പത്തനംതിട്ട: നടന്‍ മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയ ചെകുത്താന്‍ എന്ന യൂട്യൂബര്‍ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സിനെ പോലീസ് പിടികൂടി. കേസെടുത്ത ശേഷം ഇയാള്‍ ഒളിവിലായിരുന്നു. അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖിന്റെ പരാതിയിലാണ് നടപടി. തിരുവല്ല പൊലീസാണ് ഇയാളെ പിടികൂടിയത്.

ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാല്‍ പട്ടാള യൂണിഫോമില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചതിന് എതിരെയാണ് അജു അലക്‌സ് ചെകുത്താന്‍ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ മോശം പരാമര്‍ശം നടത്തിയത്. പരാതി കിട്ടിയതോടെ കേസെടുത്തു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മോഹന്‍ലാലിന്റെ ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്‌സിന്റെ പരാമര്‍ശമെന്ന് തിരുവല്ല പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. ഭാരതീയ ന്യായ സംഹിത 192,296(യ) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകള്‍ പ്രകാരമാണ് അജു അലക്‌സിനെതിരെ കേസെടുത്തത്.