ആലപ്പുഴ: ആലപ്പുഴയില്‍ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ യുവതിയും ആണ്‍സുഹൃത്തും അടക്കം മൂന്ന് പേരെ പ്രതിചേര്‍ക്കാന്‍ ഒരുങ്ങി പോലീസ്. പ്രസവിച്ച ഉടനെ മാതാവ് കുഞ്ഞിനെ കൊലപ്പെടുത്തി ആണ്‍സുഹൃത്ത് മറവ് ചെയ്യുകയായിരുന്നു എന്നാണ് നിഗമനം എങ്കിലും ഇക്കാര്യത്തില്‍ പോലീസ് അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ല. കുഞ്ഞിനെ കൊലപ്പെടുത്തിയത് ആരെന്ന് പോലീസ് ഇനിയും വ്യക്തമാക്കിയിട്ടില്ല.

നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയിിട്ടുണ്ട്. തകഴി വണ്ടേപ്പുറം പാടശേഖരത്തിലെ തെക്കേ ബണ്ടിനു സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയെയും ആണ്‍സുഹൃത്ത് തോമസ് ഔസേപ്പ്, സഹായി അശോക് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തോമസ് ഔസേപ്പ് ആണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തത്.

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സുഹൃത്തിന് കൈമാറുകയും ഇയാള്‍ തകഴിയിലെ വീടിനടുത്ത് മറവ് ചെയ്‌തെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൊഴികളില്‍ പൊരുത്തക്കേടുള്ളതിനാല്‍ കൂടുതല്‍ സ്ഥിരീകരണം ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു. പ്രസവത്തിനിടെ കുഞ്ഞ് മരിച്ചതാണോ അതോ കൊലപ്പെടുത്തുകയായിരുന്നോ എന്നീ കാര്യങ്ങളില്‍ വ്യക്തതക്ക് കാത്തിരിക്കുകയാണ്.

രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചു എന്നാണ് യുവതി ആദ്യം മൊഴി നല്‍കിയത്. പിന്നീടാണ് കുഞ്ഞിനെ ആണ്‍സുഹൃത്തിന് കൈമാറിയെന്ന് തുറന്നുപറഞ്ഞത്.

സുഹൃത്തുക്കളായ രണ്ടു പേര് കസ്റ്റഡിയിലുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. അമ്മയെയും ആണ്‍സുഹൃത്തിനേയും പ്രതിയാക്കിയാണ് പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രി യുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. ആലപ്പുഴ ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ അവിവാഹിതയായ യുവതി ആഗസ്റ്റ് 6 നാണ് കുഞ്ഞിന് ജന്മം നല്‍കിയത്. 7 നാണ് കുട്ടിയെ കുഴിച്ചു മൂടുന്നത്. വീട്ടുകാരില്‍ നിന്ന് യുവതി വിവരം മറച്ചു വെച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു.

ഈ മാസം എട്ടാം തീയതി യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പ്രസവത്തിന് ശേഷമുളള ശാരീരിക അസ്വസ്ഥതകളെന്ന് പറഞ്ഞ് യുവതി ചികിത്സക്കെത്തുന്നത്. ആശുപത്രി അധികൃതര്‍ കുഞ്ഞിനെ തിരക്കിയപ്പോള്‍ അമ്മത്തൊട്ടിലില്‍ ഏല്‍പിച്ചുവെന്നാണ് മറുപടി നല്‍കിയത്. പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറിയെന്നും വീട്ടിലുണ്ടെന്നും പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കി. സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൂച്ചാക്കല്‍ പൊലീസില്‍ വിവരമറിയിച്ചത്.

പൊലീസെത്തി മൊഴിയെടുത്തപ്പൊഴും വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്ത് വന്നത്. കുഞ്ഞ് മരിച്ചുവെന്നും മൃതദേഹം ആണ്‍സുഹൃത്തിനെ ഏല്‍പ്പിച്ചതായും യുവതി മൊഴി നല്‍കി. ഇതനുസരിച്ച് ആണ്‍സുഹൃത്തിനെ പൊലീസ് പിടികൂടി. അയാളും സുഹൃത്തും കൂടി മൃതദേഹം മറവുചെയ്‌തെന്നായിരുന്നു മറുപടി. കുഞ്ഞിനെ ഇവര്‍ കൊലപ്പെടുത്തിയതാണോ അതോ പ്രസവത്തില്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നോ എന്ന കാര്യമാണ് ഇനി സ്ഥിരീകരിക്കേണ്ടത്.