തിരുവനന്തപുരം: അല്‍ മുക്താദിര്‍ ജ്വല്ലറി തട്ടിപ്പില്‍ പരാതികള്‍ വര്‍ധിക്കുമ്പോഴും തട്ടിപ്പിനിരയായവര്‍ക്ക് പണം കണ്ടെടുത്ത് തിരിച്ച് നല്‍കാനോ പ്രതികളെ പിടികൂടാനോ നടപടികള്‍ സ്വീകരിക്കാതെ പോലീസ്. കഴിഞ്ഞ ദിവസങ്ങളിലും അല്‍ മുക്താദിറിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലക്ഷങ്ങളാണ് തട്ടിപ്പിനിരയായവര്‍ക്ക് നഷ്ടമായത്. മറുനാടന്‍ 35ല്‍പരം എഫ്‌ഐആറുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതില്‍ നിന്നും തട്ടിപ്പിന്റെ വ്യാപ്തി വളരെ വലുതാണെന്നത് വ്യക്തമാണ്. കഴിഞ്ഞ ബുധനാഴ്ച മാത്രം 5 എഫ്‌ഐആറുകളാണ് തിരുവനന്തപുരം ഫോര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കന്റോണ്‍മെന്റ് സ്റ്റേഷനില്‍ കഴിഞ്ഞ ആഴ്ചയില്‍ 3 കേസുകളും രജിസ്റ്റര്‍ ചെയ്തത്. ഇത്രയും പരാതികള്‍ ഉയര്‍ന്നിട്ടും ജ്വല്ലറി ഉടമകള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ പോലീസിനായിട്ടില്ല.

സ്ഥാപനത്തിന്റെ പല ബ്രാഞ്ചുകളും അടച്ച് പൂട്ടിയ അവസ്ഥയിലാണ്. ഇതോടെ പോലീസ് സ്റ്റേഷനുകളില്‍ പണം നഷ്ടമായവരുടെ പരാതി പ്രവാഹമാണ്. പെരുനാട്, കീഴാറ്റിങ്കര, മുട്ടത്തറ സ്വദേശികളുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പോലീസ് ഒടുവില്‍ കേസെടുത്തിരിക്കുന്നത്. അല്‍ മുക്താദിര്‍ ഗ്രൂപ്പിന്റെ വഞ്ചിയൂര്‍ ബ്രാഞ്ചായ അല്‍ റസാക്ക് ജ്വല്ലറിക്കെതിരെയാണ് പരാതി. അല്‍മുക്താദിര്‍ ജ്വല്ലറിയുടെ ഗോള്‍ഡ് സ്‌കീമില്‍ ചേര്‍ന്നവര്‍ സമാനമായ തട്ടിപ്പിനാണ് ഇരയായത്. 11 മാസത്തെ കാലാവധിയില്‍ പണവും, സ്വര്‍ണവും സ്വീകരിച്ച ശേഷം ലാഭ വിഹിതമോ, അല്ലെങ്കില്‍ പണിക്കൂലിയില്ലാതെ സ്വര്‍ണം നല്‍കാമെന്നുമായിരുന്നു വാഗ്ദാനം.

ആദ്യ നിക്ഷേപങ്ങള്‍ക്ക് ചെറിയ ലാഭം ലഭിച്ച വിശ്വാസത്തില്‍ വലിയ നിക്ഷേപങ്ങള്‍ നല്‍കി വഞ്ചിക്കപ്പെട്ടവരുമുണ്ട്. 500 രൂപ മുദ്ര പത്രത്തില്‍ കരാര്‍ എഴുതിയാണ് നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്. അല്‍ മുക്താദിര്‍ ഗ്രൂപ്പിന്റെ ഉടമയായ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാമാണ് കേസുകളിലെ മുഖ്യ പ്രതി. എന്നാല്‍ ഇയാള്‍ക്കെതിരെ നടപടിയുണ്ടാകാത്തത് ദുരൂഹമാണ്. ഒടുവില്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ കീഴാറ്റിങ്കര സ്വദേശിക്ക് 13 ലക്ഷവും, പെരുനാട് സ്വദേശിക്ക് 7 ലക്ഷവും, മുട്ടത്തറ സ്വദേശിക്ക് 5 ലക്ഷം രൂപയുടെ സ്വര്‍ണവുമാണ് നഷ്ടമായതെന്ന് പരാതിയില്‍ പറയുന്നു. 11 മാസ കാലാവധിയില്‍ നിക്ഷേപങ്ങള്‍ക്ക് 25 ശതമാനം ലാഭ വിഹിതം നല്‍കാമെന്നായിരുന്നു വാഗ്ദാനം.

ലാഭവിഹതത്തിന്റെ തുകയ്ക്ക് പണിക്കൂലിയില്ലാതെ സ്വര്‍ണമോ അല്ലെങ്കില്‍ ലാഭവിഹിതം മൂന്ന് മാസം കൂടുമ്പോള്‍ ഗഡുക്കളായോ നല്‍കാമെന്ന വാഗ്ദാനത്തിലാണ് കീഴാറ്റിങ്കര സ്വദേശിയില്‍ നിന്നും പണം കൈപ്പറ്റിയത്. എന്നാല്‍ നാളിതുവരെ പണമോ സ്വര്‍ണമോ ലാഭവിഹിതമോ പരാതിക്കാര്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് പരാതി. നിക്ഷേപ തുകയും സ്വര്‍ണവും ആവശ്യപ്പെട്ട് നിരവധി തവണയാണ് പരാതിക്കാര്‍ സ്ഥാപനത്തില്‍ കയറിയിറങ്ങിയത്. ഭരാതീയ ന്യായ സംഹിതയിലെ 316(2), 318(2), 318(4), 3(5) വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫോര്‍ട്ട് സ്റ്റേഷനില്‍ കഴിഞ്ഞ മൂന്നിന് മാത്രം അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


ഫോര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ 11 മാസത്തെ ഗോള്‍ഡ് സ്‌കീമില്‍ നിക്ഷേപിച്ച കരകുളം സ്വദേശിനി 25 പവനും വെമ്പായം സ്വദേശിനിക്ക് 22 പവനുമാണ് നഷ്ടമായത്. പണം തിരികെ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് പരാതിക്കാര്‍ പോലീസിനെ സമീപിക്കുന്നത്. നെടുമങ്ങാട് സ്വദേശിക്ക് 12 ലക്ഷത്തോളം പണമായും നഷ്ടമായിട്ടുണ്ട്. എന്നാല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതല്ലാതെ ഒരു നടപടികാലും പോലീസ് സ്വീകരിച്ചിട്ടില്ല. നേരത്തെ, ബഡ്സ് ആക്ട് നിയമപ്രകാരം അല്‍ മുക്താദിര്‍ ഗ്രൂപ്പിനെതിരെ കല്ലമ്പലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ വാര്‍ത്തയും പുറത്ത് കൊണ്ട് വന്നത് മറുനാടനാണ്.