കൊച്ചി: എറണാകുളം ചോറ്റാനിക്കരയില്‍ അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി ക്രൂരമര്‍ദ്ദനത്തിന് ഇരയായെന്ന് പൊലീസ്. കൊടിയ പീഡനമാണ് പെണ്‍കുട്ടി അനുഭവിക്കേണ്ടത് വന്നത്. സംഭവത്തില്‍ വില്ലനായി മാറിയത്, ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട കാമുകനായിരുന്നു. അനൂപ് എന്ന യുവാവാണ് പെണ്‍കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചത്.

പ്രതിയായ അനൂപ് തന്നെയാണ് പെണ്‍കുട്ടിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കി. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ശരീരത്തിന്റെ പല ഭാഗത്തും ഇടിയേറ്റ പാടുകളുമുണ്ട്. പെണ്‍കുട്ടി ഇപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

തലയോലപ്പറമ്പ് സ്വദേശിയായ അനൂപ് ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്. ഇയാള്‍ സംശയ രാഗിയായിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി അനൂപും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അനൂപ് മറ്റൊരാളെ വീടിന് പുറത്ത് കണ്ടിരുന്നു. പെണ്‍കുട്ടി വിളിച്ചിട്ടാണ് ആ ആള്‍ വന്നതെന്ന് അനൂപ് കരുതി.

അതിന്റെ പേരില്‍ അനൂപും പെണ്‍കുട്ടിയും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു.പ്രതി ഏതെങ്കിലും തരത്തിലുള്ള ആയുധം ഉപയോഗിച്ചാണോ മര്‍ദിച്ചതെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടി ഷാളുപയോഗിച്ച് ഫാനില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ ഷാള്‍ അനൂപ് മുറിക്കുകയും പിന്നീട് ഈ ഷാള്‍ കൊണ്ട് കുട്ടിയുടെ കഴുത്തില്‍ മുറുക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.ഇന്ന് അനൂപിനെ കോടതിയില്‍ ഹാജരാക്കും.

അതിന് മുമ്പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതി പൊലീസിന് മൊഴി നല്‍കിയത് ഇങ്ങനെ. 'പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് കിട്ടാതിരുന്നതോടെയാണ് രാത്രി വീട്ടിലേയ്ക്ക് എത്തിയത്. വീട്ടില്‍ എത്തിയ ഉടന്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചു. ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. പെണ്‍കുട്ടി വിസമ്മതിച്ചതോടെ ലൈംഗികമായി ഉപദ്രവിച്ചു. തല ഭിത്തിയില്‍ ഇടിപ്പിച്ചു. ശ്വാസം മുട്ടിച്ചു.

ഇതോടെ മരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ പെണ്‍കുട്ടി, ഷാള്‍ എടുത്ത് ഫാനില്‍ കെട്ടി കഴുത്തില്‍ കുരുക്കി. പോയി ചത്തോ എന്ന് പറഞ്ഞതോടെ പെണ്‍കുട്ടി ഫാനില്‍ തൂങ്ങി. മരണ വെപ്രാളം കണ്ട് ഷാള്‍ മുറിച്ചു. താഴെ വീണ പെണ്‍കുട്ടിയുടെ ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ മുഖം അമര്‍ത്തി പിടിച്ചു. ഇതോടെയാണ് കുട്ടി അബോധാവസ്ഥയിലായത്. നാല് മണിക്കൂറോളം വീട്ടില്‍ ചെലവഴിച്ചു. പെണ്‍കുട്ടി മരിച്ചെന്ന് കരുതിയാണ് വീടിന്റെ പിന്നിലൂടെ രക്ഷപ്പെട്ടത്'- അനൂപ് പറഞ്ഞു.

മുറിവില്‍ ഉറുമ്പരിക്കുന്ന നിലയില്‍ അര്‍ധനനഗ്‌നയായാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.