കൊല്ലം: കേസന്വേഷണത്തിനായി എടുത്ത വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അഭിഭാഷകന്‍ പിജി മനുവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നടക്കും. പീഡന കേസുകളില്‍ കുടുങ്ങിയ മനുവിന്റേത് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെയാണ് ആന്ദവല്ലീശ്വത്തെ വീട്ടില്‍ മനുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗവണ്‍മെന്റ് പീഡര്‍ കൂടിയായിരുന്ന മനു നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയാണ്. ഈ കേസില്‍ ജാമ്യത്തില്‍ തുടരവെ മറ്റൊരു യുവതിയുമായി ബന്ധപ്പെട്ടും പീഡന ആരോപണം ഉയര്‍ന്നു. ഇതില്‍ യുവതിയോടും കുടുംബത്തോടും അഭിഭാഷകന്‍ മാപ്പ് ചോദിക്കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചിരുന്നു. 'എല്ലാത്തിനും മാപ്പ്' എന്നു പറയുന്ന വീഡിയോ സൈബറിടത്തില്‍ പ്രചരിച്ചതിന് പിന്നാലെയാണ് മനുവിന്റെ മരണവും. ഇതേ തുടര്‍ന്നുള്ള മനോവിഷമമാണോ മരണത്തിലേക്ക് നയിച്ചതെന്നാണ് സംശയം. ഈ വീഡിയോയെ കുറിച്ചും പോലിസ് അന്വേഷണം നടത്തു.

സംഭവവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ബന്ധുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഉടന്‍ മൊഴിയെടുക്കും. കൊല്ലത്ത് കേസിന്റെ ആവശ്യങ്ങള്‍ക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ് മനു. ഒരു പീഡന കേസില്‍ പ്രതിയായിയരുന്ന മനു വീണ്ടും മറ്റൊരു പീഡന കേസില്‍ പ്രതിയാകുമെന്ന് ഭയന്നിരുന്നതായാണ് അഡ്വ. ആളൂര്‍ പ്രതികരിച്ചത്. മനുവിന്റെ മരണം വളരെ ദുര്‍ഭാഗ്യകരമാണെന്ന് ആളൂര്‍ പറഞ്ഞു. 'സോഷ്യല്‍ മീഡിയയിലെ ഇല്ലാത്ത കാര്യങ്ങളുടെ പേരില്‍ രണ്ടാമതൊരു ബലാത്സംഗ കേസുകൂടി തനിക്കെതിരെ വരുന്നുണ്ട് എന്ന പേടി കാരണമാകാം മനു ജീവനൊടുക്കിയത്. അതിന്റെ മാനസിക സംഘര്‍ഷം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇനന് രാവിലെ ജൂനിയര്‍ അഭിഭാഷകര്‍ വന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

മനുവിനെതിരെ ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. ആദ്യ ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സുപ്രീം കോടതിയില്‍ വരെ പോയിട്ടും മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് 59 ദിവസം ജയിലില്‍ കിടന്ന ശേഷമാണ് ജാമ്യം കിട്ടിയത്. രണ്ടാമതും കേസ് വന്നാല്‍ വീണ്ടും ജയിലില്‍ പോകേണ്ടി വരുമല്ലോ എന്ന മാനസിക സംഘര്‍ഷം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതായിരിക്കാം ആത്മഹത്യക്ക് പ്രേരിപ്പിച്ചത്' -അഡ്വ. ബി.എ. ആളൂര്‍ പറഞ്ഞു.

തനിക്കെതിരെ പീഡന പരാതി നല്‍കിയ യുവതിയുടെ വീട്ടില്‍ അഡ്വ. പി.ജി. മനു കുടുംബസമേതം എത്തി തൊഴുകൈയോടെ മാപ്പുപറയുന്ന വിഡിയോ ഏതാനും ദിവസം മുമ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇയാളും ഒപ്പമുള്ള സ്ത്രീകളും പീഡനത്തിനിരയായ യുവതിയുടെയും ബന്ധുക്കളുടെയും കാല് പിടിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കൊല്ലത്തെ വീട്ടില്‍ മനുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹൈക്കോടതിയില്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായി പ്രവര്‍ത്തിച്ചിരുന്നു. പീഡന കേസില്‍ പ്രതിയായതോടെ രാജിവക്കുകയായിരുന്നു. എന്‍ഐഎ ഉള്‍പ്പെടെ ഏജന്‍സികളുടെയും അഭിഭാഷകനായിരുന്നു. നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പിജി മനുവിന് ജാമ്യം ലഭിച്ചിരുന്നു. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, പാസ്പോര്‍ട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യവും എന്നിവയായിരുന്നു ഉപാധികള്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതായി പ്രോസിക്യൂഷന്‍ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ കോടതി ജാമ്യം നല്‍കിയത്.

കഴിഞ്ഞ ജനുവരി 31 നാണ് പുത്തന്‍കുരിശ് ഡിവൈഎസ്പിയക്ക് മുന്നില്‍ പിജി മനു കീഴടങ്ങിയത്. 2018 ല്‍ ഉണ്ടായ ലൈംഗിക അതിക്രമ കേസില്‍ 5 വര്‍ഷമായിട്ടും നടപടിയാകാതെ വന്നപ്പോള്‍ പൊലീസ് നിര്‍ദ്ദേശപ്രകാരം നിയമ സഹായം തേടിയെത്തിയ യുവതിയെ ഓഫീസില്‍ വെച്ചും വീട്ടില്‍ വെച്ചും ബലാത്സഗം ചെയ്തെന്നാണ് പിജി മനുവിനെതിരായ കേസ്. അഭിഭാഷകന്‍ അയച്ച വാട്സ്ആപ് ചാറ്റുകള്‍, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിന് കൈമാറിയിട്ടുണ്ട്. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പി ജി മനുവിനെതിരെ കേസെടുത്തിരുന്നത്.

അതേസമയം കേരളത്തിലെ തീവ്രവാദ സ്വഭാവമുള്ള കേസുകളിലെ എന്‍ഐഎ അഭിഭാഷകന്‍ കൂടിയായിരുന്നു മനു. എന്‍.ഐ.എ പ്രോസിക്യൂട്ടറായിരുന്ന മനുവാണ് പാനായിക്കുളം, നാറാത്ത് തുടങ്ങിയ കേസുകളില്‍ എന്‍.ഐ.എക്ക് വേണ്ടി ഹാജരായത്. അക്കാലത്ത് പ്രഗത്ഭ അഭിഭാഷകനെന്ന നിലയില്‍ പേരെടുത്തിരുന്നു. കേരളത്തില്‍ ഏറെ ചര്‍ച്ചയായ ഈ കേസുകളുടെ അഭിഭാഷകനെന്ന നിലയില്‍ മനു പലരുടെയും നോട്ടപ്പുള്ളിയുമായിരുന്നു.