ന്യൂഡല്‍ഹി: ലോകത്ത് ഒരു രാജ്യവും അംഗീകരിച്ചിട്ടില്ലാത്ത 'വെസ്റ്റ് ആര്‍ക്ടിക്ക' എന്ന രാജ്യത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വ്യാജ എംബസി നടത്തിയ സംഭവത്തില്‍ വന്‍ തട്ടിപ്പ്. 300 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് പുറത്തുവുന്ന വിവരം. വെസ്റ്റ് ആര്‍ക്ടിക്കയുടെ 'ബാരണ്‍' എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഹര്‍ഷവര്‍ധന്‍ ജെയിനുമായി ബന്ധപ്പെട്ട് യുപി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നത്.

ഹര്‍ഷവര്‍ധന്‍ ജെയിന്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 162 വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ടെന്നും അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന കടലാസുകമ്പനികളുടെ വലിയ ശൃംഖലയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ ചില വലിയ കരങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് സൂചനകള്‍.

വര്‍ഷങ്ങളായി നയതന്ത്രജ്ഞന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിവന്നിരുന്ന ഇയാള്‍ വിദേശ ജോലി വാഗ്ദാനം ചെയ്ത് നിവധി പേരില്‍ നിന്നും പണം തട്ടിയതായും ഇത് ഹവാല വഴി വെളുപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവാദ ആള്‍ദൈവം ചന്ദ്രസ്വാമിയുമായി ജെയിനിന് അടുത്ത ബന്ധമുണ്ടെന്നാണ് മറ്റൊരു കണ്ടെത്തല്‍. 80- 90 കാലത്ത് ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ ആത്മീയ ഉപദേഷ്ടാവായി പോലും കണക്കാക്കപ്പെട്ടിരുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ചന്ദ്രസ്വാമിയുമായും സൗദി ആയുധ വ്യാപാരി അദ്‌നാന്‍ ഖഷോഗി എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ അന്വേഷണത്തില്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹൈദരാബാദ് സ്വദേശിയും പിന്നീട് തുര്‍ക്കി പൗരത്വം സ്വീകരിച്ചതുമായ അഹ്‌സാന്‍ അലി സയ്യിദുമായി ബന്ധപ്പെട്ടാണ് ജെയിന്‍ ഹവാല വഴി പണം വെളുപ്പിച്ചത്. ഇതിനായി കുറഞ്ഞത് 25 ഷെല്‍ കമ്പനികളെങ്കിലും തുറക്കാന്‍ ഇരുവരും ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗാസിയാബാദിലെ കവി നഗറില്‍ വാടകയ്ക്ക് എടുത്ത ആഡംബര കെട്ടിടത്തിലായിരുന്നു വ്യാജ എംബസി പ്രവര്‍ത്തിച്ചിരുന്നത്.

കെട്ടിടത്തില്‍ നടത്തിയ പരിശോധനയില്‍ 44.7 ലക്ഷം രൂപ, വിദേശ കറന്‍സി, 12 വ്യാജ നയതന്ത്ര പാസ്പോര്‍ട്ടുകള്‍, 18 നയതന്ത്ര പ്ലേറ്റുകള്‍, വ്യാജ സര്‍ക്കാര്‍ രേഖകള്‍ എന്നിവ അധികൃതര്‍ പിടിച്ചെടുത്തു. എംബസി കെട്ടിടവളപ്പില്‍നിന്ന പാര്‍ക്ക് ചെയ്തിരുന്ന ആഡംബര കാറുകള്‍ എസ്ടിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓഫിസില്‍നിന്ന് വ്യാജ പാസ്‌പോര്‍ട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. നിയമവിരുദ്ധമായി സാറ്റലൈറ്റ് ഫോണ്‍ കൈവശം വച്ചതിന് 2011ല്‍ ജെയിനിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

രണ്ടുനില ആഡംബര കെട്ടിടം, പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന നയതന്ത്ര നമ്പര്‍ പ്ലേറ്റുകളുള്ള ഓഡിയും ബെന്‍സും അടക്കമുള്ള ആഡംബര കാറുകള്‍, വ്യാജ ഓഫീസിലെ നയതന്ത്ര പാസ്‌പോര്‍ട്ടുകള്‍, സംസ്ഥാന, ദേശീയ നേതാക്കളുടെയും വിദേശ കറന്‍സികളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇതൊക്കെ കണ്ടാല്‍ ആരാണ് ഇതൊരു എംബസി അല്ലെന്ന് പറയുക. ആ വിധത്തിലാണ് ഇയാള്‍ തട്ടിപ്പുകള്‍ നടത്തിയത്.

ഒരു പരമാധികാര രാഷ്ട്രവും അംഗീകരിക്കാത്ത വെസ്റ്റ്് ആര്‍ട്ടിക്ക എന്ന രാജ്യത്തിന്റെ എംബസിയുടെ ബോര്‍ഡാണ് ഇവിടെ ഉണ്ടായിരുന്നത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ആളുകളെ ആകര്‍ഷിക്കുന്ന ഒരു റാക്കറ്റാണ് ഇവര്‍ എന്നാണ് പോലീസ് വെളിപ്പെടുത്തിയത്. വെസ്റ്റാര്‍ട്ടിക്കയിലെ പ്രഭു എന്ന് സ്വയം പരിചയപ്പെടുത്തി നയതന്ത്ര നമ്പര്‍ പ്ലേറ്റുകളുള്ള ആഡംബര കാറുകളില്‍ ജെയിന്‍ സഞ്ചരിക്കുമായിരുന്നു. രാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റ് പ്രമുഖര്‍ എന്നിവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് ഉന്നത വൃത്തങ്ങളുമായി ഇയാള്‍ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു.

