അടൂര്‍: കെ.എസ്.ആര്‍.ടി.സി ബസില്‍ എം.ഡി.എം.എയുമായി സഞ്ചരിച്ച രണ്ടു യുവാക്കള്‍ അറസ്റ്റില്‍. കണ്ണംകോട് പൂതക്കുഴി തെക്കേതില്‍ യാസിന്‍(23), ചെട്ടിയാര്‍ വീട്ടില്‍ മേലേതില്‍ ഫറൂഖ്(23) എന്നിവരെയാണ് 97 ഗ്രാം എം.ഡി.എം.എയുമായി പോലീസും ജില്ലാ ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്. ഇന്നലെ രാവിലെ 10.30 നാണ് സംഭവം. ബംഗളൂരുവില്‍ നിന്നുമാണ് എം.ഡി.എം.എ വാങ്ങിയതെന്ന് യുവാക്കള്‍ പോലീസിനോട് പറഞ്ഞു. ട്രെയിനില്‍ വന്ന് തിരുവല്ലയില്‍ ഇറങ്ങി. ഇവിടെ നിന്നുമാണ് കെഎസ്ആര്‍ടിസി ബസില്‍ കയറിയത്. ഇവര്‍ വരുന്നതറിഞ്ഞ് ഡാന്‍സാഫ് സംഘവും പോലീസും തയാറായി നിന്നു. തുടര്‍ന്ന് കെഎസ്ഇബി ഓഫീസിനു സമീപം വച്ച് ബസ് തടഞ്ഞു നിര്‍ത്തിയാണ് ഇവരെ പിടികൂടിയത്. ഡാന്‍സാഫ് സംഘത്തിനൊപ്പം എസ്.എച്ച്.ഓ ശ്യാം മുരളി, എസ്.ഐമാരായ ഡി.സുനില്‍കുമാര്‍, എം.ജി.അനൂപ്, രാധാകൃഷ്ണന്‍, എ.എസ്.ഐ മഞ്ജുമോള്‍, സി.പി.ഓമാരായ ആര്‍. രാജഗോപാല്‍, ശ്രീവിശാഖ്, ഗോപന്‍, രാഹുല്‍ എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി. രഹസ്യവിവരത്തെ തുടര്‍ന്ന് ലോക്കല്‍ പോലീസും ഡാന്‍സാഫ് ടീമും ഹൈസ്‌കൂള്‍ ജങ്ഷനില്‍ ബസിറങ്ങി നടന്നു പോയ ഇവരെ പിടികൂടുകയായിരുന്നു.

പത്തനംതിട്ട ജില്ലയില്‍ ലഹരി മരുന്നുകളുടെ വിപണന, കൈമാറ്റ ഹബ് ആയി അടൂര്‍ മാറിയിരിക്കുകയാണ്. എല്ലാ വിധ ലഹരി വസ്തുക്കളും എത്തിച്ചേരുന്നതും ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുന്നതും ഇവിടെ നിന്നാണ്. ജില്ലയ്ക്ക് പുറത്തേക്കും ലഹരി മരുന്ന് കൊണ്ടു പോകാനുള്ളവര്‍ എത്തിച്ചേരുന്ന് അടൂരിലാണ്. ഇതിന് പിന്നില്‍ പ്രബലരായ മാഫിയ തന്നെയുണ്ട്. ചെറിയൊരു ശതമാനം മാത്രമാണ് പിടിക്ക്െപ്പടുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ് ഇവിടേക്ക് ലഹരി മരുന്നുകള്‍ എത്തുന്നത്. കഞ്ചാവിന് പുറമേ രാസലഹരിയും വലിയ തോതില്‍ കൊണ്ടു വരുന്നു. വമ്പന്‍മാരായ പലരുടെയും പിന്തുണ ലഹരി കടത്തുകാര്‍ക്കുണ്ട്. ഒഡീഷയില്‍ നിന്നാണ് കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍ പോലെയുള്ള ലഹരി വസ്തുക്കള്‍ എത്തുന്നത്.

