- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി സഞ്ചരിച്ച കാറിന്റെ പിറകില്‍ വന്നിടിച്ചത് കാറ്ററിംഗ് വാന്‍; നിര്‍ത്തിയ ഉടനേ കാറിലേക്ക് അതിക്രമിച്ചു നടിയുടെ വാമൂടി ഒരു സംഘവും; ഓടുന്ന കാറില്‍ രണ്ടര മണിക്കൂറോളം നീണ്ട അക്രമം; കൂട്ടമായി ശാരീരികമായി ഉപദ്രവിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തി; അക്രമത്തിന് ശേഷം നടിയെ കാക്കനാട് ഇറക്കി വിട്ടു; കോളിളക്കം സൃഷ്ടിച്ച കേസിന്റെ എഫ്.ഐ.ആറില്‍ പറയുന്നത് ഇങ്ങനെ
നടി സഞ്ചരിച്ച കാറിന്റെ പിറകില്‍ വന്നിടിച്ചത് കാറ്ററിംഗ് വാന്‍
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച ക്വട്ടേഷന്‍ ബലാത്സംഗകേസ് രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട കേസാണ്. ഇത് മുമ്പ് സമാനമായ വിധത്തില്‍ ബലാത്സംഗ ക്വട്ടേഷന്‍ ഉണ്ടായിരുന്നില്ല എന്നതാണ് ഈ കേസിനെ ദേശീയ തലത്തില്‍ അടക്കം ശ്രദ്ധ നല്‍കിയത്. ദിലീപ് എന്ന നടന്റെ പ്രതികാരമാണ് ഈ കേസ് എന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തലും പ്രോസിക്യൂഷന്‍ വാദവും. ഈ വാദങ്ങളില്‍ ഏതൊക്കെ കോടതി ശരിവെക്കുമെന്ന് അറിയാന്‍ അടുത്തമാസം ഡിസംബര്‍ എട്ടുവരെ കാത്തിരിക്കണം. കേസില്‍ അന്തിമ വിധി കോടതി അന്ന് പറയും.
ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ യുവനടി അതിക്രൂരമായ ആക്രമണങ്ങളാണ് നേരിട്ടതെന്നാണ് പൊലീസിന്റെ എഫ്ഐആറില്‍ വ്യക്തമാക്കുന്നത്. അന്ന് മാധ്യമങ്ങളില്‍ ബ്രേക്കിംഗ് ന്യൂസായ മാറിയ കേസിലാണ് പിന്നീട് നടന്‍ ദിലീപ് അടക്കം പ്രതിയായി മാറിയത്. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വെച്ച് കൂട്ടമായി ശാരീരികമായി ഉപദ്രവിക്കുകയും മറ്റൊരാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതായാണ് എഫ്‌ഐആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടര മണിക്കൂറോളം നീണ്ടു നിന്ന അക്രമത്തിന് ശേഷം നടിയെ കാക്കനാട്ടെ പടമുകളില്‍ സ്വന്തം കാറിന് സമീപം ഇറക്കി വിടുകയായിരുന്നു.
അന്ന് നടന്നത് ഇങ്ങനെയാണ്: തൃശ്ശൂരിലെ ഷൂട്ടിങ് കഴിഞ്ഞ് നടി രാത്രി ഏഴ് മണിയോടെ സിനിമ നിര്‍മ്മാണ കമ്പനിയുടെ എസ്യുവി കാറില്‍ പനമ്പിള്ളി നഗറിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് വരികയായിരുന്നു. യാത്രക്കിടയില്‍ ഡ്രൈവര്‍ മാര്‍ട്ടിന്‍ ആര്‍ക്കൊക്കെയോ മെസ്സേജുകള്‍ അയക്കുന്നുണ്ടായിരുന്നു. 8.30 ഓടെ നെടുമ്പാശേരി എയര്‍പോര്‍ട്ട് ജംങ്ഷനില്‍ വെച്ച് കാറിനെ പിന്തുടര്‍ന്നിരുന്ന കാറ്ററിങ് വാന്‍ കാറിന് പുറകില്‍ ഇടിച്ചു.
കാറ് നിര്‍ത്തിയ ഉടനേ തന്നെ രണ്ടുപേര്‍ കാറിലേക്ക് അതിക്രമിച്ചു കടക്കുകയും നടിയുടെ വായ മൂടിപിടിക്കുകയും ചെയ്തു. ബഹളം വെക്കരുത് എന്ന് ഭീഷണിപ്പെടുത്തി. നടിയുടെ കൈയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി. യാത്രയ്ക്കിടയില്‍ ഒരാള്‍ കളമശ്ശേരിയില്‍ ഇറങ്ങി. കറുത്ത ടി ഷര്‍ട്ട് ധരിച്ച ഒരാള്‍ കാറില്‍ കയറുകയും അക്രമം തുടരാന്‍ മറ്റുള്ളവരെ സഹായിക്കുകയും ചെയ്തു.
