- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനന്തകൃഷ്ണനെതിരെ 2021-22 ല്‍ പെരുമ്പാവൂര്‍ സ്റ്റേഷനില്‍ ഒരു പരാതി ലഭിച്ചിരുന്നോയെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണം; ആ കേസ് ഒത്തുതീര്‍പ്പാക്കിയത് കേരള പൊലീസിലെ ഉന്നതന്; പങ്ക് പറ്റിയ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് അന്വേഷിക്കേണ്ടതില്ല എന്ന നിര്‍ദേശം ദുരൂഹം; പാതിവില തട്ടിപ്പില്‍ ഗുരുതര ആരോപണവുമായി വി മുരളീധരന്‍; ആ പോലീസുകാരന് അര്?
തിരുവനന്തപുരം: പാതിവില തട്ടിപ്പില്‍ പങ്ക് പറ്റിയ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് അന്വേഷിക്കേണ്ടതില്ല എന്ന നിര്‍ദേശം ദുരൂഹമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ തട്ടിപ്പില്‍ ക്രൈംബ്രാഞ്ചിന് ഇത്തരമൊരു നിര്‍ദേശം നല്‍കിയതില്‍ അട്ടിമറി സംശയിക്കുന്നു. ഭരണകക്ഷി നേതാക്കള്‍ പണം കൈപ്പറ്റിയിട്ടുണ്ട്. തട്ടിപ്പില്‍ പങ്ക് പറ്റിയ എല്ലാവര്‍ക്കുമെതിരെ അന്വേഷണം ഉണ്ടാകണമെന്നും വി.മുരളീധരന്‍ പറഞ്ഞു. ഗുരുതരമായ ആരോപണങ്ങളും മുരളീധരന്‍ ഉയര്‍ത്തുന്നുണ്ട്. പ്രതി അനന്തകൃഷ്ണനെതിരെ 2021-22 ല്‍ പെരുമ്പാവൂര്‍ സ്റ്റേഷനില്‍ ഒരു പരാതി ലഭിച്ചിരുന്നോയെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണം. ആ കേസ് ഒത്തുതീര്‍പ്പാക്കിയത് കേരള പൊലീസിലെ ഉന്നതനാണ് എന്ന വിവരം പുറത്തുവരുന്നുണ്ടെന്നും മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു. തട്ടിപ്പിന് ഇരയായവര്‍ക്ക് നീതി ലഭ്യമാക്കണമെന്നും വി.മുരളീധരന്‍ ആവശ്യപ്പെട്ടു. മുരളീധരന്റെ പ്രസ്താവയോടെ പാതിവില തട്ടിപ്പിന് പുതിയ മാനം വരികയാണ്. നിരവധി ബിജെപി നേതാക്കളടക്കം ഈ കേസില്‍ സംശയ നിഴലിലാണ്.
