- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കുടുംബത്തിലെ ചടങ്ങുകളില്‍ എത്താറില്ല; രാത്രികാലങ്ങളില്‍ വീട്ടിലുണ്ടാവില്ല; എങ്ങോട്ട് പോകുന്നുവെന്ന് ആര്‍ക്കും അറിവില്ല; ഒരു ലക്ഷം രൂപ പിതാവിന് സൗദിയിലേക്ക് അയച്ചുകൊടുത്തു; ചുറ്റിക വാങ്ങിയതും 1400രൂപ കടംവാങ്ങിച്ച്; കൊലയ്ക്കിടെ കടംവീട്ടി; അഫാന്റെ പെരുമാറ്റം അതിവിചിത്രവും ദുരൂഹവും
'കുടുംബത്തിലെ ചടങ്ങുകളില്‍ എത്താറില്ല; രാത്രികാലങ്ങളില്‍ വീട്ടിലുണ്ടാവില്ല
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പ്രവൃത്തികളില്‍ ദുരൂഹതയുണ്ടെന്ന് പറയുകയാണ് ഉമ്മ ഷെമിയുടെ കുടുംബം. ഇത്ര അനായാസമായി അരുംകൊല ചെയ്യാന്‍ അഫാന് എങ്ങനെ സാധിച്ചുവെന്നാണ് ബന്ധുക്കള്‍ ചോദിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കുമ്പോഴാണ് അഫാന്റെ ദുരൂഹമായ പെരുമാറ്റം അടക്കം ചര്‍ച്ചയാകുന്നത്.
നേരത്തേ സംശയവും ദുരൂഹതയും തോന്നിയിരുന്നുവെന്ന് ഉമ്മ ഷെമിയുടെ ബന്ധുക്കള്‍ പറയുന്നത്. കുടുംബത്തില്‍ നടക്കുന്ന ചടങ്ങുകളിലൊന്നും അഫാന്‍ എത്താറില്ല. എന്തെങ്കിലും ആവശ്യത്തിനു വിളിച്ചാല്‍ മാത്രം വരും, ആരുമായും അധികം ഇടപെഴകില്ലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. വീട്ടില്‍ ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരനായ അഫാന് സുഹൃത്തുക്കളും കുറവായിരുന്നു. ഈ സ്വഭാവത്തെയാണ് പലരും സംശയിക്കുന്നത്.
പലപ്പോഴും രാത്രിസമയങ്ങളില്‍ അഫാന്‍ വീട്ടിലുണ്ടാവാറില്ലെന്നും എങ്ങോട്ട് പോകുന്നുവെന്നതിനെക്കുറിച്ച് ആര്‍ക്കും അറിവൊന്നുമില്ലെന്നും ബന്ധുക്കള്‍. ആരോടും വലിയ ബന്ധം സ്ഥാപിക്കാതെ സ്വന്തം കാര്യങ്ങളില്‍ മുഴുകുന്ന സ്വഭാവക്കാരനായിരുന്നു അഫാന്‍. സംഭവദിവസം ഫര്‍സാനയെ വീട്ടിലേക്ക് കയറ്റിയത് പിന്‍വാതിലിലൂടെയാണ്, അനുജനെ വലിയ സ്‌നേഹമായിരുന്നു, സാമ്പത്തികകാര്യങ്ങളിലും എന്തൊക്കെയോ ദുരൂഹതകളുണ്ടെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.
രാത്രി വളരെ വൈകി ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് പല തവണ മോട്ടര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ കുടുങ്ങിയതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. സ്വന്തമായുണ്ടായിരുന്ന ഒരു ബുള്ളറ്റ് നേരത്തേ പണയം വച്ചിരുന്നു. പിന്നീട് ആ ബുള്ളറ്റ് ആരും കണ്ടിട്ടില്ല. വീട്ടിലുണ്ടായിരുന്ന കാര്‍ ആദ്യം രണ്ടര ലക്ഷം രൂപയ്ക്ക് പണയം വയ്ക്കുകയും പിന്നീട് 4 ലക്ഷം രൂപയ്ക്ക് വിറ്റ് അതില്‍ ഒരു ലക്ഷം രൂപ സൗദിയിലുള്ള പിതാവിന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. എട്ട് വര്‍ഷം മുന്‍പ് ഒരു ലക്ഷത്തിലേറെ വില വരുന്ന ഫോണ്‍ വാങ്ങി നല്‍കാത്തതിനാല്‍ അഫാന്‍ വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
കടം വാങ്ങി ജീവിക്കുന്ന പ്രകൃതക്കാരനായിരുന്നു അഫാന്‍. സാമ്പത്തിക പതിസന്ധിയാണ് കൂട്ടക്കൊലയ്ക്കു കാരണമെന്ന് പൊലീസ് ഉറപ്പിക്കുന്നുുണ്ട്. ആര്‍ഭാടത്തിനായും ആഢംബരത്തിനായും നടത്തിയ ക്രയവിക്രയങ്ങളാണ് ഇതിനെല്ലാം കാരണമെന്നും കരുതുന്നു. ഉമ്മയെ ആക്രമിച്ചതില്‍ നിന്നാണ് കൊലപാതക പരമ്പരയുടെ തുടക്കം.
മറ്റുള്ളവരെ കൊലപ്പെടുത്താന്‍ ചുറ്റികവാങ്ങാനും പണം കടംവാങ്ങി. വെഞ്ഞാറമൂട്ടിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 1400 രൂപ കടംവാങ്ങിയാണ് കൊല്ലാനുള്ള ചുറ്റിക വാങ്ങുന്നത്. വല്യമ്മയെ കൊലപ്പെടുത്തി കൈക്കലാക്കിയ മാല പണയം വെച്ച് 74000രൂപ വാങ്ങി. അതില്‍ നിന്ന് 40000 രൂപ കടംവാങ്ങിയ നാല് പേര്‍ക്ക് തിരികെ കൊടുത്തു. ഈ കൊടുംക്രൂരതയ്ക്കിടെയിലുള്ള അഫാന്റെ പെരുമാറ്റം അതിവിചിത്രമാണ്.
