വടക്കഞ്ചേരി: ദേശീയപാതയിൽ നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷ്ടിക്കുന്ന അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടിയത് സാഹസികമായി. ഉത്തർപ്രദേശ് സ്വദേശികളായ ആസിഫ് (29), മുഹമ്മദ് ഷബാസ് (35), കാമിൽ (31), സലിം (35), സറഫരാജ് (37) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ പോലീസ് വാഹനത്തെയും ടോൾപ്ലാസ ഗേറ്റും ഇടിച്ച് നിർത്താതെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വടക്കഞ്ചേരി പോലീസ് സാഹസികമായി ഇവരെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം.

കഴിഞ്ഞ ഒരാഴ്ചയായി ദേശീയപാതയിൽ നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷ്ടിക്കപ്പെടുന്നതായി വ്യാപക പരാതികളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന വടക്കഞ്ചേരി പോലീസിന് ലഭിച്ച വിവരത്തെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്. തമിഴ്നാട്ടിൽ നിന്ന് വാളയാർ അതിർത്തി വഴി കേരളത്തിലേക്ക് കടന്നുവരികയായിരുന്ന സംഘത്തിന്റെ വാഹനം ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ പോലീസ് തടയാൻ ശ്രമിച്ചു. എന്നാൽ, പ്രതികൾ വാഹനം നിർത്താതെ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

തുടർന്ന്, പോലീസ് വാഹനം പിന്തുടർന്നു. പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപത്ത് വെച്ച് പോലീസ് ജീപ്പ് ഉപയോഗിച്ച് വാഹനം തടയാൻ ശ്രമിച്ചെങ്കിലും പ്രതികൾ പോലീസ് ജീപ്പ് ഇടിച്ചുമാറ്റി ടോൾ പ്ലാസയുടെ ബാരിയറും തകർത്ത് രക്ഷപ്പെട്ടു. ഹൈവേ പോലീസിന്റെ സഹായത്തോടെ വാണിയമ്പാറയ്ക്ക് സമീപത്ത് വെച്ച് പോലീസ് ഇവരുടെ വാഹനം പിടികൂടി. വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. ഇവർ സ്ഥിരമായി വാഹനങ്ങളിൽ നിന്ന് ഇന്ധനം മോഷ്ടിക്കുന്നവരാണെന്ന് പോലീസ് കണ്ടെത്തി.

പ്രതികളുടെ ലോറിയിൽ മോഷ്ടിച്ച ഡീസൽ ശേഖരിക്കാൻ 1200 ലിറ്റർ സംഭരണ ശേഷിയുള്ള പ്രത്യേക അറ സജ്ജീകരിച്ചിരുന്നതായി പോലീസ് കണ്ടെത്തി. കൂടാതെ, ഡീസൽ മോഷ്ടിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക ഉപകരണങ്ങളും മറ്റ് ആയുധങ്ങളും പോലീസ് പിടിച്ചെടുത്തു. വടക്കഞ്ചേരി എസ്.ഐമാരായ പി.ശ്രീധരൻ, അബ്ബാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഉക്കാഷ്, ഹോം ഗാർഡ് അഫ്സൽ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.