പാതിവിലയ്ക്ക് സ്‌കൂട്ടര്‍ ലഭിച്ചവരുമായി പ്രചാരണയാത്ര നടത്താന്‍ സായ്ഗ്രാമം ഗ്ലോബല്‍ ട്രസറ്റ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ എന്‍ ആനന്ദകുമാര്‍ പദ്ധതിയിട്ടെന്ന് കണ്ടെത്തല്‍. എന്‍ ജി ഒ കോണ്‍ഫെഡറേഷന്‍ വഴി പ്രചാരണയാത്ര സംഘടിപ്പിക്കാനായിരുന്നു തീരുമാനം. ഇതിനായി കോണ്‍ഫെഡറേഷനിലെ സംഘടനകള്‍ക്ക് പാതിവില തട്ടിപ്പുകേസുകളിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്‍ കത്ത് നല്‍കിയിരുന്നു. ഈ കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനായി 44 നദികളിലും നദിയാത്ര നടത്താന്‍ ആനന്ദകുമാര്‍ പദ്ധതിയിട്ടിരുന്നത്. ഈ നദിയാത്രയുടെ വിളംബരത്തിന്റെ ഭാഗമായി 14 ജില്ലകളിലും ഇരുചക്രവാഹന റാലി സംഘടിപ്പിക്കാനായിരുന്നു അനന്തു കൃഷ്ണന്‍ ഒപ്പിട്ട സര്‍ക്കുലറിലെ നിര്‍ദേശം.നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ലെറ്റര്‍ പാഡില്‍, പ്രോജക്ട് ഇംപ്ലിമെന്റിങ് ഏജന്‍സികള്‍ക്കുള്ള സര്‍ക്കുലര്‍ എന്ന പേരിലാണ് നിര്‍ദേശം നല്‍കിയത്. 50% സാമ്പത്തിക സഹായത്തോടെ ഇരുചക്രവാഹനങ്ങള്‍ കൈപ്പറ്റിയ വനിതകള്‍ നിര്‍ബന്ധമായും യാത്രയില്‍ പങ്കെടുക്കാനുള്ള ക്രമീകരണം നടത്തണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. മിനിമം അഞ്ചുകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റാലിയാണ് സംഘടിപ്പിക്കേണ്ടതെന്നും നിര്‍ദേശത്തിലുണ്ട്.
സംസ്ഥാനത്തെ 1,800-ല്‍ അധികം സന്നദ്ധസംഘടനകളെ ചേര്‍ത്തായിരുന്നു നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ രൂപവത്കരിച്ചത്. 18,000-ഓളം പേര്‍ക്ക് സ്‌കൂട്ടര്‍ ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇത്രയും പേരെ നദിയാത്രയുടെ പ്രചാരണത്തിനായി ഉപയോഗിക്കാനായിരുന്നു നീക്കം. എന്നാല്‍, യാത്ര യാഥാര്‍ഥ്യമായില്ല. അനന്തു കൃഷ്ണനുമായി തെറ്റിപ്പിരിഞ്ഞതിനെത്തുടര്‍ന്ന് ആനന്ദ കുമാര്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. കേസില്‍ സാമൂഹ്യ പ്രവര്‍ത്തക ബീന സെബാസ്റ്റ്യന്റെ പങ്കിനെക്കുറിച്ചും സമഗ്രാന്വേഷണത്തിന് ക്രൈംബ്രാഞ്ച് പദ്ധതിയിടുന്നുണ്ട്. കേസിലെ ഒന്നാം പ്രതി അനന്തുകൃഷ്ണന്‍ രൂപീകരിച്ച എന്‍ജിഒ കോണ്‍ഫെഡറേഷന്റെ അധ്യക്ഷയായ ബീനയ്ക്ക് തട്ടിപ്പിനെ കുറിച്ച് നേരത്തെ തന്നെ സൂചന കിട്ടിയിരുന്നെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അതേസമയം സാമ്പത്തിക ഇടപാടുകളുമായി ഒരു ബന്ധവും ഇല്ലെന്ന് ബീന സെബാസ്റ്റ്യന്‍ പ്രതികരിച്ചു. മധ്യകേരളത്തിലും മലബാറിലും ഉടനീളം അനന്തുകൃഷ്ണന്‍ സംഘടിപ്പിച്ച പാതിവില സാമഗ്രി വിതരണ പരിപാടികളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു കോണ്‍ഫെഡറേഷന്റെ ചെയര്‍പേഴ്സന്‍ കൂടിയായ ബീന. കണ്ണൂര്‍ ടൗണ്‍ പോലീസ് എടുത്ത കേസില്‍ ബീന സെബാസ്റ്റ്യന്‍ മൂന്നാം പ്രതിയാണ്. എന്‍ജിഒ കോണ്‍ഫെഡറേഷനിലെ ബീനയുടെ സജീവ സാന്നിധ്യമാണ് പ്രതി ചേര്‍ക്കാന്‍ കാരണം.
