കൊല്ലം: ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. തുടര്‍ അന്വേഷണത്തില്‍ പ്രതികളിലേക്ക് എത്രയും വേഗം എത്താന്‍ കഴിഞ്ഞുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ഹേമലത ഐപിഎസ് പറഞ്ഞു.

ഗുണ്ടാ ആക്രമണങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് കേരള പൊലീസിന്റേതെന്നും അവര്‍ വ്യക്തമാക്കി. അലുവ അതുല്‍ കൊലപാതകം നടന്ന് 12 മണിക്കൂറിനുള്ളില്‍ തന്നെ പ്രധാന പ്രതികളായ ആറ് പേരെയും പിടികൂടാനായി. പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ദൃശ്യങ്ങള്‍ എ എന്‍ പി ആര്‍ കാമറ സംവിധാനത്തിലൂടെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഒരു മണിക്കൂറോളം നീണ്ട പിന്തുടരലിന് ഒടുവിലാണ് പൊലീസ് പ്രതികളെ കീഴടക്കിയത്.

പ്രധാന പ്രതികള്‍ക്ക് പുറമെ കൊലപാതകം ആസൂത്രണം ചെയ്തവര്‍, പ്രതികള്‍ക്ക് വാഹനം നല്‍കി സഹായിച്ചവര്‍ എന്നിവരും പൊലീസ് പിടിയിലായിട്ടുണ്ട്. ഈ ഗ്യാങ്ങിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഇവരുടെ ഗ്യാങ് വിവരങ്ങള്‍ വിശദമായി അന്വേഷിച്ചുവരികയാണ്. പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇത് കുറ്റവാളികളെ പിടികൂടാന്‍ കൂടുതല്‍ സഹായകരമായെന്നും കമീഷണര്‍ വ്യക്തമാക്കി.

ശനി പകല്‍ 11.15ന് ദേശീയപാതയില്‍ പുതിയകാവില്‍ പുതുതായി തുടങ്ങിയ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചാണ് കൊലപാതകം നടന്നത്. ദേശീയപാത ഓച്ചിറ ഭാഗത്തേക്ക് കാറില്‍ പോകുകയായിരുന്ന അതുലിനെ ഹരിയാന രജിസ്ട്രേഷന്‍ കാറില്‍ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയശേഷമാണ് വെട്ടിക്കൊന്നത്.

ആയുധങ്ങള്‍ ഉപയോഗിച്ച് കാറിന്റെ ഗ്ലാസുകളും മറ്റും വെട്ടിത്തകര്‍ത്ത ശേഷം കാറിനുള്ളില്‍നിന്ന് അതുലിനെ പുറത്തേക്ക് വലിച്ചിറക്കിയാണ് നാലംസംഘം വെട്ടിക്കൊന്നത്. തുടര്‍ന്ന് അക്രമിസംഘം കാറില്‍ രക്ഷപ്പെട്ടു. തലയ്ക്കും കാലിനും ഉള്‍പ്പെടെ ഗുരുതര പരിക്കേറ്റ അതുലിനെ പൊലീസ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അതുലിനൊപ്പം ഉണ്ടായിരുന്ന മനുവിനും (കുക്കു) ചെറിയ പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ഓടി രക്ഷപ്പെട്ടു.

കഴിഞ്ഞ വര്‍ഷം കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷിനെ വീട്ടില്‍ കയറി അമ്മയുടെ മുന്നില്‍വച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് അതുല്‍. അക്രമിസംഘത്തെപ്പറ്റി പൊലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. അതുലിനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. പരേതനായ അശോകന്റെയും രജനിയുടെയും മകനാണ് അതുല്‍. ഭാര്യ: പ്രതീഷ. മകന്‍: ആത്മജ്. പ്രദേശത്ത് ഗുണ്ടാ ആക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് പൊലീസ്.