- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മൂന്നാമതൊരു കുട്ടിയുണ്ടെങ്കില്‍ സര്‍ക്കാര്‍ ജോലി നഷ്ടമാകുമെന്ന് ആശങ്ക; നവജാതശിശുവിനെ കാട്ടില്‍ ഉപേക്ഷിച്ച് മാതാപിതാക്കള്‍; പ്രഭാത സവാരിക്ക് പോയവര്‍ കുഞ്ഞിന്റെ നിലവിളി കേട്ടത് തുണയായി; ഉറുമ്പുകടിയെറ്റെങ്കിലും കുഞ്ഞിന്റെ ജീവന് തിരിച്ചുകിട്ടി
മൂന്നാമതൊരു കുട്ടിയുണ്ടെങ്കില്‍ സര്‍ക്കാര്‍ ജോലി നഷ്ടമാകുമെന്ന് ആശങ്ക
ഭോപ്പാല്‍: സര്‍ക്കാര്‍ ജോലി നഷ്ടമാകുമെന്ന ഭയത്തില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചു മാതാപിതാക്കള്‍. മൂന്ന് ദിവസം മാത്രം പ്രായമുള്ള ശിശുവിനെയാണ് കാട്ടില്‍ ഉപേക്ഷിച്ചത്. മധ്യപ്രദേശിലെ നന്ദന്‍വാടി ഗ്രാമത്തിലാണ് ദാരുണസംഭവം നടന്നത്. സര്‍ക്കാര്‍ ജോലി നഷ്ടമാകുമെന്ന ആശങ്കയിലാണ് നവജാത ശിശുവിനെ കാട്ടില്‍ ഉപേക്ഷിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
സര്‍ക്കാര്‍ അധ്യാപകനായ പിതാവ് ബബ്ലു ദണ്ഡോലിയയും മാതാവ് രാജകുമാരി ദണ്ഡോലിയയുമാണ് തങ്ങളുടെ നാലാമത്തെ കുഞ്ഞിനെ കാട്ടില്‍ ഉപേക്ഷിച്ചത്. സെപ്റ്റംബര്‍ 23നാണ് രാജകുമാരി നവജാതശിശുവിന് ജന്മം നല്‍കിയത്. മൂന്ന് ദിവസത്തിന് ശേഷം കുഞ്ഞിനെ കാട്ടില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു. അതീവ രഹസ്യമായിരുന്നു ദമ്പതികളുടെ ഗര്‍ഭധാരണമെന്ന് പൊലീസ് പറഞ്ഞു.
നന്ദന്‍വാടി ഗ്രാമത്തിലെ പ്രഭാത സവാരിക്ക് പോയവരാണ് കുഞ്ഞിന്റെ നിലവിളി ആദ്യം കേട്ടത്. ആദ്യം കേട്ടപ്പോള്‍ അതൊരു മൃഗമാണെന്ന് കരുതി. പിന്നീട് അടുത്തേക്ക് ചെന്നപ്പോള്‍ ഒരു കല്ലിനിടയില്‍ ചെറിയൊരു കൈകുഞ്ഞ് കിടന്ന് കരയുന്നതായാണ് ഗ്രാമവാസികള്‍ കണ്ടത്. ഉടനെ പൊലീസില്‍ അറിയിക്കുകയും കുഞ്ഞിനെ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ചിന്ദ്വാര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന് ഉറുമ്പുകടിയേറ്റതായും ഹൈപ്പോതെര്‍മിയയുടെ ലക്ഷങ്ങള്‍ ഉള്ളതായും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുഞ്ഞിന്റെ അതിജീവനം അത്ഭുതകരമാണെന്നും ആരോഗ്യനില തൃപ്തികരമെന്നും ശിശുരോഗ വിദഗ്ദ്ധന്‍ പറഞ്ഞു.
ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) സെക്ഷന്‍ 93 പ്രകാരം മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് ബി.എന്‍.എസ് സെക്ഷന്‍ 109 (കൊലപാതകശ്രമം) ഉള്‍പ്പെടെയുള്ള കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ കല്യാണി ബര്‍കാഡെ പറഞ്ഞു.
2001 ജനുവരി 26 മുതല്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ കീഴില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് 'രണ്ട് കുട്ടികള്‍' മാത്രമേ പാടുള്ളൂ എന്ന ഉത്തരവ് സര്‍ക്കാര്‍ പാസാക്കിയിരുന്നു. ഇത് ലംഘിച്ച് മൂന്നാമതൊരു കുഞ്ഞിന് ജന്മം നല്‍കിയാല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടുമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ഈ ഉത്തരവാണ് ദമ്പതികള്‍ ഭയന്നത്. തുടര്‍ന്നാണ് കാട്ടില്‍ കുഞ്ഞിനെ ഉപേക്ഷിച്ത്. നിലവില്‍ ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്. മധ്യപ്രദേശ് സിവില്‍ സര്‍വീസ് (ജനറല്‍ കണ്ടിഷന്‍ ഓഫ് സര്‍വീസസ്) 1961ലെ നിയമം അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ 2001ല്‍ ഈയൊരു നിയമം പാസാക്കിയത്.
നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്ത് കൂടുതല്‍ നവജാതശിശുക്കളെ ഉപേക്ഷിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുമ്പിലാണ് മധ്യപ്രദേശ്. ദാരിദ്ര്യം, അപമാനം, ജോലിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയം തുടങ്ങിയവ ഇത്തരം സംഭവങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.