്ടാവൂ. അങ്ങനെ ഷൂട്ടിങ്ങ് മാറ്റി. എന്നാല്‍ സമ്മറില്‍ രാത്രി 10 മണിവരെ സൂര്യനുണ്ടാവും. ഇപ്പോള്‍ ഞങ്ങള്‍ക്ക് ആ ആനുകൂല്യം കിട്ടിയിട്ടുണ്ട്. യുകെയിലെ പ്രധാന വെല്ലുവിളി കാലാവസ്ഥയാണ്. കൃത്യമായ പ്ലാനിങ്് ഉണ്ടായിരിക്കണം. ചിത്രീകരണ അനുമതി കിട്ടുന്നതിന് പേപ്പര്‍ വര്‍ക്ക്സ് കൃത്യമായിരിക്കണം.

പല പ്രതിസന്ധികളിലൂടെയുമാണ് ഞങ്ങള്‍ കടന്നുപോയത്. ഷൂട്ടിങ്ങിനിടെ സെറ്റില്‍ ഒരു വലിയ മോഷണമുണ്ടായി. ഒരു കേടി മൂല്യമുള്ള, ലൈറ്റടക്കമുള്ള സാധനങ്ങള്‍ പാക്കിസ്ഥാനിയായ ട്രക്ക് ഡ്രൈവര്‍ മോഷ്ടിച്ചു കൊണ്ടുപോയി. നൈറ്റ് ഷൂട്ടിനടക്കമുള്ള 5 ലക്ഷം രൂപയുടെ അഞ്ച് ലൈറ്റുകള്‍ അടക്കമുള്ള സകല സാധനങ്ങളും കാണാനില്ല. പിന്നെ അതെല്ലാം പുതിയത് വാങ്ങിയാണ് ഷൂട്ട് പുന:രാരംഭിച്ചത്. സാധാരണ വളരെ മികച്ച പൊലീസ് സംവിധാനമാണ് യു കെയിലേത്. പക്ഷേ ഈ കേസില്‍ അവര്‍ക്ക് പ്രതിയെ പിടിക്കാനായില്ല. പത്തുദിവസം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ട്രക്ക് കണ്ടത്.

അതുപോലെ ഞങ്ങള്‍, ഒന്നിച്ച് ബുക്ക് ചെയ്ത ഹോട്ടല്‍, ചില മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ പൊടുന്നനെ അധികൃതര്‍ ക്ലോസ് ചെയ്തപ്പോഴും ഞങ്ങള്‍ പെട്ടു. അവിടെ ഒരു വലിയ സംഗീത പരിപാടി നടക്കുന്നതിനാല്‍ തൊട്ടടുത്തൊന്നും, ഹോട്ടല്‍ മുറിയില്ല. പിന്നെ അവരുടെ കൈയും കാലും പിടിച്ച് ഞങ്ങള്‍, അവിടെത്തനെ കുറച്ച് ദിവസം കൂടി ഷൂട്ട് ചെയ്തു. അപ്പോള്‍ അടച്ചിട്ട ഹോട്ടലില്‍ അകത്തുനിന്നുള്ള ശബ്ദം കേട്ട്, കുറേ ഇംഗ്ലീഷ് പിള്ളേര്‍ പ്രശ്നമുണ്ടാക്കി. സംഗീത പരിപാടിക്ക് നേരത്തെ റും ബുക്ക് ചെയ്ത് കിട്ടാത്ത കലിപ്പില്‍ അവര്‍ ഞങ്ങളുടെ ലൈറ്റ്സ് ഒക്കെ മറിച്ചിട്ടു. ലക്ഷങ്ങള്‍ വിലയുള്ള ക്യാമറയൊക്കെ ഒരു വിധത്തിലാണ് അവരില്‍നിന്ന് രക്ഷിച്ചെടുത്തത്്. പിന്നെ ഞങ്ങളുടെയൊക്കെ സുഹൃത്തുക്കളുടെ വീട്ടിലായി ആര്‍ട്ടിസ്റ്റുകളുടെയടക്കം താമസം. അങ്ങനെ വല്ലാതെ ബുദ്ധിമുട്ടിയാണ് ചിത്രം പുര്‍ത്തിയാക്കിയത്.

