- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ചെടി വാങ്ങാന്‍ എന്ന വ്യാജേന കടയിലെത്തി; വിനീതയെ പുറകില്‍ നിന്ന് വട്ടം ചുറ്റി പിടിച്ച് കഴുത്തില്‍ കത്തി കുത്തിയിറക്കി കൊലപ്പെടുത്തി രാജേന്ദ്രന്‍; സ്വര്‍ണമാലയും കവര്‍ന്ന് മുങ്ങിയത് മുമ്പും സമാന കൊലപാതകങ്ങള്‍ നടത്തിയ കൊടും ക്രിമിനല്‍; അമ്പലമുക്ക് വിനീത കൊലക്കേസില്‍ അന്തിമ വാദം പൂര്‍ത്തിയായി
വിനീതയെ പുറകില്‍ നിന്ന് വട്ടം ചുറ്റി പിടിച്ച് കഴുത്തില്‍ കത്തി കുത്തിയിറക്കി കൊലപ്പെടുത്തി രാജേന്ദ്രന്‍
തിരുവനന്തപുരം: പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂര്‍ ചരുവിള കോണത്ത് സ്വദേശിനിയുമായ വിനീതയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ അന്തിമ വാദം പൂര്‍ത്തിയായി. കേസില്‍ ഈമാസം പത്തിന് വിധി പറയും. ഏഴാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനാണ് കേസ് പരിഗണിക്കുന്നത്. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ, സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ച പ്രോസിക്യൂഷന്‍ 118 സാക്ഷികളില്‍ 96 പേരെ സാക്ഷികളായി വിസ്തരിച്ചു.
പ്രതിയുടെ സഞ്ചാരപഥം വ്യക്തമാക്കുന്നതിന് സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ 12 പെന്‍ഡ്രൈവ്, ഏഴ് ഡിവിഡി എന്നിവയും 222 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. 2022 ഫെബ്രുവരി ആറിന് പട്ടാപ്പകല്‍ 11.50 നാണ് തമിഴ്നാട് കന്യാകുമാരി തോവാള വെളളമഠം രാജീവ് നഗര്‍ സ്വദേശി രാജേന്ദ്രന്‍ അലങ്കാര ചെടികടയ്ക്കുളളില്‍ വച്ച് വിനീതയെ കുത്തി കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തില്‍ കിടന്ന നാലരപവന്‍ തൂക്കമുളള സ്വര്‍ണമാല കവരുന്നതിനായിരുന്നു കൊലപാതകം.
ഓണ്‍ ലൈന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചിരുന്ന രാജേന്ദ്രന്‍ പണത്തിന് ആവശ്യം വരുമ്പോഴാണ് കൊലപാതകങ്ങള്‍ ചെയ്തിരുന്നത്. സമാനരീതിയില്‍ തമിഴ്നാട് വെളളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യന്‍, ഭാര്യ വാസന്തി, ഇവരുടെ 13 കാരിയായ വളര്‍ത്തുമകള്‍ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നിരുന്നു.
ഈ കേസില്‍ ജാമ്യത്തിലിറങ്ങി ഹോട്ടല്‍ തൊഴിലാളിയായി പേരൂര്‍ക്കടയിലെത്തിയ രാജേന്ദ്രനാണ് സമീപത്തെ കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയത്. രണ്ട് വര്‍ഷം മുമ്പ് ഭര്‍ത്താവ് ഹൃദ്രോഗബാധിതനായി മരിച്ചതിനെ തുടര്‍ന്ന് ജീവിക്കാന്‍ മറ്റ് മാര്‍ഗം ഇല്ലാതെ വന്നപ്പോഴാണ് വിനീത പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പന ശാലയില്‍ ജോലിക്ക് വന്ന് തുടങ്ങിയത്. കൊല്ലപ്പെടുന്നതിന് ഒമ്പത് മാസം മുമ്പാണ് ഇവിടെ ജോലിക്ക് എത്തിയത്.
