മീററ്റ്: അഞ്ചംഗ കുടുംബത്തെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും, അമ്മയും മൂന്ന് മക്കളുമാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ മീററ്റ് ലിസാരി ഗേറ്റ് ഏരിയയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. മോയിന്‍, ഭാര്യ അസ്മ മക്കളായ അഫ്‌സ (8), അസീസ (4), അദിബ (1) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.

ബുധനാഴ്ച മുതല്‍ കുടുംബത്തെ വീടിനുപുറത്ത് കണ്ടിരുന്നില്ല. തുടര്‍ന്ന് മോയിന്റെ സഹോദരനും ഭാര്യയും വീട്ടിലെത്തി. പല തവണ ശ്രമിച്ചെങ്കിലും വാതില്‍ തുറക്കാനായില്ല. തുടര്‍ന്ന് അയല്‍വാസികളുടെ സഹായത്തോടെ വാതില്‍ തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. വീടിനുള്ളില്‍ സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

മരിച്ചവരുടെ മൃതദേഹങ്ങള്‍ക്ക് തലയില്‍ ഗുരുതര പരിക്കുണ്ട്. ഭാരമുള്ള വസ്തു കൊണ്ട് അടികിട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നത്. വീടിന്റെ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. ദമ്പതികളുടെ മൃതദേഹം നിലത്തും മക്കളുടേത് കട്ടിലിനടിയിലുമാണ് കണ്ടെത്തിയത്. മരിച്ചവരില്‍ ഒരാളുടെ കാലുകള്‍ ബെഡ്ഷീറ്റ് ഉപയോഗിച്ച് ബന്ധിച്ച നിലയിലാണ്.

അടുത്തിടെയാണ് കുടുംബം ഈ പ്രദേശത്ത് താമസം ആരംഭിച്ചത്. ഇവരുടെ പശ്ചാത്തലം അന്വേഷിച്ചുവരികയാണ്. കൊലയാളി അല്ലെങ്കില്‍ കൊലയാളികള്‍ കുടുംബത്തിന് അറിയാവുന്ന ആരെങ്കിലുമായിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. മുന്‍ വൈരാഗ്യമായിരിക്കാം കൊലയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.