- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂട്ടര്‍ വാഗ്ദ്ധാനം ചെയ്ത് വാങ്ങിയ പണം തിരിച്ചു നല്‍കണമെങ്കില്‍ ഇനി 300 കോടി രൂപയെങ്കിലും പ്രതികള്‍ കണ്ടെത്തണം; നേതാക്കളും ഉന്നതരും പണം ചോദിക്കുന്നതിന്റെ ശബ്ദ സന്ദേശങ്ങളും രേഖകളും അനന്തു സൂക്ഷിച്ചുവെച്ചിട്ടുണ്ട്; ഐ ക്ലൗഡിന്റെ പാസ്വേഡ് പോലീസിന് കൈമാറി അനന്തു; കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് അന്വേഷണം; പാതിവില തട്ടിപ്പില്‍ ബീനാ സെബാസ്റ്റ്യനും തടിയൂരുന്നു
കൊച്ചി : സ്ത്രീകള്‍ക്ക് പകുതിവിലയ്ക്ക് ഇരുചക്രവാഹനം നല്‍കാമെന്ന് വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണന്‍ രൂപീകരിച്ച ഗ്രാസ് റൂട്ട് ഇംപാക്ട് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. കാക്കനാട് പ്രത്യേക സാമ്പത്തികമേഖലയിലാണ് ഫൗണ്ടേഷന്റെ ഓഫീസെന്നാണ് ഇന്ത്യന്‍ കമ്പനികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമില്‍ നല്‍കിയിരിക്കുന്നത്. ഇതിലെ വിവരങ്ങള്‍ പ്രകാരം അനന്തു കൃഷ്ണന്‍ കമ്പനിയുടെ മുന്‍ ഡയറക്ടറാണ്. 2024 മെയ് രണ്ടുമുതല്‍ ജൂലൈ 25 വരെയാണ് ഡയറക്ടറായിരുന്നത്. നിലവില്‍ രാധാകൃഷ്ണന്‍ ചൂരക്കുളങ്ങരയാണ് ഡയറക്ടര്‍. അഖില്‍ ബാബു അഡീഷണല്‍ ഡയറക്ടറും.
കമ്പനിയെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മൂവാറ്റുപുഴ പൊലീസ് പ്രാഥമികാന്വേഷണം നടത്തിയിരുന്നു. അനന്തു കൃഷ്ണന്‍ തട്ടിപ്പിലൂടെ സമ്പാദിച്ച പണം കമ്പനിയുടെ അക്കൗണ്ടുകളില്‍ എത്തിയിട്ടുണ്ടോയെന്ന് കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് അന്വേഷിക്കും. പൊന്നുരുന്നിയിലുള്ള എന്‍ജിയോസ് കോണ്‍ഫെഡറേഷന്‍ പ്രോജക്ട് ഓഫീസ്, കടവന്ത്രയിലെ സോഷ്യല്‍ ബീ വെന്‍ച്വേഴ്സ്, കളമശേരിയിലെ പ്രൊഫഷണല്‍ സര്‍വീസ് ഇന്നൊവേഷന്‍ എന്നിവിടങ്ങളിലെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. അനന്തു കൃഷ്ണന്റെ ഒരുദിവസത്തെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍തന്നെ നൂറ് പേജിലധികം നീളുന്നവയാണ്. കേസന്വേഷിച്ച ആദ്യത്തെ പ്രത്യേക അന്വേഷകസംഘത്തിന്റേതാണ് കണ്ടെത്തല്‍. പല പ്രമുഖ സ്ഥാപനങ്ങള്‍ക്കും ഇയാള്‍ ലക്ഷങ്ങള്‍ നല്‍കിയതായും കണ്ടെത്തിയിരുന്നു. സ്‌കൂട്ടര്‍ വാഗ്ദ്ധാനം ചെയ്ത് വാങ്ങിയ പണം തിരിച്ചു നല്‍കണമെങ്കില്‍ ഇനി 300 കോടി രൂപയെങ്കിലും പ്രതികള്‍ കണ്ടെത്തണം. രണ്ട് കോടിയിലേറെ രൂപ കിട്ടാനുണ്ടെന്ന് ഇലക്ട്രിക് സ്‌കൂട്ടര്‍ വിതരണക്കമ്പനികളും പറയുന്നു. നേതാക്കള്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ പണം ചോദിക്കുന്നതിന്റെ ശബ്ദസന്ദേശങ്ങളും രേഖകളും അനന്തു സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇതെല്ലാമുള്ള ഐ ക്ലൗഡിന്റെ പാസ്വേഡ് അനന്തു പോലീസിന് കൈമാറിയിട്ടുണ്ട്.
