ബെംഗളൂരു: ബെംഗളൂരുവില്‍, 100 കോടിയുടെ ചിട്ടി തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ മലയാളി ദമ്പതികള്‍ രാജ്യം വിട്ടു. ആലപ്പുഴ സ്വദേശി ടോമി എ. വര്‍ഗീസും ഭാര്യ സിനിയും വ്യാഴാഴ്ച, മുംബൈയില്‍ നിന്നും കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലേക്കാണ് മുങ്ങിയത്. ഇവര്‍ക്കെതിരെ ബെംഗളുരു പൊലീസിന് 430 പേരാണ് പരാതി നല്‍കിയത്.

ആര്‍.കെ.പുരത്തിന് അടുത്ത് ഭട്ടാരഹളളിയില്‍, 1615 ചതുരശ്ര അടി വലിപ്പമുള്ള പൂര്‍ണമായി ഫര്‍ണിഷ് ചെയ്്ത ത്രീ ബെഡ് റൂം ഫ്‌ളാറ്റ് 1.1 കോടിക്ക് വാങ്ങിയ ദമ്പതികള്‍ ഒരുകോടിയിലും താഴെ വിലയ്ക്ക് വിറ്റാണ് രാജ്യം വിട്ടത്. ഇവരുടെ കാറുകളും വിറ്റിരുന്നു. പൊലീസിന് ലഭ്യമായ സിസി ടിവി ദൃശ്യങ്ങള്‍ പ്രകാരം ജൂലൈ മൂന്നിന് ഇരുവരും സ്യൂട്ട്‌കെയ്‌സുകളുമായി വീട് വിടുന്നത് കാണാം. ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഫണ്ടും പിന്‍വലിച്ചു. വളരെ ആസൂത്രിതമായാണ് പ്രതികള്‍ മുങ്ങിയതെന്ന് പൊലീസും വിലയിരുത്തുന്നു.

ഇടവക പള്ളിയുമായും മലയാളി സംഘടനകളുമായുള്ള അടുപ്പത്തിന്റെ മറവില്‍ ആയിരത്തിലധികം പേരെ പറ്റിച്ചാണ് ദമ്പതികള്‍ രാജ്യം വിട്ടത്. രാമമൂര്‍ത്തി നഗറിലെ എ.ആന്‍ഡ് എ ചിറ്റിസില്‍ ചൊവ്വാഴ്ച വരെ ഉടമകളെത്തിയിരുന്നു. പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ചതോടെയാണ് രാജ്യം വിട്ടെന്ന് മനസ്സിലായത്. ദമ്പതികളുടെ മകള്‍ ബെംഗളൂരുവിലാണ് താമസിക്കുന്നത്. മക്കളില്‍ ഒരാള്‍ ഗോവയിലും മറ്റൊരാള്‍ കാനഡയിലുമാണ്. ചില നിക്ഷേപകര്‍ ബന്ധപ്പെട്ടതോടെ ടൊറന്റോയിലുള്ള മകനും മുങ്ങി. മകളെയും വിളിച്ചിട്ട് കിട്ടുന്നില്ല. നിക്ഷേപകര്‍ വാട്‌സാപ്പില്‍ ഗ്രൂപ്പുണ്ടാക്കി ആശയവിനിമയം ചെയ്യുകയും പരാതികള്‍ പിന്തുടരുകയും ചെയ്യുന്നു. തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന്റെ ചെറിയൊരു ഭാഗമെങ്കിലും നികത്താന്‍ ആയെങ്കില്‍ എന്നാണ് അവര്‍ ആശിക്കുന്നത്.

മതചടങ്ങുകളിലും പള്ളി ഉത്സവങ്ങളിലും എല്ലാം സജീവമായി പങ്കെടുക്കുരയും പല പരിപാടികളും കമ്പനി വഴി സ്‌പോണ്‍സര്‍ ചെയ്യുകയും ചെയ്ത ടോമിയും ഷിനിയും പതിയെ പതിയെ സമൂഹത്തിന്റെ വിശ്വാസം ആര്‍ജ്ജിച്ചെടുക്കുകയായിരുന്നു. ഈ വര്‍ഷം ജനുവരിയിലും ഒരു ദേവാലയ ഉത്സവം ഇവര്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്നു.