നയതന്ത്ര നമ്പര്‍ പ്ലേറ്റുകളുള്ള നാല് ആഡംബര കാറുകള്‍, 12 മൈക്രോനേഷനുകളുടെ നയതന്ത്ര പാസ്‌പോര്‍ട്ടുകള്‍, വിദേശകാര്യ മന്ത്രാലയത്തിന്റെ സ്റ്റാമ്പുകളുള്ള രേഖകള്‍, 34 രാജ്യങ്ങളുടെ സ്റ്റാമ്പുകള്‍, 44 ലക്ഷം രൂപ, വിദേശ കറന്‍സി, 18 നയതന്ത്ര നമ്പര്‍ പ്ലേറ്റുകള്‍, ആഡംബര വാച്ച് ശേഖരം എന്നിവ പോലീസ് ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു.

സാറ്റലൈറ്റ് ഫോണ്‍ കയ്യില്‍ വച്ചതിന് 2011ല്‍ ഹര്‍ഷവര്‍ദ്ധന്‍ ജെയിനെതിരെ പൊലീസ് കേസുണ്ടായിരുന്നു. വിവാദ ആള്‍ദൈവം ചന്ദ്രസ്വാമിയുടെയും, വിവാദ ആയുധ കച്ചവടക്കാരന്‍ അഡ്നന്‍ ഖഷോഗിയുടെയും അടുപ്പക്കാരനായിരുന്നു. 80 കളിലും, 90 കളിലും കേന്ദ്രഭരണത്തില്‍ പോലും സ്വാധീനമുറപ്പിച്ച ചന്ദ്രസ്വാമി പ്രധാനമന്ത്രിമാരായ പി വി നരസിംഹ റാവു, ചന്ദ്രശേഖര്‍, വി പി സിങ് എന്നിവരുടെ ആത്മീയ ഉപദേഷ്ടാവായാണ് അറിയപ്പെട്ടിരുന്നത്. സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ 1996 ല്‍ അറസ്റ്റിലായി. ചന്ദ്രസ്വാമിയുടെ ആശ്രമത്തിലെ റെയ്ഡില്‍ ഖഷോഗിയുമായുള്ള രഹസ്യ കരാറുകള്‍ കണ്ടെത്തി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് പിന്നിലും ചന്ദ്രസ്വാമിക്ക് പങ്കുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരം വിവാദ പുരുഷന്മാരുമായിട്ടായിരുന്നു ഒരുകാലത്ത് ഹര്‍ഷവര്‍ദ്ധന്റെ കൂട്ടുകെട്ട്.

ഗാസിയാബാദിലെ വ്യാജ ഏംബസിക്ക് പുറത്തുള്ള ഫലകത്തില്‍ വെസ്റ്റ്ആര്‍ട്ടിക്ക ഗ്രാന്‍ഡ് ഡച്ചിയിലെ കോണ്‍സുല്‍ ജനറല്‍, എച്ച്ഇ, എച്ച് വി ജെയിന്‍ എന്ന ഫലകം കാണാം. യുപി പ്രത്യേക ദൗത്യ സംഘം വ്യാജ ഏംബസി കണ്ടെത്തുന്നതിന് ഏതാനും ദിവസം മുമ്പ് ന്യൂഡല്‍ഹിയിലെ കോണ്‍സുലേറ്റ് ജനറലിന്റെ ഫോട്ടോകള്‍ വെസ്റ്റാര്‍ട്ടിക്കയുടെ ഔദ്യോഗിക ഇന്‍സ്റ്റ ഹാന്‍ഡിലില്‍ പങ്കുവച്ചിരുന്നു. ഇന്ത്യയിലെ വെസ്റ്റാര്‍ട്ടിക്കയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഒപ്പം നാട്ടുകാര്‍ക്ക് വര്‍ഷത്തില്‍ അഞ്ചുതവണ ആയിരം പേര്‍ക്ക് വീതം ഭക്ഷണം വിതരണം ചെയ്യുന്നു എന്നും ക്യാപ്ഷനില്‍ പറയുന്നുണ്ട്.

അമേരിക്കന്‍ നാവികസേനയിലെ ഉദ്യോഗസ്ഥനായ ട്രാവിസ് മക്‌ഹെന്റി 2001-ലാണ് 'വെസ്റ്റാര്‍ക്കിക്ക' സ്ഥാപിച്ചത്. പിന്നീട് അയാള്‍ സ്വയം അതിന്റെ ഗ്രാന്‍ഡ് ഡ്യൂക്കായി അവരോധിച്ചു. അന്റാര്‍ട്ടിക്കയില്‍ സ്ഥിതി ചെയ്യുന്ന വെസ്റ്റാര്‍ക്കിക്കയുടെ വിസ്തീര്‍ണ്ണം 620,000 ചതുരശ്ര മൈലാണ്. അന്റാര്‍ട്ടിക്ക് ഉടമ്പടി സംവിധാനത്തിലെ ഒരു പഴുതുപയോഗിച്ചാണ് മക്‌ഹെന്റി സ്വയം ഭരണാധികാരിയായി നിയമിച്ചത്. അന്റാര്‍ട്ടിക്കയുടെ ചില ഭാഗങ്ങളില്‍ രാജ്യങ്ങള്‍ അവകാശവാദം ഉന്നയിക്കുന്നത് ഉടമ്പടി വിലക്കുന്നുണ്ടെങ്കിലും, സ്വകാര്യ വ്യക്തികളെക്കുറിച്ച് അതില്‍ ഒന്നും പറയുന്നില്ല. വെസ്റ്റാര്‍ക്കിക്കയ്ക്ക് 2,356 പൗരന്മാരുണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ അവരില്‍ ആരും അവിടെ താമസിക്കുന്നില്ല.