ഓഫര്‍ തട്ടിപ്പില്‍ പ്രതി അനന്തു കൃഷ്ണന്റെ സ്ഥാപനത്തില്‍ നിന്ന് പണമിടപാട് നടത്തിയതിന്റെ രേഖകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്. സോഷ്യല്‍ ബി വെന്‍ചേസ് എന്ന സ്ഥാപനത്തിലാണ് പരിശോധന നടത്തിയത്. വിമന്‍സ് ഓണ്‍ വീല്‍ എന്ന പദ്ധതിയുടെ ആസൂത്രണം നടന്നത് ഇവിടെയാണെന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ടോമി സെബാസ്റ്റ്യന്‍ പറഞ്ഞു. പാതിവില തട്ടിപ്പ് കേസിലെ അന്വേഷണം ദിവസങ്ങള്‍ക്ക് മുന്‍പാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. കേസന്വേഷണത്തിനായി പ്രത്യേക സംഘം രൂപവത്കരിക്കാന്‍ ക്രൈം ബ്രാഞ്ച് എഡിജിപിയ്ക്ക് ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്ത 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. പോലീസ് സ്റ്റേഷനുകളില്‍ ആദ്യം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് ഇവ. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ചുകൊണ്ടിരിക്കുന്ന മറ്റു പരാതികളും ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം.
അതിനിടെ പാലക്കാട് ജില്ലയില്‍ ഇന്നലെ 30 കേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്തു. ഇതോടെ കേസുകളുടെ എണ്ണം 111 ആയി. വടക്കഞ്ചേരി, നെന്മാറ, ചിറ്റൂര്‍, കോങ്ങാട്, മീനാക്ഷിപുരം സ്റ്റേഷനുകളിലാണു കേസ് റജിസ്റ്റര്‍ ചെയ്തത്. ഇന്നലെ 117 പരാതികള്‍ കൂടി ലഭിച്ചു. പരാതികളുടെ എണ്ണം 600 കടന്നു. കേസ് എടുത്ത സംഭവങ്ങളില്‍ പരാതിക്കാരില്‍ നിന്നു പ്രത്യേക അന്വേഷണ സംഘം മൊഴി എടുത്തു. സന്നദ്ധ സംഘടനകള്‍ വഴിയാണു പലരും പണം നല്‍കിയിട്ടുള്ളത്. അതിനാല്‍ സംഘടനാ ഭാരവാഹികള്‍ക്കെതിരെയാണു കൂടുതല്‍ പേരും പരാതി നല്‍കിയിട്ടുള്ളത്. സംഘടനാ ഭാരവാഹികളെ പലരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി പൊലീസ് ചോദ്യം ചെയ്തു. നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ സംഘടനയുടെ ബാങ്ക് അക്കൗണ്ടിലേക്കാണു പണം അടച്ചതെന്നാണ് ഇവര്‍ നല്‍കിയ മൊഴി. ഇതിന്റെ തെളിവുകളും ഹാജരാക്കിയെന്നാണു വിവരം. കൂടുതല്‍ പരാതികളില്‍ കേസ് എടുത്തശേഷം അനന്തു കൃഷ്ണനെ കസ്റ്റഡിയില്‍ വാങ്ങാനാണു പൊലീസിന്റെ നീക്കം. അനന്തു കൃഷ്ണനെതിരെ പരാതി നല്‍കിയവരെല്ലാം സന്നദ്ധ സംഘടനാ ഭാരവാഹികളാണ്. സ്‌കൂട്ടര്‍, തയ്യല്‍ യന്ത്രം, ലാപ്‌ടോപ് എന്നിവ പകുതി വിലയ്ക്കു വാഗ്ദാനം ചെയ്താണു പണം പിരിച്ചത്. ഗൃഹോപകരണങ്ങള്‍ പകുതി വിലയ്ക്കു ലഭ്യമാക്കാനുള്ള പദ്ധതിയും വാട്‌സാപ് സന്ദേശം വഴി അനന്തു കൃഷ്ണന്‍ അറിയിച്ചതായും പരാതിക്കാര്‍ പറഞ്ഞു. ഇതിനുള്ള പണം പിരിക്കുന്നതിനു തൊട്ടു മുന്‍പായിരുന്നു അനന്തു കൃഷ്ണന്റെ അറസ്റ്റ്.