അതേസമയം തട്ടിപ്പില്‍ ബീനയ്ക്കു പങ്കുണ്ടോ എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.അനന്തു കൃഷ്ണന്‍ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയിരുന്നില്ലെന്നും എല്ലാം അനന്തു ഒറ്റയ്ക്കാണ് കൈകാര്യം ചെയ്തിരുന്നതെന്നുമാണ് ബീന സെബാസ്റ്റ്യന്റെ വിശദീകരണം. അനന്തുവിന്റെ ബേങ്ക് അക്കൗണ്ടുകള്‍ മൂവാറ്റുപുഴ പോലീസ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍ അതിനു ശേഷവും അനന്തുകൃഷ്ണന്‍ സംഘടിപ്പിച്ച പരിപാടികളിലെല്ലാം ബീന സെബാസ്റ്റ്യന്‍ സജീവ സാന്നിധ്യമായിരുന്നു. ഇതിന്റെ തെളിവുകളും അന്വേഷണ സംഘത്തിനു മുന്നിലുണ്ട്. അനന്തുവിനു വേണ്ടി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അടുത്ത് ബീന സെബാസ്റ്റ്യന്‍ ശുപാര്‍ശകളുമായി പോയിരുന്നതായും കേസിലെ മറ്റൊരു പ്രതിയും അനന്തുവിന്റെ നിയമോപദേശകയുമായ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റും ആരോപിച്ചിരുന്നു.
പാതിവില തട്ടിപ്പ് കേസില്‍ സംസ്ഥാനത്ത് ആകെ 600 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 350 എണ്ണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. അക്കൗണ്ടില്‍ പണം സ്വീകരിച്ച അനന്തു കൃഷ്ണനാണ് തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാ?ദിത്ത്വമെന്ന് ആനന്ദകുമാര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. മുഴുവന്‍ സാമ്പത്തിക ഇടപാടുകളും നടത്തിയത് അനന്തുവിന്റെ അക്കൗണ്ടിലൂടെയാണ്. മറ്റ് ഡയറക്ടര്‍മാര്‍ക്കോ സായി ഗ്രാമിനോ തട്ടിപ്പിനെക്കുറിച്ച് അറിയില്ല. വന്‍തുക പിരിച്ച സമയത്ത് എന്‍ജിഒ കോണ്‍ഫെഡറേഷനില്‍ നിന്ന് രാജിവച്ചു. എന്നാല്‍ രാജിക്കത്ത് ആരും സ്വീകരിക്കാതെ തിരിച്ചുവന്നുവെന്നും ജാമ്യഹര്‍ജിയില്‍ ആനന്ദകുമാര്‍ പറയുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് എടുത്ത കേസില്‍ കണ്ണൂര്‍ എസ്പിയെ എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്. കണ്ണൂര്‍ സീഡ് സൊസൈറ്റി സെക്രട്ടറി പള്ളിക്കുന്ന് എടച്ചേരി മാനസം ഹൗസില്‍ എ മോഹനന്‍ നല്‍കിയ പരാതിയിലാണ് ആനന്ദകുമാര്‍ അടക്കം ഏഴ് പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തത്. കണ്ണൂര്‍ സീഡ് സൊസൈറ്റിയിലെ വനിതാ അംഗങ്ങള്‍ക്ക് സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതി നിരക്കില്‍ ഇരുചക്ര വാഹനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2.96 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ആനന്ദകുമാര്‍ കേസിലെ രണ്ടാം പ്രതിയാണ്. അനന്തുവാണ് ഒന്നാം പ്രതി. ഡോ ബീന സെബാസ്റ്റ്യന്‍, ഷീബ സുരേഷ്, കെപി സുമ, ഇന്ദിര, കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് എന്നിവരാണ് മറ്റു പ്രതികള്‍. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ കോടതി തീരുമാനം കേസില്‍ നിര്‍ണ്ണായകമാകും.