ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ഭാര്യയെ പരിശോധനക്കെത്തിച്ചയാൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരെയും ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുട്ടിപ്പാലം സ്വദേശി ഗോപകുമാറിനെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. അത്യാഹിത വിഭാഗത്തിലെ ഡോക്ടർ ഉമ്മറിൻ്റെ ഷർട്ട് വലിച്ചു കീറുകയും സുരക്ഷാ ജീവനക്കാരൻ ജ്യോതിഷിനെ കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. ഭാര്യ പടിയിൽ നിന്ന് വീണ് കാലിന് പരിക്കേറ്റുവെന്ന് പറഞ്ഞാണ് ഇരുവരും ആശുപത്രിയിലെത്തിയത്. ഒ.പി. ടിക്കറ്റ് രജിസ്ട്രേഷന് എത്തിയപ്പോൾ ക്യൂ.ആർ. കോഡ് സ്കാൻ ചെയ്യാനാവുന്നില്ലെന്ന് പറഞ്ഞ് കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരിയെ ഇയാൾ അസഭ്യം പറഞ്ഞു. തുടർന്ന് അത്യാഹിത വിഭാഗത്തിലെത്തിയ ഡോക്ടർ രോഗിയെ പരിശോധിച്ചു. ഇതിനിടെ, ഭാര്യയുടെ ശരീരത്തിലെ പാടുകൾ ശ്രദ്ധയിൽപ്പെട്ട ഡോക്ടർ, എന്തു പറ്റിയെന്ന് ഗോപകുമാറിനോട് ചോദിച്ചു. ഇത് പ്രതിയെ പ്രകോപിതനാക്കുകയും ഡോക്ടറുടെ ഷർട്ട് വലിച്ചു കീറുകയും ചെയ്തു.

തർക്കം കയ്യാങ്കളിയായതോടെ രംഗത്തെത്തിയ സുരക്ഷാ ജീവനക്കാരൻ ജ്യോതിഷിനെ പ്രതി കടിച്ചു പരിക്കേൽപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആശുപത്രി ജീവനക്കാർ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയുടെ ഭാര്യയുടെ ശരീരത്തിലെ പാടുകൾ മർദനത്തെ തുടർന്നാണെന്ന ഡോക്ടറുടെ നിരീക്ഷണത്തെക്കുറിച്ചും പോലീസ് അന്വേഷണം നടത്തും. എന്നാൽ, മർദ്ദനമേറ്റതല്ലെന്നാണ് പ്രതിയുടെ ഭാര്യ പോലീസിന് നൽകിയ മൊഴി. സംഭവത്തെത്തുടർന്ന് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ആശുപത്രികളിലെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.