അഫാനും അമ്മയും സഹോദരനും അടങ്ങിയ കൊച്ചുകുടുംബത്തിന്റെ കടബാധ്യത 65 ലക്ഷം രൂപയാണ്. ബന്ധുക്കളും നാട്ടുകാരുമായി 13 പേരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. 12 ലക്ഷം രൂപ കിട്ടിയ രണ്ട് ചിട്ടികളുടെ അടവ് മുടങ്ങി. ദിവസവും പണം തിരികെ ആവശ്യപ്പെട്ട് ആളുകളെത്തിത്തുടങ്ങിയതോടെ അഫാന്‍ അസ്വസ്ഥനായി. പണമില്ലാത്തതിനാല്‍ പിതാവിന് നാട്ടിലെത്താനും സാധിക്കുന്നില്ല.
മൂന്ന് പേരെ കൊന്നശേഷം വീട്ടിലെത്തിയ അഫാന്‍ അ്മ്മയ്ക്ക് ജീവനുണ്ടെന്ന് കണ്ടപ്പോള്‍ വീണ്ടും ആക്രമിച്ചു. കാമുകി ഫര്‍സാനയുടെ മാല പണയം വെച്ച് തൊണ്ണൂറായിരം രൂപ വാങ്ങിയിരുന്നു. പകരമായി കൊടുത്തത് മുക്കുപണ്ടമായിരുന്നു. ഇത് തിരികെ ചോദിച്ചതും അക്കാര്യം ഫര്‍സാനയുടെ വീട്ടിലറിഞ്ഞാല്‍ പ്രശ്‌നമാകുമെന്നതും ഫര്‍സാനയേയും കൊല്ലാന്‍ കാരണമായി. രക്തപരിശോധനാഫലം ലഭിച്ചില്ലെങ്കിലും ലഹരിയുടെ സാന്നിധ്യം പൊലീസ് പാടേ തള്ളുകയാണ്.
അതേസമയം പ്രതിക്ക് നിലവില്‍ കാര്യമായ പ്രശ്‌നങ്ങളില്ലെങ്കിലും കഴിച്ചത് എലിവിഷമായതിനാല്‍ അത് ആരോഗ്യത്തെ പിന്നീട് ബാധിക്കാനുള്ള സാധ്യത ഡോക്ടര്‍മാര്‍ മുന്നില്‍ക്കാണുന്നുണ്ട്. വിഷം കഴിച്ചിട്ടുണ്ടോയെന്ന് തിരിച്ചറിയാനായി രണ്ടുതവണ പരിശോധന നടത്തിയിരുന്നു. രണ്ടാമത്തെ പരിശോധനയില്‍ നേരിയ തോതില്‍ വിഷാംശം കണ്ടെത്തി. രാസലഹരി ഉപയോഗിച്ചോയെന്നു സ്ഥിരീകരിക്കുന്നതിനായി തലമുടിയും കൈയിലെ രോമവും രക്തവും മൂത്രവും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഇയാളുടെ കാല്‍പ്പാദത്തില്‍ക്കണ്ട രക്തക്കറയുടെ സാമ്പിളും എടുത്തിട്ടുണ്ട്. അഫാന്റെ മാനസികാരോഗ്യനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡില്‍ മാനസികാരോഗ്യ വിദഗ്ധരെക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോലീസ് അഫാന്റെ ആദ്യഘട്ടമൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും ഒരിക്കല്‍ പറഞ്ഞതല്ല പിന്നീടിയാള്‍ പറയുന്നത്. പ്രതിയുടെ മാതാവില്‍നിന്ന് പോലീസ് പ്രാഥമികമൊഴി രേഖപ്പെടുത്തിയിരുന്നു. സംസാരിക്കാന്‍ പറ്റുന്ന അവസ്ഥയിലാണ് ഇവരെങ്കിലും വിശദമായി സംസാരിക്കാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചുണ്ടിന്റെ അനക്കവും മറ്റും നോക്കിയാണ് അവര്‍ പറയുന്നത് എന്താണെന്ന് മനസിലാക്കാനാവുന്നതെന്ന് ഡി.കെ.മുരളി എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയത്. തന്നെ ആക്രമിച്ചെങ്കിലും മകനെ സംരക്ഷിക്കാനുള്ള നീക്കം ഇവരില്‍ നിന്നുണ്ടാവുന്നുണ്ടോ എന്നാണ് സംശയം.
അര്‍ബുദരോഗ ബാധിതയായ ഷെമിയുടെ ചികിത്സയ്ക്കുപോലും പണം ഇല്ലാത്ത അവസ്ഥ വന്നതോടെ കൂട്ട ആത്മഹത്യയ്ക്ക് ആലോചിച്ചിരുന്നുവെന്നും എന്നാല്‍, ഷെമിക്ക് ആത്മഹത്യ ചെയ്യാന്‍ ഭയമായിരുന്നുവെന്നും അഫാന്‍ കഴിഞ്ഞദിവസം മൊഴിനല്‍കിയിരുന്നു. തുടര്‍ന്ന് എല്ലാവരും മരിച്ചില്ലെങ്കിലോ എന്നുകരുതിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും അഫാന്റെ മൊഴിയില്‍ പറയുന്നു.