രാസലഹരി വസ്തുക്കള്‍ കൂടുതലായും എത്തുന്നത് ബംഗളുരുവില്‍ നിന്നാണ്. ബംഗളുരുവില്‍ ജോലിക്കും പഠിക്കുന്നതിനും പോകുന്നവരാണ് കാരിയര്‍മാര്‍.സ്വകാര്യ ബസുകളിലും കെ.എസ്.ആര്‍.ടി.സിയിലുമാണ് ലഹരി വസ്തുക്കള്‍ എത്തിക്കുന്നത്. ഏറ്റവും സുരക്ഷിതം ഇതാണെന്ന് കടത്തുകാര്‍ വിശ്വസിക്കുന്നു. കാര്‍, ബൈക്ക്, ചരക്ക് വാഹനങ്ങള്‍ എന്നിവയില്‍ എത്തിച്ചാല്‍ പിടികൂടാനുള്ള സാധ്യത ഏറെ ആയതിനാലാണ് സര്‍വീസ് ബസുകളെ ആശ്രയിക്കുന്നത്.കേരളത്തില്‍ നിന്നും ബംഗളുരുവിലേക്ക് വരുന്നതും പോകുന്നതുമായ സ്വകാര്യ ബസുകളുടെ ഹബ്ബാണ് മടിവാള. മലയാളികള്‍ തമ്പടിക്കുന്ന പ്രദേശം കൂടിയാണ്. ഇവിടെ നിന്നുമാണ് യുവാക്കള്‍ പലരും കേരളത്തിലേക്ക് ബസ് കയറുന്നത്. കാരിയേഴ്സും ഇവിടെ നിന്നാണ് കയറുന്നത്. ഇതില്‍ വിദ്യാര്‍ത്ഥികളും ഉണ്ട്.രാസലഹരി കടത്താന്‍ വേണ്ടി മാത്രം ഇടയ്ക്കിടെ നാട്ടിലേക്ക് വരുന്നവരുണ്ട്.

ഇനിയൊരു കൂട്ടര്‍ മാരുതി നഗറില്‍ നിന്നും മടിവാളയില്‍ എത്തി ബസില്‍ കയറുന്നവരാണ്. ട്രെയിനില്‍ രാസലഹരി വസ്തുക്കളുമായി എത്തുന്ന യാത്രക്കാരുമുണ്ട്. എം.ഡി.എം.എയ്ക്ക് വില കൂടുതലായതിനാല്‍ ചെറിയ അളവിലാണ് വാങ്ങി കടത്തുന്നത്. ബാഗിലും അടിവസ്ത്രത്തിനുള്ളിലും രഹസ്യ ഭാഗങ്ങളിലും വച്ചാണ് കൊണ്ടു വരുന്നത്. കഞ്ചാവ് കച്ചവടത്തേക്കാള്‍ ആറിരട്ടി ലാഭം ലഭിക്കുമെന്നതിനാല്‍ എം.ഡി.എം.എ ബിസിനസാണ് പലരും തെരഞ്ഞെടുക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന പണം ആഢംബര ജീവിതത്തിനാണ് യുവാക്കള്‍ ഉപയോഗിക്കുന്നത്. പിടിക്കപ്പെടുന്നവരുടെ കൈയില്‍ മിക്കവാറും വില കൂടിയ മൊബൈല്‍ ഫോണുകള്‍ കാണും. വലിയ വിലയുള്ള ഷര്‍ട്ടുകള്‍, മുന്തിയ ഭക്ഷണം, ആഢംബര ഹോട്ടലുകളില്‍ താമസം എന്നിവയ്ക്കും ഇവര്‍ ലഹരിയുടെ പണം ചെലവഴിക്കുന്നു.