കാറ് ഒരു ഗ്രില്‍ വാതിലുള്ള വീട്ടില്‍ എത്തിച്ചു. അവിടെ നിന്നാണ് പള്‍സര്‍ സുനി വാഹനത്തില്‍ കയറുന്നത്. സുനി ഒരു ടവ്വല്‍ കൊണ്ട് മുഖം മറച്ചിരുന്നു. സുനിയെത്തിയതോടെ ഡ്രൈവര്‍ സീറ്റിലിരുന്നയാള്‍ മാറി കൊടുത്തു. സുനിയാണ് വണ്ടി തിരികെ കാക്കനാട്ട് എത്തിച്ചത്. താന്‍ നടിയുടെ ചിത്രങ്ങളും വീഡിയോയും പകര്‍ത്താന്‍ നിയോഗിക്കപ്പെട്ടയാളാണ് എന്ന് സുനി പറഞ്ഞു. അക്രമം കഴിഞ്ഞ ശേഷം നടി നേരെ സംവിധായകന്‍ ലാലിന്റെ വീട്ടിലെത്തി കാര്യങ്ങള്‍ പറയുകയായിരുന്നു. അന്ന് വിവരം അറിഞ്ഞ പി ടി തോമസ് അടക്കം സ്ഥലത്തെത്തി. ഇതോടെയാണ് വിഷയം പുറംലോകം അറിഞ്ഞതും.
കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്ന പള്‍സറാണ് പ്രതിയെന്ന് വ്യക്തമായിരുന്നു. പിന്നീട് കേസില്‍ മറ്റുള്ളവര്‍ക്കുള്ള പങ്കും പുറത്തുന്നു. അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തിലാണ് ദിലീപ് പ്രതിയാകുന്നത്. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി,ബി. മണികണ്ഠന്‍, വി പി വിജീഷ്, എച്ച് സലിം (വടിവാള്‍ സലിം), പ്രദീപ് , ചാര്‍ലി തോമസ്, നടന്‍ ദിലീപ് (പി ഗോപാലകൃഷ്ണന്‍), സനില്‍കുമാര്‍ (മേസ്തിരി സനില്‍) എന്നിവരാണ് പ്രതികള്‍. കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന വിഷ്ണുവിനെ മാപ്പുസാക്ഷിയാക്കി. പ്രദീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
കേസിന്റെ ആദ്യഘട്ടത്തില്‍ ദിലീപ് കേസില്‍ പ്രതിയായിരുന്നില്ല. എന്നാല്‍ കേസിന്റെ ഗൂഢാലോചനയിലേക്ക് അന്വേഷണം നീണ്ടതോടെയാണ് നടന്‍ ദിലീപ് എട്ടാം പ്രതിയാകുന്നത്. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂലൈ 10-ന് ദിലീപിനെ അറസ്റ്റ് ചെയ്തു. അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് മുന്‍പാകെ ഹാജരാക്കിയ ദിലീപിനെ റിമാന്‍ഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബര്‍ മൂന്നിനാണ് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്.
പ്രധാന പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് അയച്ച യഥാര്‍ഥ കത്ത് അന്വേഷണ സംഘം കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. സുനിയുടെ സഹതടവുകാരനായ കുന്നകുളം സ്വദേശിയുടെ വീട്ടില്‍ നിന്നാണ് കത്ത് കണ്ടെത്തിയത്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതും ഗൂഢാലോചനയ്ക്ക് പിന്നിലും ദിലീപാണെന്നാണ് കത്തില്‍ പറയുന്നത്. വലിയ ഭീഷണി നേരിടുന്നുണ്ടെന്നും ദിലീപാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചതെന്നുമുള്ള കാര്യങ്ങളും പള്‍സര്‍ സുനി കത്തില്‍ എഴുതിയിരുന്നു. 50 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ ഏറ്റെടുത്തതെന്ന് പള്‍സര്‍ സുനി പിന്നീട് വെളിപ്പെടുത്തിയിരുന്നു.
2017 ഫെബ്രുവരിയില്‍ അറസ്റ്റിലായ പള്‍സര്‍ സുനിക്ക് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണ നടപടി വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ചാണു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഏപ്രിലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. കേസില്‍ പള്‍സര്‍ സുനിക്ക് വേണ്ടി സുപ്രീംകോടതി വരെ നടത്തിയ നിയമപോരാട്ടങ്ങളും ഏറെ ചര്‍ച്ചയായിരുന്നു. ഉന്നത അഭിഭാഷകരാണ് സുനിക്ക് വേണ്ടി ഹാജറായിരുന്നത്.




