- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈസന്‍സില്ലാത്ത തില്ലങ്കേരിക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന് ഒരു ചുക്കും ചെയ്യാനാകില്ല; ആകാശിന്റെ ആ റീല്‍ സര്‍ക്കാരിനെ വിവാദത്തില്‍ കുടുക്കാനോ?
കൊച്ചി: വയനാട് പനമരത്ത് ഗതാഗതനിയമങ്ങള്‍ ലംഘിച്ച് വാഹനമോടിച്ച, ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ കടുത്ത നടപടികളൊന്നും എടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് കഴിയില്ല, ഡ്രൈവിങ് ലൈസന്‍സില്ലെന്ന് മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ സൂചന. സ്വദേശമായ കണ്ണൂര്‍ ജില്ലയില്‍നിന്ന് സ്വന്തംപേരിലും വിലാസത്തിലും ആകാശ് തില്ലങ്കേരി ഡ്രൈവിങ് ലൈസന്‍സ് എടുത്തിട്ടില്ല. ആധാര്‍ പരിശോധനയിലും ലൈസന്‍സിന്റെ സൂചന പോലുമില്ല.
ആകാശ് തില്ലങ്കേരിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ വയനാട് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ., കണ്ണൂര്‍ ആര്.ടി.ഒ.യോട് ശുപാര്‍ശചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ണൂര്‍ ജില്ലയില്‍നിന്ന് തില്ലങ്കേരി ഡ്രൈവിങ് ലൈസന്‍സ് എടുത്തിട്ടില്ലെന്ന് കണ്ടെത്തിയത്. മറ്റെവിടെനിന്നെങ്കിലും ലൈസന്‍സ് എടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ സംസ്ഥാനതലത്തിലേക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ. കെ.ആര്. സുരേഷ് പറഞ്ഞു. സംസ്ഥാനതലത്തിലും പ്രാഥമികമായി നടത്തിയ പരിശോധനയില്‍ ആകാശ് തില്ലങ്കേരിക്ക് ലൈസന്‍സ് ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്.
ആകാശ് ഓടിച്ചിരുന്ന വാഹനത്തിന്റെ ഉടമ മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാനോട് ഗതാഗതനിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി 45,500 രൂപ പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കുന്നതിനുമുന്നോടിയായി നോട്ടീസും നല്‍കിയിട്ടുണ്ട്. അതിനപ്പുറം ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിച്ചതിന് തില്ലങ്കേരിക്കെതിരേയും പിഴ ചുമത്തും. ഇതില്‍ നടപടികള്‍ അവസാനിക്കും. ഇതിന് അപ്പുറം ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ട്.
ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്രയില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി രം?ഗത്തെത്തിയിരുന്നു. ജീപ്പ് ഉടന്‍ പിടിച്ചെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയതിനൊപ്പം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളാണ് വീണ്ടും നിയമലംഘനം നടത്തിയിരിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. അന്വേഷണത്തില്‍ ഇതേവാഹനത്തിന്റെ പേരില്‍ സമാനകേസുകളുണ്ടെന്നു കണ്ടെത്തിയിരുന്നു.
2023 ഒക്ടോബറില്‍ വയനാട്ടില്‍നിന്നുതന്നെ വാഹനയുടമയ്ക്ക് ഇ-ചെലാന്‍ അയച്ചിട്ടുണ്ട്. എ.ഐ. ക്യാമറാ ദൃശ്യംകൂടി പരിശോധിച്ചതിനുശേഷം നടപടിയുണ്ടാകുമെന്ന നിലപാടായിരുന്നു അധികൃതര്‍ക്ക്. ആകാശ് തില്ലങ്കേരി ഇന്‍സ്റ്റഗ്രാം റീല്‍ പങ്കുവെച്ചതോടെയാണ് യാത്ര വിവാദമായത്. സര്‍ക്കാരിനെതിരെ വിവാദമുണ്ടാക്കാന്‍ തില്ലങ്കേരി മനപ്പൂര്‍വ്വം ചെയ്തതാണ് ഇതെന്ന വാദവും സജീവമാണ്.
പനമരം-മാനന്തവാടി റോഡില്‍ പനമരം ടൗണ്‍, നെല്ലാറാട്ട് കവല, ആര്യന്നൂര്‍നട എന്നിവിടങ്ങളിലൂടെ വാഹനം ഓടിക്കുന്നതാണ് വീഡിയോയില്‍. വാഹനത്തിന്റെ ടയറുകള്‍ ഉള്‍പ്പെടെ മാറ്റിവെച്ചതാണ്. മറ്റൊരു ആഡംബരവാഹനത്തില്‍ ഒപ്പം സഞ്ചരിച്ചവരാണ് ദൃശ്യം പകര്‍ത്തിയത്.