കഴിഞ്ഞ 25 വര്‍ഷമായി ബെംഗളൂരുവില്‍ കഴിയുന്ന ടോമിയും ഷിനിയും നിക്ഷേപത്തിന് 15 മുതല്‍ 20 ശതമാനം വരെ വലിയ ലാഭമാണ് ചിട്ടിയിലൂടെ ഇരുവരും വാഗ്ദാനം ചെയ്തത്. തുടക്കത്തില്‍, കൃത്യമായ ലാഭം നല്‍കിയിരുന്നതായി ഇരകളായ നിക്ഷേപകര്‍ പറഞ്ഞു. ബെംഗളൂരു നഗരത്തിലെ രാമമൂര്‍ത്തി നഗറിലായിരുന്നു ഓഫീസ്. രണ്ടുപതിറ്റാണ്ടായി നേടിയെടുത്ത നിക്ഷേപകരുടെ വിശ്വാസവും പണവും വെളളത്തിലാക്കി കൊണ്ടാണ് ഇരുവരും പെട്ടെന്നൊരു ദിവസം മുങ്ങിയത്.

പല നിക്ഷേപകരും തങ്ങളുടെ ജീവിതകാല സമ്പാദ്യം മുഴുവന്‍ നിക്ഷേപിച്ചു. സ്ഥലം വിറ്റും മറ്റുമാണ് പലരും നേട്ടം മോഹിച്ച് നിക്ഷേപിച്ചത്. പതിറ്റാണ്ടോളം കൃത്യമായ റിട്ടേണുകള്‍ കിട്ടിയതോടെ നിക്ഷേപക സമൂഹത്തിന്റെ വിശ്വാസം ആര്‍ജ്ജിക്കാനും കഴിഞ്ഞു. എന്നാല്‍, സമീപകാലത്ത് പണം വരവ് നിലയ്ക്കുകയും ദമ്പതികളെ ഫോണില്‍ കിട്ടാതാകുകയും ചെയ്തു. ഏകദേശം 300 ഓളം നിക്ഷേപകരാണ് പൊലീസിന് പരാതി നല്‍കിയത്. ഇവരെല്ലാം വന്‍തുകകള്‍ നിക്ഷേപിച്ചതായാണ് വിവരം. രാമമൂര്‍ത്തി നഗര്‍ സ്വദേശിയായ പി ടി സാവിയോ(64) നല്‍കിയ പരാതിയില്‍ തന്റെ പക്കല്‍ നിന്ന് 70 ലക്ഷം രൂപ ദമ്പതികള്‍ തട്ടിയെടുത്തതായി പറയുന്നു. ഇവരുടെ ചിട്ടി കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലും, ദമ്പതികളുടെ വ്യക്തിഗത അക്കൗണ്ടുകളിലുമാണ് മിക്കവരും പണം നിക്ഷേപിച്ചത്. ' എന്റെയും കുടുംബത്തിന്റെയും കയ്യില്‍ നിന്ന് 70 ലക്ഷം തട്ടിയെടുത്തു. അതുപോലെ പലരില്‍ നിന്നായി കോടികളും. കമ്പനിയുടെ ഓഫീസില്‍ പോയപ്പോള്‍ പൂട്ടി കിടക്കുകയായിരുന്നു. ഇരുവരെയും കാണാനില്ലായിരുന്നു. ഫോണും സ്വിച്ച് ഓഫ് ആയിരുന്നു'- സാവിയോയുടെ പരാതിയില്‍ പറയുന്നു.


ചെറിയ നിക്ഷേപത്തില്‍ തുടക്കം


വര്‍ഷങ്ങളായി ചിട്ടി കമ്പനി നടത്തി വരുന്ന ദമ്പതികള്‍ ആദ്യകാലത്ത് ചെറിയ നിക്ഷേപങ്ങളാണ് സ്വീകരിച്ചിരുന്നത്. ഏകദേശം അഞ്ച് ലക്ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍. ചെറിയ തുകയുടെ പരിധിയായത് കൊണ്ട് തന്നെ നിക്ഷേപക സമൂഹത്തിന്റെ വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞു. എന്നാല്‍, കാലം മാറിയതോടെ ചിട്ടി കമ്പനി നടത്തിപ്പിന്റെ തന്ത്രങ്ങളും മാറ്റി. സ്ഥിര നിക്ഷേപത്തില്‍ അസാധാരണമായ റിട്ടേണുകളാണ് ഇവര്‍ വാഗ്ദാനം ചെയ്തത്. വന്‍തുകകള്‍ വാഗ്ദാനം ചെയ്തതോടെ വലിയ തോതിലുള്ള നിക്ഷേപങ്ങളും കുമിഞ്ഞുകൂടിയ ചില നിക്ഷേപകര്‍ ഒന്നര കോടി വരെ നിക്ഷേപിച്ചതായാണ് വിവരം. വളരെ വേഗത്തില്‍ ലാഭം കിട്ടുമെന്നതാണ് നിക്ഷേപകര്‍ക്ക് ആകര്‍ഷകമായത്.