അതുപോലെതന്നെ ചിത്രീകരണത്തിനിടെ ലണ്ടന്‍ ബ്രിഡ്ജിന് താഴേക്ക് വീണ്് നായിക അതിഥി രവിക്കും ചെറുതായി പരിക്കേറ്റിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് പ്രതീക്ഷിക്കാത്ത ഒരു ഭാഗ്യവും ഉണ്ടായി. ഒരു സീനില്‍ അപ്രതീക്ഷിതമായി ബ്രിട്ടീഷ് രാജാവും കൂട്ടരും വരുന്നത് ക്യാമറയില്‍ കിട്ടി. അത് സിനിമയില്‍ ഉണ്ട്. ചരിത്രത്തില്‍ ആദ്യമായി ബിട്ടീഷ് രാജാവിന്റെ മുഖം ഒരു മലയാള സിനിമയില്‍ പതിഞ്ഞു."- ബിനോ അഗസ്റ്റിയന്‍ പറയുന്നു.

വിദേശ മലയാളികള്‍ക്കുള്ള ട്രിബ്യൂട്ട്

പക്ഷേ ഇത്തരം വിഷയങ്ങള്‍ക്കിടയിലും ഒരു കുടുംബംപോലെയാണ് തങ്ങള്‍ മുന്നോട്ടുപോയയെന്നും സംവിധായകന്‍ പറയുന്നു. " ഇത്രയും ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിട്ടും അവര്‍ ഒക്കെ സ്വന്തം കുടുംബംപോലെ സഹകരിച്ചു. ഒരു ഫാമിലി ബോണ്ടിങാണ് ഞങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടത്. അനു മോഹന്റെ ആദ്യത്തെ നായക വേഷമാണ് ബിഗ് ബെന്നില്‍. 'അയ്യപ്പനും കോശിയിലെ' കഥാപാത്രവും, തീവ്രത്തിലെ 'രാഘവന്‍' എന്ന ശക്തമായ വില്ലന്‍ വേഷവും കണ്ട് അനുവിന് ഇത് ചെയ്യാന്‍ പറ്റും എന്ന ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. വളരെ അധികം പൊട്ടന്‍ഷ്യന്‍ ള്ള നടന്‍ കൂടിയാണ് അനുമോഹന്‍.

നായിക അതിഥി ഈ സിനിമയിലേക്ക് വരുന്നത് വളരെ പ്രിസൈസ് പ്ലാനിങ്ങ് വഴിയാണ്. ' എന്റെ നാരായണിക്ക്' എന്ന ഷോര്‍ട്ട് ഫിലിമില്‍ നമ്മളെ ഞെട്ടിച്ച നടിയാണ് അതിഥി. ലൗലി എന്ന കരുത്തുറ്റ അമ്മയായി ജീവിക്കുകയായിരുന്നു അവര്‍ ഈ സിനിമയില്‍ ഉടനീളം. വിനയ് ഫോര്‍ട്ട്, വിജയ് ബാബു, ബിജു സോപാനം, നിഷ സാരംഗ് എന്നീ ഒരുപാടുപേര്‍ ചിത്രത്തിലുണ്ട്. ഒപ്പം ഇംഗ്ലീഷുകാരായ നിരവധി കഥാപാത്രങ്ങളും. അവര്‍ പ്രൊഫഷണല്‍ ഇംഗ്ലീഷ് ആക്റ്റേഴ്സാണ്. യു കെയിലെ ഒരു കാസ്റ്റിങ്ങ് ഏജന്‍സിയില്‍ നിന്നും ഓഡിഷന്‍ വഴിയാണ് അവരെ തിരഞ്ഞെടുത്തത്."- ബിനോ പറഞ്ഞു.

