തിരുവനന്തപുരം: പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫിനെയും ഭാര്യ ഷാഹിദയേയും അഫാന്‍ കൊലപ്പെടുത്തിയത് ഉപദേശിക്കുന്നതിലെ പ്രതിഷേധത്തില്‍ എന്ന് സൂചന. അഫാന്റെ അച്ഛന്‍ വിദേശത്തായിരുന്നതിനാല്‍ കുടുംബത്തിലെ കാര്ങ്ങളിലെല്ലാം ലത്തീഫ് ശ്രദ്ധിച്ചിരുന്നു. ഇത് അഫാന് ഇഷ്ടമായിരുന്നില്ല. ഏറ്റവും ക്രൂരമായി കൊലപ്പെടുത്തിയത് ലത്തീഫിനെയാണ്. 20 തവണ തലക്കടിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഒരുമാസമായി മദ്യപിക്കാറുണ്ടായതായി പ്രതി ഡോക്ടര്‍മാരോട് സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. മറ്റു ലഹരികളെന്തൊക്കെ ഉപയോഗിച്ചുവെന്ന കാര്യം അന്വേഷിച്ചു വരികയാണ്. ലത്തീഫ് പെണ്‍കുട്ടിയെപ്പറ്റി സംസാരിക്കാന്‍ അഫാന്റെ വീട്ടില്‍പോയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ലത്തീഫിന്റെ കൊലപാതകമെന്ന് നിഗമനം.

അഫാന്റെ മാതാവ് ലത്തീഫിന്റെ പക്കല്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപ നേരത്തെ വാങ്ങിച്ചിരുന്നുവെന്നാണ് അഫാന്റെ പിതാവിന്റെ മൂത്ത സഹോദരന്‍ ബദറുദ്ദീന്‍ പറഞ്ഞത്. ഈ പണം തിരികെ ആവശ്യപ്പെട്ടിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. ഇതോടൊപ്പം, അഫാന്‍ ഫര്‍സാനയെ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ വിഷയം രമ്യതയിലാക്കാന്‍ ലത്തീഫ് അഫാന്റെ വീട്ടിലെത്തിയിരുന്നു. ഒരുപക്ഷെ ലത്തീഫ് ഈ വിഷയത്തില്‍ ഇടപെട്ടത് അഫാന് ഇഷ്ടമായില്ല. ഇതിന്റെ പ്രതികാരമാണ് ഈ കൊലയെന്നാണ് സൂചന. പ്രതി അഫാന്‍ 95-കാരിയായ ഉമ്മൂമ്മ സല്‍മ ബീവിയെ കൊലപ്പെടുത്തിയ ശേഷം ബൈക്കില്‍ മടങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരുമണിയോടടുത്താണ് അഫാന്‍ സല്‍മാ ബീവിയുടെ വീട്ടിലെത്തുന്നത്. 9 മിനിറ്റിനകം കൊലനടത്തി മടങ്ങിയെന്നാണ് ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന.

തന്നോടും വീട്ടുകാരോടും ബന്ധുക്കള്‍ക്ക് മോശം സമീപനമെന്ന് പ്രതി അഫാന്റെ മൊഴി പോലീസിന് കിട്ടിയിട്ടുണ്ട്. തന്റെ അച്ഛന്‍ കുടുംബത്തിലെ ഇളയ മകനായിട്ടും ആരും സഹായിക്കുന്നില്ല. ബന്ധുക്കള്‍ വീട്ടില്‍വന്ന് കടം തിരികെ ചോദിച്ചതും വിഷമമുണ്ടാക്കി. അമ്മയെയും അനിയനെയും കൂട്ടി ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചിരുന്നെന്ന് പ്രതി മൊഴി നല്‍കി. പണവും സ്വര്‍ണമാലയും നല്‍കാത്തതിലുള്ള വൈരാഗ്യം മൂലമാണ് പ്രതി അമ്മൂമ്മയുടെ കൊല നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം, അഫാന്‍ അപകടാവസ്ഥ തരണംചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എലിവിഷം ദിവസങ്ങള്‍ക്കുശേഷവും ഗുരുതരമായി ബാധിക്കാം. ചികില്‍സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും . ഒരുമാസമായി മദ്യപിക്കാറുണ്ടായിരുന്നുവെന്ന് പ്രതി ഡോക്ടര്‍മാരോട് സമ്മതിച്ചു. ലഹരി ഉപയോഗിച്ചിട്ടില്ലെന്നും പെപ്‌സിയില്‍ ചേര്‍ത്തും എലിവിഷം കഴിച്ചെന്നും അഫാന്‍ വെളിപ്പെടുത്തി. മരുന്നു കുത്തിയ കാനുല ഊരിക്കളഞ്ഞ് പ്രതി അസ്വസ്ഥ പ്രകടിപ്പിക്കുകയും ചെയ്തു.

വെഞ്ഞാറമൂട്ടില്‍ ആറുമണിക്കൂറിനിടെയായിരുന്നു പ്രതി അഫാന്‍ അഞ്ചു കൊലപാതകങ്ങള്‍ നടത്തിയത്. 1.15ന് മുത്തശ്ശി സല്‍മാ ബീവിയെ ആക്രമിച്ചു. പാങ്ങോടുവച്ച് ഉച്ചയ്ക്ക് 12.38ന് പ്രതി ബൈക്കില്‍ യാത്രചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. സല്‍മാബീവിയെ നാലരയോടെ വീട്ടിലെത്തിയ മകളാണ് മരിച്ച നിലയില്‍ കണ്ടത്. മുത്തശ്ശിയെ ആക്രമിച്ച മടങ്ങിയ പ്രതി മൂന്നുമണിയോടെ പിതൃസഹോദരന്‍ ലത്തീഫിനെ പുല്ലമ്പാറ എസ്എന്‍ പുരത്തെ വീട്ടില്‍ വച്ച് ആക്രമിച്ചു. ഭാര്യ സാജിത ബീഗത്തെ അടുക്കളയില്‍ വച്ച് തലയ്ക്കടിച്ചു. നാലുമണിയോടെ തിരിച്ച് പേരുമലയിലെ വീട്ടിലെത്തി പെണ്‍സുഹൃത്തിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തി. അമ്മയെ എപ്പോഴാണ് ആക്രമിച്ചതെന്നതില്‍ ഇനിയും വ്യക്തതയില്ല.

പിന്നാലെ പുറത്തുപോയ പ്രതി സഹോദരന്‍ അമ്മയുടെ ഫോണിലേക്ക് വിളിച്ചതിനു പിന്നാലെ തിരിച്ചെത്തി. സഹോദരനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. തുടര്‍ന്ന് ഓട്ടോയില്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. ഇതിന് മുമ്പ് കുളിച്ച് വൃത്തിയാകുകയും ചെയ്തു.