കൊൽക്കത്ത: പിതാവിന്റെ കാമുകിയെ കുത്തികൊലപ്പെടുത്തി മകൻ. അച്ഛൻ 24-കാരിയുമായിട്ടാണ് അടുത്ത ബന്ധം പുലർത്തിവന്നത്. വെസ്റ്റ് ബെംഗാളിലാണ് ദാരുണ സംഭവം നടന്നത്. പിതാവിന്‍റെ കാമുകിയെ ചായക്കടയിലിട്ട് കുത്തിക്കൊലപ്പെടുത്തി മകൻ. 16 കാരനായ മകനാണ് അച്ഛന്‍റെ മുന്നിലിട്ട് 24കാരിയായ കാമുകിയെ കൊലപ്പെടുത്തിയത്.

ഇഎം ബൈപാസ് റോഡിലുള്ള ചായക്കടയിൽ വച്ച് വ്യാഴാഴ്ച രാത്രി ഒൻപതു മണിയോടെയാണ് കൊലപാതകം നടന്നത്. സംഭവത്തിൽ 16 കാരനേയും അമ്മയെയും കൂടെയുണ്ടായിരുന്ന 22 കാരനെയും പോലീസ് അറസ്റ്റ് ചെയ്തു.

കിഴക്കൻ കൊൽക്കത്തയിലെ തിരക്കേറിയ സ്ഥലത്തുവെച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. പിതാവിന് 24 കാരിയുമായി ബന്ധമുള്ളത് അറിഞ്ഞ മകൻ കാറിന്‍റെ ജിപിഎസ് പിന്തുടർന്നാണ് ഇരുവരുമുള്ള ചായക്കടയിൽ എത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ചായക്കടയിൽ എത്തിയ 16 കാരനും മാതാവും കണ്ടത് കാമുകിക്കൊപ്പം ഇരിക്കുന്ന അച്ഛനെയാണ്. ഇതോടെ പ്രകോപിതനായ മകൻ അച്ഛന്‍റെ കാമുകിയെ മൂർച്ചയേറിയ ആയുധമുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

ചായക്കടക്ക് പുറത്ത് കാറിലിരുന്ന് ചായകുടിക്കുകയായിരുന്നു പിതാവും കാമുകിയും. ഇവിടേക്ക് ഇവരെ പിന്തുടർന്ന് മറ്റൊരു കാറിൽ മകനും മാതാവുമെത്തി. കൂടെ സഹായിയായി 24 കാരനുമുണ്ടായിരുന്നു. അച്ഛനേയും കാമുകിയേയും ഒരുമിച്ച് കണ്ടതോടെ 16 കാരൻ പാഞ്ഞെത്തി യുവതിയെ കാറിൽ നിന്നും വലിച്ച് പുറത്തിറക്കി. പിന്നീട് കൈയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

സംഭവത്തിൽ പോലീസ് പറയുന്നത് ഇങ്ങനെ, പിതാവിന്റെ അവിഹിത ബന്ധം മനസിലായതോടെ പതിനാറുകാരനും അമ്മയും ചേർന്ന് കൊലപാതകത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് ചോദ്യം ചെയ്യലിന് ശേഷം പറഞ്ഞു. പ്രതിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ആരുടേയും പേരുവിരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും പോലീസ് പറഞ്ഞു. അതേസമയം സംഭവത്തിന് പിന്നാലെ 16 കാരന്‍റെ പിതാവ് രക്ഷപ്പെട്ടെന്നും ഇയാൾക്കായി അന്വേഷണം നടത്തി വരികയാണെന്നും പോലീസ് വ്യക്തമാക്കി.