കൊല്ലം: ഇന്നലെ വൈകുന്നേരം മുതൽ കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപത്തെ ഓടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിക്ക് പതിനേഴ് വയസായിരുന്നു പ്രായം. മരണത്തിൽ മറ്റ് ദുരൂഹതകൾ ഇല്ലെന്നാണ് പോലീസ് പറയുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണായകമാകുമെന്നും അറിയിച്ചിട്ടുണ്ട്.

കിളികൊല്ലൂരിൽ കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കിളികൊല്ലൂർ സ്വദേശി നന്ദ സുരേഷ് (17) ന്റെ മൃതദേഹമാണ് വീടിന് സമീപത്തെ റെയിൽവേ ട്രാക്കിനോട് ചേർന്ന ഓടയിൽ നിന്ന് കണ്ടെത്തിയത്. പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു മരിച്ച നന്ദ.

ഇന്നലെ വൈകിട്ട് കാണാതായത് മുതൽ നന്ദയെ കുറിച്ചുളള അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.ഒടുവിൽ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ഇന്ന് വൈകിട്ടോടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ഭൗതിക ശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് അറിയിച്ചു.