ശക്തമായ കുടിയേറ്റ വിരുദ്ധത യൂറോപ്പില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, പലയിടത്തും തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ അധികാരത്തിലേറുന്നുണ്ടെങ്കിലും, മലയാളികള്‍ക്ക് ഇപ്പോഴും യൂറോപ്പില്‍ സ്ഥാനമുണ്ടെന്ന് ബിനോ വിശ്വസിക്കുന്നു. " ഇപ്പോഴും യു കെയിലടക്കം വളരെയധികം ജോലി സാധ്യതകള്‍ മലയാളികള്‍ക്കുണ്ട്. പ്രധാനമായുംെൈ ഹ സ്‌കില്‍ഡ് ജോബ്സ് ആയ മെഡിക്കല്‍ ,ഐടി തുടങ്ങിയ മേഖലകളിലാണ് ഇത് കണ്ടുവരുന്നത്. തുടര്‍ന്നും യൂറോപ്പിന്റെ വാതിലുകള്‍ തുറന്നുകിടക്കുമെന്നാണ് എന്റെ അനുമാനം. പിന്നെ ബ്രയിന്‍ ഡ്രയിന്‍ പണ്ടുമുതലേ ഉളള ഒരു പ്രതിഭാസമാണ്. മലയാളികള്‍ പൊതുവേ ബ്രില്ല്യന്‍്റ ആണ്. പക്ഷെ അതോടൊപ്പം തന്നെ കേരളീയ മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കാന്‍ ശ്രമിക്കുന്നവരും ആണ്.

പണം കായ്ക്കുന്ന മരങ്ങളായിട്ടാണ് പൊതുവെ എന്‍ ആര്‍ ഐ കളെ നമ്മുടെ നാട്ടുകാര്‍ കാണുന്നത്. എന്നാല്‍ കൈക്കുഞ്ഞിനെവരെ വിട്ട് ജോലിചെയ്യേണ്ടി വരുന്ന, മലയാളി നഴ്സുമാര്‍ അടക്കമുള്ളവരുടെ ടെന്‍ഷന്‍ ബിഗ് ബെന്‍ കാണിച്ചുതരുന്നുണ്ട്. എല്ലാവരും യുകെ യിലും മറ്റു രാജ്യത്തിലേക്കും പോകുന്നത് ഒരു കുന്നു സ്വപ്നങ്ങളും കൊണ്ടാണ് പോകുന്നത്. അതില്‍ത്തന്നെ വളരെ അധികം വിജയിച്ച വ്യക്തിത്വങ്ങളും ഉണ്ട്. അതുപോലെ തന്നെ ഒരുപാട് കഷ്ടപാടിലൂടെ കടന്നുപോകുന്ന കുടുംബാംഗങ്ങളും ഉണ്ട്. നാട്ടിലെ ലോണുകള്‍ അടച്ചുതീര്‍ക്കാന്‍ കഷ്ടപ്പെടുന്ന കുടുംബങ്ങളെ എനിക്ക് അറിയാം. ഈ സിനിമ വിദേശ മലയാളികള്‍ക്ക് ഒരു ട്രിബ്യൂട്ട് തന്നെ ആണ്. ഈ ചിത്രം പ്രതിപാദിക്കുന്ന പോലുള്ള പല പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്നവരാണ് ഓരോ വിദേശ മലയാളികളും."- ബിനോ പറയുന്നു.

മലയാളത്തില്‍ പൊതുവെ എല്ലാവരും റിവ്യുകള്‍ക്ക് എതിരെയാണ് പറയുക. എന്നാല്‍ ബിനോ അവിടെയും വ്യത്യസ്തനാവുന്നു. -"എല്ലാ റിവ്യൂക്കാരെയും ഞാന്‍ ചിത്രം കാണാന്‍ ഞാന്‍ സ്വാഗതം ചെയ്യുന്നു. നിങ്ങള്‍ക്ക് ഇഷ്ടപെട്ടതു പറയാം. കുഴപ്പങ്ങള്‍ ചൂണ്ടിക്കാണിക്കാം. പടം അടുത്ത തിയേറ്ററുകളിലുണ്ട്. ക്വാളിറ്റി ഞാന്‍ ഉറപ്പുനല്‍കുന്നു"- ഇങ്ങനെ ആത്മവിശ്വാസത്തോടെ പറയാന്‍ എത്ര സംവിധായകര്‍ക്ക് കഴിയും?