കോട്ടയം:ലൈംഗിക പീഡനത്തിനിരയായി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിതീഷ് മുരളീധരനെതിരെ പോലീസ് കേസെടുത്തു. കോട്ടയത്ത് അനന്തു അജി എന്ന യുവാവ് ലൈംഗിക പീഡനത്തെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് വെളിപ്പെടുത്തല്‍. അനന്തുവിന്റെ ഇന്‍സ്റ്റഗ്രാം വീഡിയോ മരണമൊഴിയായി രേഖപ്പെടുത്തിയാണ് തമ്പാനൂര്‍ പോലീസ് കേസെടുത്തത്. കേസ് പിന്നീട് പൊന്‍കുന്നം പോലീസിന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിഡിയോയുടെ അടിസ്ഥാനത്തില്‍ ഐപിസി 377 പ്രകാരം പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനു കേസെടുക്കാമെന്ന് അഡീ.പബ്ലിക് പ്രോസിക്യൂട്ടര്‍ മനു കല്ലമ്പള്ളി നിയമോപദേശം നല്‍കിയിരുന്നു. അതേസമയം ആത്മഹത്യാപ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

ദീര്‍ഘനാളായി താന്‍ ലൈംഗിക പീഡനത്തിന് ഇരയായിരുന്നെന്നും ഇതിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ നിതീഷ് മുരളീധരനാണെന്നും അനന്തു അജി എന്ന യുവാവ് മരണമൊഴിയായി പറയുന്ന വീഡിയോ പുറത്തുവന്നത് വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. നാലു വയസ്സു മുതല്‍ താന്‍ ഇത്തരം അതിക്രമങ്ങള്‍ നേരിട്ടെന്നും ആര്‍എസ്എസ് ക്യാമ്പുകളില്‍ നിന്നാണ് ദുരനുഭവങ്ങള്‍ ഏറെയും ഉണ്ടായതെന്നും അനന്തു വീഡിയോയില്‍ പറയുന്നു. ഇത് കടുത്ത വിഷാദരോഗത്തിലേക്ക് തന്നെ നയിച്ചെന്നും അമ്മയെയും സഹോദരിയെയും ഓര്‍ത്ത് മാത്രമാണ് ഇതുവരെ ഒന്നും ചെയ്യാതിരുന്നതെന്നും അനന്തുയുടെ വെളിപ്പെടുത്തലില്‍ പറയുന്നു.

ബുധനാഴ്ചയാണ് തമ്പാനൂരിലെ ഹോട്ടലില്‍ അനന്തുവിന്റെ മൃതദേഹം കണ്ടെത്തിയത്. അനന്തുവിന്റെ ആരോപണങ്ങള്‍ ഗുരുതരമാണെന്നും സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി രംഗത്തെത്തിയിരുന്നു. 'ശാഖയില്‍ നടന്ന അതിക്രമങ്ങള്‍ തനിക്കെതിരെ മാത്രമല്ല എന്ന അനന്തുവിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. ആര്‍എസ്എസ് നേതൃത്വം സംഭവത്തില്‍ ഉത്തരം പറയണം,' പ്രിയങ്ക ഗാന്ധി പറഞ്ഞു.

അതേസമയം, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെയായിരുന്നു അനന്തുവിന്റെ ജീവനൊടുക്കല്‍. മരണാനന്തര ചടങ്ങിന് ശേഷം പുറത്തുവരും രീതിയിലാണ് അനന്തു പോസ്റ്റുകള്‍ ഷെഡ്യൂള്‍ ചെയ്തിരുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും സംഘടനയ്ക്കും എതിരെ 15 പേജുകളിലായാണ് അനന്തുവിന്റെ ആരോപണങ്ങള്‍. പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമില്‍ അനന്തു ഷെഡ്യൂള്‍ ചെയ്ത വീഡിയോയും പുറത്ത് വന്നത്.