ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി നേഴ്‌സിങ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച സംഭവത്തില്‍ മാനേജ്‌മെന്റിനെതിരെ ആരോപണവുമായി ബന്ധുക്കളും സഹപാഠികളും. അനാമിക ആത്മഹത്യ ചെയ്തത് മാനസിക പീഡനം മൂലമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ദയാനന്ദ് സാഗര്‍ കോളജില്‍ ഇന്നലെയാണ് അനാമികയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ശരിയായ അന്വേഷണം വേണമെന്നും കുടുംബം ആരോപിച്ചു.

പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് അനാമികയെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. പരീക്ഷയില്‍ ക്രമക്കേട് നടത്തിയതിന് വലിയ തുക ഈടാക്കാന്‍ മാനേജ്‌മെന്റ് അനാമികയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പറഞ്ഞ് നിരന്തരം മാനേജ്‌മെന്റ് സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. നിരന്തര മാനസികപീഡനംമൂലമാണ് അനാമിക ആത്മഹത്യചെയ്തതെന്ന് ഇവര്‍ പറയുന്നു. കുട്ടിയെ അധികൃതര്‍ ടോര്‍ച്ചര്‍ ചെയ്തിരുന്നതായി സഹപാഠികള്‍ മാധ്യമങ്ങളോടും പ്രതികരിച്ചു. അനാമിക ഇക്കാര്യം തന്നോട് പറഞ്ഞിരുന്നെന്നും കുട്ടികള്‍ പറയുന്നു. ഇന്നലെ മരിച്ചിട്ടും മൃതദേഹം അഴിച്ചു മാറ്റിയത് രാവിലെ പതിനൊന്ന് മണിക്കാണെന്നും ആരോപണമുണ്ട്.

ഹോസ്റ്റല്‍ മുറിയില്‍ രണ്ട് ആത്മഹത്യക്കുറിപ്പുകള്‍ അനാമിക എഴുതിവെച്ചിരുന്നുവെന്നാണ് സഹപാഠികള്‍ പറയുന്നത്. എന്നാല്‍, ഇതിലൊന്ന് മനേജ്മെന്റ് മാറ്റിയെന്നും സഹപാഠികള്‍ ആരോപിക്കുന്നു. അനാമികയുടെ മരണത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് കോളേജില്‍ നടന്നത്. ഇന്റേണല്‍ പരീക്ഷയ്ക്കിടെ അനാമികയുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ കണ്ടെന്നും അത് കോപ്പിയടിക്കാന്‍ കൊണ്ടുവന്നതാണെന്ന് ഡീന്‍ പറഞ്ഞുവെന്നും സഹപാഠികള്‍ ആരോപിക്കുന്നു. ഇതിനെത്തുടര്‍ന്ന് കോളേജില്‍ വരേണ്ടെന്ന് അനാമികയോടു പറഞ്ഞെന്നും സഹപാഠികള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ആരോപണങ്ങള്‍ കോളേജ് അധികൃതര്‍ നിഷേധിച്ചു.

താന്‍ മാനസിക പീഡനം നേരിട്ടിരുന്ന എന്ന കാര്യം സഹപാഠികളോട് പറയുന്നതിന്റെ ഓഡിയോയും പുറത്ത് വന്നിട്ടുണ്ട്. 'ഞാനിനി പഠിച്ചിട്ട് കാര്യമില്ല. തലയില്‍ കയറുന്നില്ല. സസ്പെന്‍ഷന്‍ ആണെന്ന് പറഞ്ഞു. പേപ്പര്‍ കിട്ടിയിട്ടില്ല. സസ്പെന്‍ഷനിലാണെന്ന് പറഞ്ഞു. സെമസ്റ്റര്‍ ആകുന്നതിന് ഇടയ്ക്ക് നമ്മള്‍ ഇറങ്ങുന്നതാണെങ്കില്‍ ഏജന്റിനോട് പറയുകയാണെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് പറയുന്നു. അങ്ങനെ എന്തെങ്കിലും വഴി നോക്കണം. ഇവിടെ നിന്നാല്‍ പാസാക്കാതെ സപ്ലി അടിച്ച് വിടും. എന്റെ മുഖത്ത് നോക്കി പറഞ്ഞത് കേട്ടിട്ട് എനിക്ക് ഇവിടെ നിക്കണമെന്നില്ല. വട്ടാണെന്ന് ചോദിച്ചു. ഇനി ഞാന്‍ ഇവിടെ നിന്നിട്ട് കാര്യമില്ലല്ലോ', എന്നായിരുന്നു അനാമിക സുഹൃത്തുക്കളോട് ഫോണില്‍ സംസാരിച്ചത്.