ആലപ്പുഴ: ജോലി വാഗ്ദാനം ചെയ്ത് കംബോഡിയയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിലെ പ്രതിയെ കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ചിങ്ങോലി കൊച്ചുതെക്കതില്‍ വീട്ടില്‍ ബിനീഷ്‌കുമാര്‍ (34) ആണ് അറസ്റ്റിലായത്. ജോലി വാഗ്ദാനം ചെയ്ത് കംബോഡിയയില്‍ എത്തിച്ച ശേഷം തട്ടപ്പിന് പ്രേരിപ്പച്ച കേസിലാണ് അറസ്റ്റ്. നിരവധി പേരാണ് ഇആളുടെ തട്ടിപ്പിനിരയായി കംബോഡിയയിലെത്തിയത്.

മുതുകുളം വടക്ക് ചേപ്പാട് കന്നിമേല്‍ ശാന്താലയം വീട്ടില്‍ അക്ഷയ് (25) കുമാര്‍ ആണ് തട്ടിപ്പിനിരയായവരില്‍ ഒരാള്‍. അക്ഷയില്‍ നിന്ന് 1,65,000 രൂപ വാങ്ങി ടെലികോളര്‍ ജോലി വാഗ്ദാനം ചെയ്ത് മാര്‍ച്ച് 21ന് കംബോഡിയയില്‍ എത്തിച്ച ശേഷം എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഇതിനു വിസമ്മതിച്ച അക്ഷയിനെ ദിവസങ്ങളോളം ഇരുട്ടു മുറിയില്‍ അടച്ചു ശാരീരികമായി പീഡിപ്പിച്ചു. മകനില്‍ നിന്ന് വിവരം മനസ്സിലാക്കിയ അക്ഷയയുടെ പിതാവ് ശാന്തകുമാരന്‍ എംബസിയില്‍ വിവരം അറിയിക്കുകയും എംബസി ഇടപെട്ട് അക്ഷയ്യെയും ഒപ്പം ഉണ്ടായിരുന്ന അറുപതോളം ഇന്ത്യക്കാരായ യുവാക്കളെയും രക്ഷപ്പെടുത്തി മേയ് 24ന് നാട്ടില്‍ എത്തിക്കുകയുമായിരുന്നു.

ശാന്തകുമാരന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നു നാടുവിട്ട പ്രതി ബിനീഷ്‌കുമാര്‍ മൂന്നാറില്‍ ഒളിവില്‍ കഴിയുകയാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അവിടെ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഹരിപ്പാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അക്ഷയ് ഉള്‍പ്പെടെ മൂന്ന് പേരെയാണ് ബിനീഷ്‌കുമാര്‍ കംബോഡിയയിലേക്കു കടത്തിയത്. മറ്റു രണ്ടു പേര്‍ കൊല്ലം ജില്ലക്കാര്‍ ആണ്. വാങ്ങിയ പണം തിരികെ നല്‍കാമെന്ന ബിനീഷ്‌കുമാറിന്റെ ഉറപ്പില്‍ ഇവര്‍ നിയമ നടപടികളുമായി മുന്നോട്ടു പോയില്ല.

എന്നാല്‍ കേസിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര അന്വേഷണ ഏജന്‍സികളായ ഇന്റലിജന്‍സ് ബ്യൂറോയിലെയും ദേശീയ സുരക്ഷാ ഏജന്‍സിയിലെയും ഉദ്യോഗസ്ഥര്‍ കനകക്കുന്ന് പൊലീസ് സ്റ്റേഷനില്‍ നിന്ന് കേസ് സംബന്ധമായ വിവരങ്ങള്‍ ശേഖരിച്ചു.