- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പകുതിവില തട്ടിപ്പില്‍ ആനന്ദകുമാറിനും നിര്‍ണായക പങ്ക്; മുഖ്യപ്രതിയാക്കാന്‍ തീരുമാനിച്ചു പോലീസ്; അനന്തുകൃഷ്ണന്‍ ഫ്ളാറ്റില്‍ നിന്ന് കടത്തിക്കൊണ്ടുപോയ രേഖകളും കണ്ടെടുത്തതോടെ ലഭിച്ചത് സുപ്രധാന വിവരങ്ങള്‍; പണമിടപാട് ഡയറിയില്‍ പേരുള്ളവരില്‍ നിന്നും മൊഴിയെടുക്കും
പകുതിവില തട്ടിപ്പില്‍ ആനന്ദകുമാറിനും നിര്‍ണായക പങ്ക്
കൊച്ചി: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അനന്തുകൃഷ്ണന്‍ മാത്രമല്ല മുഖ്യപ്രതിയെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. തുടക്കത്തില്‍ തന്നെ സംശയത്തിലുള്ള സായ് ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍.ആനന്ദകുമാറും കേസില്‍ മുഖ്യപ്രതിയാകുന്ന അവസ്ഥയിലാണ് അന്വേഷണം പുരോഗതി. ആനന്ദകുമാറിന്റെ പങ്കിലേക്ക് വെളിച്ചം വീശുന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആനന്ദകുമാറിനെയും മുഖ്യപ്രതിയാക്കാന്‍ പോലീസ് തീരുമാനിച്ചത്. ഇയാള്‍ക്ക് പുറമേ നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ ഡയറക്ടര്‍മാരെയും കേസില്‍ പ്രതിചേര്‍ക്കും. നേരത്തെ സ്‌കൂട്ടര്‍ തട്ടിപ്പില്‍ കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാംപ്രതിയായിരുന്നു ആനന്ദകുമാര്‍. സ്‌കൂട്ടര്‍ തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ അനന്തുകൃഷ്ണനെ സ്‌കൂട്ടര്‍ വിതരണത്തിനായി ചുമതലപ്പെടുത്തിയത് എന്‍.ജി.ഒ. കോണ്‍ഫെഡറേഷനാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്റെ ബൈലോയും മറ്റുരേഖകളും പോലീസ് കണ്ടെടുത്തു. ഇതില്‍നിന്നാണ് അനന്തുവിനെ സ്‌കൂട്ടര്‍ വിതരണത്തിന് ചുമതലപ്പെടുത്തിയതിന്റെ വിശദാംശങ്ങളും ലഭിച്ചത്. അതിനിടെ, അനന്തുകൃഷ്ണന്റെ പണമിടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനായി ഇയാളുടെ അക്കൗണ്ടന്റുമാരെ വിളിച്ചുവരുത്തി പോലീസ് മൊഴിയെടുക്കുന്നുണ്ട്. രാഷ്ട്രീയനേതാക്കള്‍ക്കടക്കം താന്‍ പണം കൈമാറിയതായി കഴിഞ്ഞദിവസം അനന്തു മൊഴി നല്‍കിയിരുന്നു. പലര്‍ക്കും ബിനാമികള്‍ വഴിയാണ് പണം നല്‍കിയതെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ചും പോലീസിന്റെ അന്വേഷണം നടക്കുകയാണ്.
അനന്തുവിന്റെ കൊച്ചിയിലെ അശോക ഫ്ളാറ്റില്‍നിന്ന് കടത്തിക്കൊണ്ടുപോയ രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. എറണാകുളത്തെ ഒരു വില്ലയില്‍നിന്നും ഇവരുടെ ഓഫീസില്‍നിന്നുമാണ് ഈ രേഖകള്‍ കണ്ടെടുത്തത്. അനന്തുവിന്റെ വാട്സാപ്പ് ചാറ്റുകളും വിശദമായി പരിശോധിച്ചുവരികയാണ്.
അനന്തു കൃഷ്ണന്റെ പണമിടപാട് വിവരങ്ങള്‍ രേഖപ്പെടുത്തിയ രണ്ട് ഡയറികള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മൂവാറ്റുപുഴ പായിപ്രയിലെ ഓഫീസില്‍ ഡയറികള്‍ കണ്ടെത്തിയത്. പണം നല്‍കിയവരുടെ വിശദാംശങ്ങള്‍ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളാണ് പണം പറ്റിയവരില്‍ പെടും. അനന്തു കൃഷ്ണന്‍ വാങ്ങിയ ഭൂമിയുടെ ആധാരങ്ങള്‍ കസ്റ്റഡിയിലെടുത്ത് ക്രയവിക്രയ സാധ്യത മരവിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. മൂവാറ്റുപുഴയിലെ ഓഫീസിലും, വീട്ടിലുമായാണ് ആധാരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് എന്നാണ് അനന്തു കൃഷ്ണന്റെ മൊഴി. വിവരങ്ങള്‍ അറിഞ്ഞ സ്ഥിതിക്ക് അതിനുള്ള നടപടക്രമങ്ങള്‍ ആരംഭിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.
പകുതി വില തട്ടിപ്പ് ഇന്നലെ 6കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് 40000ത്തോളം പേരില്‍ നിന്ന് പണം വാങ്ങിയെന്നും പതിനെട്ടായിരം പേര്‍ക്ക് സ്‌കൂട്ടര്‍ വിതരണം ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് പണം പിരിക്കാന്‍ നിന്ന ജീവനക്കാര്‍ക്ക് താമസിക്കാന്‍ ഫ്‌ലാറ്റുകള്‍ ഉള്‍പ്പെടെ വാടകയ്ക്ക് എടുത്ത് നല്‍കിയിരുന്നു. കൂടാതെ ഇവര്‍ക്ക് സൗജന്യ താമസവും ഒരുക്കി നല്‍കിയതായും പൊലീസ് കണ്ടെത്തി. ഗൃഹോപകരണങ്ങള്‍ പകുതി വിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞ് 95000ത്തോളം പേരില്‍ നിന്നും പണം വാങ്ങിയെന്നും, ഇടുക്കി ജില്ലയില്‍ ബിനാമി പേരുകളിലും സ്ഥലം വാങ്ങിയതായും കണ്ടെത്തിയെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം കാസര്‍ഗോഡും പകുതി വിലതട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്‌കൂട്ടര്‍, ലാപ്‌ടോപ്പ് എന്നിവ വാഗ്ദാനം ചെയ്ത് 30 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. കുംബഡാജെ പഞ്ചായത്തിലെ മൈത്രി വയനശാല സെക്രട്ടറി ഷരീഫാണ് പൊലീസില്‍ പരാതി നല്‍കിയത്. പകുതി വില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണനുമായി അന്വേഷണസംഘം ഇന്നും തെളിവെടുപ്പ് നടത്തും. കൊച്ചിയിലെ ഫ്‌ലാറ്റിലും ഓഫീസിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തുകയെന്നാണ് ലഭ്യമാകുന്ന വിവരം.