ആലപ്പുഴ: വീട്ടിൽ തെരുവുനായ്ക്കളെ വളർത്തുകയും മാലിന്യം കൂട്ടിയിട്ട് ആരോഗ്യഭീഷണി ഉയർത്തുകയും ചെയ്ത ദമ്പതികൾക്കെതിരെ ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്തു. ആലപ്പുഴ നഗരസഭ 49-ാം വാർഡിൽ ആറാട്ടുവഴി പാലത്തിന് സമീപം മീരാ ഹോംസ്റ്റേ നടത്തുന്ന പ്രീതി, ബിനു ജേക്കബ് എന്നിവർക്കെതിരെയാണ് നടപടി. പകർച്ചവ്യാധി പടരാൻ സാധ്യതയുള്ള രീതിയിൽ മാലിന്യം കൂട്ടിയിട്ടതിനും സുരക്ഷയില്ലാതെ നായ്ക്കളെ വളർത്തി ജനജീവിതത്തിന് ഭീഷണിപ്പെടുത്തിയതിനുമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. നാട്ടുകാരുടെ നിരന്തരമായ പരാതികളെത്തുടർന്ന് പരിശോധനയ്ക്കെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് വീടിനുള്ളിലെ രൂക്ഷഗന്ധം കാരണം ഛർദിക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് മാസ്ക് ധരിച്ചാണ് പോലീസ് സംഘം റെയ്ഡ് നടപടികൾ പൂർത്തിയാക്കിയത്.

ദമ്പതികളുടെ വീടിനുള്ളിലെ ഓരോ മുറിയിലും തെരുവുനായ്ക്കളെയാണ് പാർപ്പിച്ചിരുന്നത്. പട്ടിപിടിത്തക്കാരുടെ സഹായത്തോടെ ഇവയെ മാറ്റിയ ശേഷമാണ് പോലീസ് വിശദമായ പരിശോധന നടത്തിയത്. വിവാഹ വീടുകളിൽ നിന്നും മറ്റും ശേഖരിക്കുന്ന ഭക്ഷ്യമാലിന്യവും പ്ലാസ്റ്റിക്കും ഹോംസ്റ്റേയ്ക്കുള്ളിലിട്ട് കത്തിക്കുകയും അഴുകിയ അവശിഷ്ടങ്ങൾ ഈച്ചയാർക്കുകയും ചെയ്യുന്നത് പ്രദേശവാസികൾക്ക് വലിയ ദുരിതമാണ് സൃഷ്ടിച്ചിരുന്നത്. ഇതിനുപുറമെ, രാത്രികാലങ്ങളിൽ പൊതുവഴിയിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിലൂടെ ഇവ വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നതായും പരാതികൾ ഉയർന്നിട്ടുണ്ട്.

ക്രിമിനലുകളുടെയും ലഹരിസംഘങ്ങളുടെയും താവളമായി ഇവിടം മാറുന്നത് തടയാൻ രാത്രികാല പട്രോളിങ് ശക്തമാക്കുമെന്ന് ആലപ്പുഴ നോർത്ത് സിഐ എം ജെ അരുൺ അറിയിച്ചു. സ്ഥാപനത്തിന് നഗരസഭയുടെ ലൈസൻസ് ഉണ്ടോ എന്ന് പരിശോധിക്കുമെന്നും നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയുയർത്തുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന സൂചന നൽകുന്നതാണ് ഈ കേസ്.