പെട്ടെന്നുള്ള മുങ്ങലും സംശയങ്ങളും

ടോമി എ വര്‍ഗീസ് പൊടുന്നനെ മുങ്ങിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. തന്റെ കുടുംബത്തിനുള്ളില്‍ ഒരാള്‍ക്ക് അസുഖം കൂടിയെന്നും പെട്ടെന്ന് തനിക്ക് ആലപ്പുഴയിലേക്ക് പോകണമെന്നും നിക്ഷേപരെ അറിയിച്ച ശേഷമാണ് സ്ഥലം വിട്ടത്. എന്നാല്‍, അതിന് ശേഷം ഫോണില്‍ കിട്ടാതെയായി. മുങ്ങിയതാണെന്ന സംശയം ഉയര്‍ന്നതോടെ തട്ടിപ്പിന് ഇരയായെന്ന സംശയം പ്രബലമായി. ഇതോടെയാണ് പൊലീസില്‍ പരാതി എത്തിയത്.

ഒരു ലക്ഷം മുതല്‍ 4.5 കോടി രൂപ വരെ എ ആന്‍ഡ് എ ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സ് കമ്പനിയില്‍ നിക്ഷേപിച്ചവര്‍ ഉണ്ട്. പല നിക്ഷേപകരോടും കാലാവധി പൂര്‍ത്തിയാകുന്നതോടെ മറ്റൊരു നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ ദമ്പതികള്‍ ആവശ്യപ്പെടുമായിരുന്നു. പുതിയ സ്ഥിര നിക്ഷേപത്തിന് ഉയര്‍ന്ന പലിശയും ഇവര്‍ വാഗ്ദാനം ചെയ്തു. ചിറ്റ്സ് റജിസ്ട്രാറുടെ നിയന്ത്രണത്തില്‍ ഉള്ളതിനാലും ഓരോ ചിട്ടികളുടെയും ആകെ മൂല്യം ചിറ്റ്‌സ് റജിസ്ട്രാറില്‍ നിക്ഷേപിച്ചതിനാലും പണം സുരക്ഷിതമാണെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. 25 വര്‍ഷം മുന്‍പാണ് ടോമിയുടെ കുടുംബം ബെംഗളൂരുവിലേക്ക് താമസം മാറിയിയത്. ടോമിയുടെ സ്വദേശമായ ആലപ്പുഴ ജില്ലയിലെ രാമങ്കരിയാണ്. രാമങ്കരിയില്‍ വളരെ അപൂര്‍വമായി മാത്രമേ വന്നിരുന്നുള്ളൂ. ടോമിയുടെ പിതാവിന്റെ ഉടമസ്ഥതയില്‍ എസി റോഡിനോട് ചേര്‍ന്ന് വീടുണ്ടെങ്കിലും അത് ആരും നോക്കാനില്ലാതെ അനാഥമായി കിടക്കുകയാണ്. ഇടയ്ക്കു നാട്ടില്‍ വരുന്നത് ഒഴിച്ചാല്‍ നാട്ടുകാരുമായി ടോമി ബന്ധം കാത്തുസൂക്ഷിച്ചിരുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. ചെറുപ്പത്തില്‍ ഡിവൈഎഫ്‌ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു ടോമി. ഒരു തിരഞ്ഞെടുപ്പ് കാലത്ത് ബൂത്തില്‍ നടന്ന സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചത് ടോമിയുടെ നേതൃത്വത്തിലുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായിരുന്നെന്നും സമീപവാസികള്‍ പറയുന്നു.

ടോമിയുടെ സഹോദരന്‍ ചങ്ങനാശേരി ചെത്തിപ്പുഴ ഭാഗത്താണ് താമസിക്കുന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരിക്കെ ബെംഗളൂരുവില്‍ ജോലിക്ക് പോയ ശേഷം ടോമിയെ കുറിച്ച് വലിയ അറിവ് നാട്ടുകാര്‍ക്ക് ഉണ്ടായിരുന്നില്ല. സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന കുടുംബമായിരുന്നു ടോമിയുടേത്. പെട്ടെന്ന് അതെല്ലാം മാറി. ടോമിയുടെ ജീവിതശൈലി ആഡംബരം നിറഞ്ഞതായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കാണ് ടോമി നാട്ടില്‍ വന്നിരുന്നത്. സഹോദരന്‍ പിന്നീട് ചങ്ങനാശേരിയില്‍ ബിസിനസ് ആരംഭിച്ചു. നാട്ടില്‍ വരുമ്പോഴെല്ലാം സിപിഎം പ്രവര്‍ത്തകരുമായി ടോമിക്ക് ബന്ധമുണ്ടായിരുന്നു. ടോമിയുടെ പിതാവ് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് പള്ളിയില്‍ നടന്ന ചടങ്ങില്‍ സംബന്ധിക്കാനാണ് ടോമി അവസാനമായി രാമങ്കരിയില്‍ വന്നത്. വിലപിടിപ്പുള്ള വലിയ കാറുകളിലാണ് ടോമി നാട്ടില്‍ വന്നിരുന്നത്.