അതിനിടെ നിര്‍ണായക വെളിപ്പെടുത്തലുമായി എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ ട്രസ്റ്റി ബീന സെബാസ്റ്റ്യന്‍ രംഗത്തു വന്നു. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറും അനന്തുകൃഷ്ണനും തമ്മില്‍ കരാറുകളുണ്ടായിരുന്നെന്നും പദ്ധതികള്‍ രൂപീകരിച്ചതും നടപ്പിലാക്കിയതും ഇരുവരും ചേര്‍ന്നാണെന്നും ബീന സെബാസ്റ്റ്യന്‍ പറഞ്ഞു. കണക്കുകള്‍ പല തവണ ചോദിച്ചിട്ടും ഇരുവരും ബോര്‍ഡിന് കൈമാറിയില്ല. ആനന്ദകുമാര്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷനില്‍നിന്ന് വാട്സാപ്പിലൂടെയാണ് രാജി വെച്ചതെന്നും ബീന വ്യക്തമാക്കി. അനന്തുവിനെ പരിചയപ്പെടുന്നത് ആനന്ദകുമാര്‍ വഴിയാണെന്നും ബീന പറയുന്നു. പദ്ധതിയുടെ നടത്തിപ്പ് ബള്‍ക്ക് പര്‍ച്ചേസിലെ ഡിസ്‌കൗണ്ട് വഴിയാണെന്നായിരുന്നു ഇരുവരും ബീന ഉള്‍പ്പെടെയുള്ള ട്രസ്റ്റികളോട് പറഞ്ഞിരുന്നത്. 'കമ്പനികളില്‍ നിന്ന് ബള്‍ക്ക് പര്‍ച്ചേസ് വരുമ്പോള്‍ ഒരു മാര്‍ജിന്‍ ഡിസ്‌കൗണ്ട് കിട്ടും. ഡീലര്‍മാര്‍ അവരുടെ കമ്മീഷന്റെ ഒരു ശതമാനം കുറച്ചിട്ടുണ്ടെന്നും അനന്തു പറഞ്ഞു. ബള്‍ക്ക് പര്‍ച്ചേസിന്റെ ഡിസ്‌കൗണ്ടും കമ്മീഷനിലെ ഇളവും കഴിഞ്ഞാലും പാതിവിലയ്ക്ക് സ്‌കൂട്ടര്‍ കൊടുക്കാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഇക്കാര്യം പലതവണ അനന്തുവിനോട് ചോദിച്ചതാണ്. ഈ സംശയത്തിന് അനന്തു ഒരിക്കലും മറുപടി തന്നിരുന്നില്ല.
സ്‌കൂട്ടര്‍ വിതരണം നിലച്ചപ്പോള്‍ അക്കാര്യവും അനന്തുവിനോട് ചോദിച്ചു. അക്കൗണ്ട് ഫ്രീസായിപ്പോയി എന്നായിരുന്നു മറുപടി. ഇത് ഇങ്ങനെ മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റില്ലെന്നും എത്രയും വേഗം കൊടുത്തു തീര്‍ക്കണമെന്നും ഞങ്ങള്‍ അനന്തുവിനോട് പറഞ്ഞു. ആളുകള്‍ പരാതി ഉന്നയിച്ചപ്പോള്‍ ആനന്ദകുമാറിനെ വിവരം അറിയിച്ചു. തനിക്കറിയില്ലെന്നും അയാളൊന്നും തന്നില്ലെന്നുമുള്ള മട്ടിലാണ് ആനന്ദകുമാര്‍ മറുപടി പറഞ്ഞത്. എന്നാല്‍ ആ സമയത്തും അനന്തു പണപ്പിരിവ് തുടര്‍ന്നിരുന്നു. വിഷയം ഗുരുതരമാകുമെന്ന് കണ്ടതോടെ ആനന്ദകുമാര്‍ രാജിവെച്ചു. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇതില്‍ നിന്ന് മാറുകയാണെന്നും അറിയിച്ചു. പക്ഷേ ഞങ്ങള്‍ അത് അംഗീകരിച്ചിട്ടില്ല. സംശയം ഉയര്‍ന്നപ്പോള്‍ കണക്ക് പലപ്പോഴും ചോദിച്ചിരുന്നു. അതിനൊന്നും ഉത്തരമില്ലായിരുന്നു.'-ബീന വ്യക്തമാക്കുന്നു.