പത്തനംതിട്ട: ആയുഷ് നിയമന കേസിലെ മുഖ്യ പ്രതി അഖിൽ സജീവ് അറസ്റ്റിൽ. ഇതോടെ കേസ് പുതിയ തലത്തിലെത്തും. പത്തനംതിട്ട പൊലീസ് തേനിയിൽ നിന്നാണ് അഖിൽ സജീവിനെ പിടികൂടിയത്. പത്തനംതിട്ട എസ് പിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പത്തനംതിട്ടയിലെ തട്ടിപ്പ് കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തും. അതിന് ശേഷം നിയമന തട്ടിപ്പ് അന്വേഷിക്കുന്ന തിരുവനന്തപുരത്തെ കൺറ്റോൺമെന്റ് പൊലീസിന് കൈമാറും. ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റ്. മൊബൈൽ ഫോണിൽ പലരോടും സംസാരിച്ചിരുന്നു. ഇതാണ് അറസ്റ്റിലേക്ക് എത്തിയത്.

ഇന്നലെ രാത്രിയാണ് തേനിയിൽ നിന്നും അഖിൽ സജീവിനെ പിടികൂടിയത്. അതീവ രഹസ്യമായിരുന്നു ഓപ്പറേഷൻ. രാവിലെയോടെ അഖിൽ സജീവനെ പത്തനംതിട്ടയിൽ എത്തിച്ചു. സിഐടിയു ഓഫീസിലെ പണാപഹരണ കേസിലാകും ആദ്യ അറസ്റ്റ്. അതിന് ശേഷം കേരളത്തിൽ ഉടനീളം രജിസ്റ്റർ ചെയ്ത കേസുകളിലും അറസ്റ്റ് നടക്കും. അറസ്റ്റോടെ ആയുഷ് നിയമന കോഴയിലും വ്യക്തത വരും. നിർണ്ണായക വിവരങ്ങൾ പത്തനംതിട്ട പൊലീസിന് അഖിൽ സജീവ് കൈമാറിക്കഴിഞ്ഞു. അഖിൽ സജീവുമായി ബന്ധമുള്ള മറ്റ് പ്രതികളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തട്ടിപ്പിന്റെ സൂത്രധാരൻ അഖിൽ സജീവാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നിലവിൽ അഖിലിനെതിരെ അഞ്ച് കേസുകൾ ഉണ്ട്.

നിയമന തട്ടിപ്പിൽ അഭിഭാഷകനായ റഹീസ് ആണ് ആദ്യം അറസ്റ്റിലായത്. വ്യാജ നിയമന ഉത്തരവ് നിർമ്മിച്ചത് ഇയാളുടെ അറിവോടെയാണ്. ഗൂഢാലോചനയിലും ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പരാതിക്കാരൻ ഹരിദാസന്റെ സുഹൃത്തായ ബാസിതിനെ കേസിലെ പ്രതി അഖിൽ സജീവുമായി പരിചയപ്പെടുത്തിയത് റഹീസ് ആണ്. എഐഎസ്എഫ് മുൻ നേതാവായ ബാസിതിനെ പൊലീസ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചിരുന്നു. ഇയാളെ വീണ്ടും ചോദ്യം ചെയ്യ്ും

മലപ്പുറം സ്വദേശി ഹരിദാസന്റെ മരുമകൾക്ക് നിയമനത്തിനായി ഇടനിലക്കാരനായ അഖിൽ സജീവും മന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവും പണം വാങ്ങിയെന്നാണ് ആരോപണം. അഖിൽ സജീവിന് 75000 രൂപയും അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപയും നൽകിയെന്നാണ് ഹരിദാസ് ആരോപിക്കുന്നത്. നിയമനത്തിനായി ഇവർ 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും നിയമനം ലഭിക്കുമെന്നറിയിച്ച് ആയുഷിൽ നിന്ന് ഇമെയിൽ സന്ദേശം ലഭിച്ചുവെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ആയുഷിന്റേതെന്ന പേരിൽ വ്യാജ ഇമെയിൽ നിർമ്മിച്ചത് അഖിൽ സജീവാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ അഖിൽ മാത്യു കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടുണ്ട്.

വഞ്ചനാ കുറ്റം ചുമത്തിയാണ് കേസിൽ അഖിൽ സജീവിനെയും അഡ്വ. ലെനിനെയും പ്രതിചേർത്തിരിക്കുന്നത്. പ്രതികൾക്കെതിരെ ഐടി ആക്ടിലെ വകുപ്പുകളും ചുമത്തും. അഖിൽ സജീവനെതിരെ നിരവധി തട്ടിപ്പ് പരാതികളുണ്ട്. ഈ കേസിൽ എല്ലാം അഖിൽ സജീവന്റെ അറസ്റ്റോടെ വ്യക്തത വരും. നിയമന കോഴ തട്ടിപ്പ് കേസിൽ അഖിൽ സജീവ് ഉൾപ്പെടെയുള്ളവർ സംസ്ഥാ നത്ത് വിവിധ സ്ഥലങ്ങളിൽ നിയമന തട്ടിപ്പ് നടത്തിയതായി പൊലീസിനു സൂചന ലഭിച്ചു. കേസിൽ അറസ്റ്റിലായ റഹീസിന്റെ വാട്സ് ആപ്പ് ചാറ്റിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്.

കോട്ടയത്ത് വൻ തട്ടിപ്പ് നടത്തിയതിന്റെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഇടനിലക്കാരനെന്നു സംശയിക്കുന്ന ബാസിത്തിന്റെ ഫോണിലെ മായ്ച്ചു കളഞ്ഞ വിവരങ്ങൾ കണ്ടെടുക്കാനും പൊലീസ് നടപടികൾ സ്വീകരിക്കും. കേസിൽ കോട്ടയം എസ് പിക്ക് കന്റോൺമെന്റ് പൊലീസ് റിപ്പോർട്ട് നൽകും. നിയമന കോഴ പരാതി ഉന്നയിച്ച ഹരിദാസിന് വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. മൊഴിയെടുക്കാനായി പൊലീസ് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടെങ്കിലും ഹരിദാസ് ഹാജരാ യിരുന്നില്ല. നിയമന തട്ടിപ്പ് കേസിൽ ആൾമാറാട്ടം നടന്നിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കന്നത്.

പരാതിക്കാരൻ ഹരിദാസിൽ നിന്ന് ഒരു ലക്ഷത്തി എഴുപത്തായ്യായിരം രൂപ പ്രതികൾ വാങ്ങി യെന്നു നിയമന തട്ടിപ്പ് കേസിലെ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മറ്റ് പ്രതികൾക്ക് വേണ്ടി അന്വേഷണം നടക്കുന്നുവെന്നും ഇവരെ കൂടി പിടികൂടിയാൽ മാത്രമേ കേസിന്റെ നിജസ്ഥിതി വ്യക്തമാവു എന്നുമാണ് റിമാൻഡ് റിപ്പോർട്ട് പറയുന്നത്.