സമ്പൂര്‍ണ കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന ദിവസം ചെടികള്‍ നനയ്ക്കുന്നതിനാണ് ഫെബ്രുവരി ആറിന് സുനിത കടയിലെത്തിയത്. ചെടി വാങ്ങാന്‍ എന്ന വ്യാജേന കടയിലെത്തിയ രാജേന്ദ്രന്‍ ചെടികള്‍ കാണിച്ചു കൊടുത്ത വിനീതയെ പുറകില്‍ നിന്ന് വട്ടം ചുറ്റി പിടിച്ച് കഴുത്തില്‍ കത്തി കുത്തി ഇറക്കുകയായിരുന്നു. ഇരക്ക് നിലവിളിക്കാന്‍ പോലും കഴിയാത്തവിധം സ്വനപേടകത്തില്‍ ആഴത്തില്‍ മുറിവ് ഉണ്ടാക്കുന്നതാണ് രാജേന്ദ്രന്റെ കൊലപാതക രീതി. സമാന രീതിയിലാണ് വെളളമഠം സ്വദേശി സുബ്ബയ്യനെയും കുടുംബത്തെയും കൊലപ്പെടുത്തിയത്. തമിഴ്നാട്ടിലെ ഫോറന്‍സിക് വിദഗ്ദരെയും പൊലീസ് ഉദ്യോഗസ്ഥരെയും സാക്ഷികളായി കോടതിയില്‍ വിസ്തരിച്ചിരുന്നു.
വിനീതയെ കൊലപ്പെടുത്തിയ ശേഷം തമിഴ്നാട്ടിലെ കാവല്‍ കിണറിന് സമീപത്തെ ലോഡ്ജില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഫെബ്രുവരി 11 ന് പേരുര്‍ക്കട സിഐവി സജികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. സമീപത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പൊലീസ്, പ്രതി പണയം വച്ചിരുന്ന വിനീതയുടെ സ്വര്‍ണമാല കണ്ടെടുത്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം സലാഹുദ്ദീന്‍, ദേവിക മധു, ജെ ഫസ്‌ന, ഒ എസ് ചിത്ര എന്നിവര്‍ ഹാജരായി.
തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറായിരുന്ന സ്പര്‍ജന്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ കന്റോണ്‍മെന്റ് എസിയായിരുന്ന വി എസ് ദിനരാജ്, പേരൂര്‍ക്കട സി ഐ ആയിരുന്ന വി സജികുമാര്‍, എസ്എച്ഒയുടെ ചുമതലയുണ്ടായിരുന്ന ജുവനപുടി മഹേഷ് ഐപിഎസ്, സബ് ഇന്‍സ്പക്ടര്‍ എസ് ജയുമാര്‍, സീനിയര്‍ സിവില്‍ പൊലീസുകരായ പ്രമോദ് ആര്‍, നൗഫല്‍ റഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
കൊലപാതകം ചെയ്യുന്നതിനായി പ്രതി രാജേന്ദ്രന്‍ വിനീത ജോലി ചെയ്തിരുന്ന 'ടാബ്‌സ് അഗ്രി ക്ലിനിക്' നേഴ്സറിയിലേക്ക് അതിക്രമിച്ചു കടന്നു എന്ന കുറ്റം പൊലീസ് കുറ്റപത്രത്തില്‍ ചേര്‍ക്കാന്‍ വിട്ടു പോയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ എം സലാഹുദീന്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തടുര്‍ന്ന് പ്രസ്തുത കുറ്റം കൂടി കുറ്റപത്രത്തില്‍ കൂട്ടി ചേര്‍ക്കുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയായ പ്രതിക്ക് വിചാരണ നടപടികള്‍ മനസിലാക്കാന്‍ ദ്വിഭാഷിയേയും കോടതി നിയമിച്ചിരുന്നു.