കാരിയര്‍മാരായി പെണ്‍കുട്ടികളും ഉണ്ട്. ഇപ്പോള്‍ ഹൈടെക് രീതിയിലാണ് കച്ചവടവും വിതരണവും. മൊബൈല്‍ ഫോണ്‍ വഴി എവിടെയാണ് കാത്ത് നില്ക്കേണ്ടതെന്ന വിവരം വാങ്ങാന്‍ വരുന്നവരെ അറിയിക്കും. പി ടിക്കപ്പെടാതിരിക്കാന്‍ ആദ്യം പറയുന്ന സ്ഥലത്ത് വച്ചായിരിക്കില്ല ലഹരി വസ്തു കൈമാറുക. ആവശ്യക്കാര്‍ ഇവ ലഭിക്കാനായി നില്‍ക്കേണ്ട സ്ഥലങ്ങള്‍ കച്ചവടക്കാര്‍ മാറ്റിപ്പറയും. അടൂരില്‍ പ്രധാന പാതയിലേക്കിറങ്ങാന്‍ കഴിയുന്ന ഇട റോഡുകളില്‍ അധികം ആള്‍ സഞ്ചാരമില്ലാത്ത ഉച്ചസമയത്താണ് ലഹരി വസ്തുക്കള്‍ കൈമാറുന്നത്. സ്‌കൂള്‍ പരിസരത്തുള്ള റോഡുകളിലും ഇത്തരക്കാര്‍ തമ്പടിക്കാറുണ്ട്. ബസില്‍ വന്നിറങ്ങിയ ഉടന്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലും പരിസരത്തുമായി കാത്ത് നില്‍ക്കുന്നവര്‍ക്ക് എം.ഡി.എം.എയും കഞ്ചാവും കൈമാറുന്ന സ്ഥിതിയുണ്ട്. കാരിയേഴ്സിനോട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ എത്താനാകും നിര്‍ദ്ദേശം.

ആരുടെ കൈയില്‍ കൊടുക്കണമെന്ന് അവര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കാറില്ല. സ്റ്റാന്‍ഡില്‍ എത്തുന്ന നിമിഷമാണ് ആര്‍ക്ക് കൈമാറണമെന്ന് പറയുന്നത്. ഇവിടങ്ങളിലും ടൗണിലേക്കുള്ള ഇടറോഡുകളിലും പോലീസ് പട്രോളിങ് ശക്തമാക്ക ണമെന്ന ആവശ്യം ശക്തമാണ്. സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ ഇരിക്കുന്ന ബഹുനില മന്ദിരത്തിന് പിന്നിലെ കെ.എസ്.ആര്‍.ടി.സി ഇല്ലത്തുകാവ് റോഡില്‍ സന്ധ്യയായാല്‍ കഞ്ചാവ് കച്ചവടക്കാര്‍ തമ്പടിക്കാറുണ്ട്. ഈ റോഡില്‍ പകല്‍ സമയത്ത് വഴിയാത്ര ക്കാര്‍ പുകവലിക്കുന്നത് ഇതുവഴി യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്. കെ.പി റോഡ് പുതുവീട്ടിപ്പടി പാലം ബൈപ്പാസ് ലിങ്ക് റോഡില്‍ ലഹരി കച്ചവടവും കൈമാറ്റവും ഉണ്ട്. കൂടാതെ ഈ റോ ഡില്‍ ഇരുന്ന് കൂട്ടം കൂടി മദ്യപിക്കുന്നവരുണ്ട്. പുതുവീട്ടിപ്പടി പാലത്തിന്റെ സമീപത്ത് കൂടി വയലിന്റെ അരികിലൂടെ ബൈപ്പാസില്‍ എത്തുന്ന ഇടറോഡിലും ഇരുന്ന് മദ്യപിക്കുന്ന സ്ഥിതിയുണ്ട്.ഇത് സമീപത്തുള്ള വീട്ടുകാര്‍ക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്.